ADVERTISEMENT

ഇരിക്കുന്ന കൊമ്പു മുറിക്കരുത് എന്ന പഴഞ്ചൊല്ല് മരച്ചുവട്ടിൽ മാത്രമല്ല, മാർക്കറ്റിലും സുലഭമായി കേൾക്കുന്നതാണ്. സ്വന്തം ജീവൻ അപായപ്പെടുത്തുന്ന ഓരോന്നു ചെയ്തു കൂട്ടരുത് എന്ന അർഥത്തിലാണ് ഇത് സാധാരണ പ്രയോഗിക്കുക. എന്നാൽ, ഈ പഴമൊഴി ആ അർഥത്തിൽ കാണരുത് എന്നതാണ് പുതിയകാല കച്ചവട തന്ത്രം പറയുന്നത്. ഇരിക്കുന്ന കൊമ്പിൽ സുരക്ഷിതരായി ഇരിക്കാതെ ആ കൊമ്പു മുറിക്കുന്നവർക്ക് മാർക്കറ്റിൽ അതുക്കും മേലെയുള്ള സാധ്യതകളുണ്ടത്രെ.

അരകല്ലും ആട്ടുകല്ലും വിറ്റിരുന്നവർ അതുമാത്രമേ ഇക്കാലത്തും വിൽക്കൂ എന്നു വാശിപിടിച്ചാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും? അരകല്ലിൽ നിന്ന് മിക്‌സിയിലേക്കും ആട്ടുകല്ലിൽ നിന്ന് ഗ്രൈൻഡറിലേക്കും ഉപ്പും മുളകുമിട്ട സംഭാരത്തിൽ നിന്നു രസമുള്ള രസ്നയിലേക്കുമുള്ള മാറ്റം കാണാതെ പോകുന്ന കച്ചവടക്കാരന് എങ്ങനെയാണ് ഈ ബ്രാൻഡ് മേളത്തിന്റെ കാലത്ത് തന്റെ കടയിലേക്ക് ആളുകളെ ആകർഷിക്കാനാകുക. ഇനി പഴയ കച്ചവടത്തിൽ തന്നെ കല്ലുപോലെ ഉറച്ചു നില്‍ക്കും എന്നു വാശിയാണെങ്കിൽ അതേ കല്ലുകൊണ്ട് പുതിയ രൂപങ്ങൾ സൃഷ്ടിച്ച്, കല്ലിൽ കവിത വിരിയിക്കാനുള്ള പരിശ്രമമെങ്കിലും നടത്തുക തന്നെവേണം. ഒരേ കല്ലിൽ പലതവണ തട്ടി വീഴുന്നവന്റെയല്ല, വീണിടത്തുനിന്ന് എഴുന്നേറ്റവന്റെ ജീവിതവിജയങ്ങളാണ് വിപണിയിൽ ട്രെൻഡാകുന്നത്.

അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പു മുറിക്കണം എന്ന രീതിശാസ്ത്രം വിപണിയുടെ പുതിയ നീതിശാസ്ത്രമാകുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കാത്തവൻ അവിടിരുന്നു വേരുപിടിക്കുകയേയുള്ളൂ. മണ്ണറിഞ്ഞു വിത്തിടാത്തവരും മരമറിഞ്ഞു വളമിടാത്തവരും മണ്ടന്മാരാണ് എന്നു പറയുന്നത് വെറുതെയല്ല. കണ്ണുണ്ടായിട്ടും കാണാതെ, ചെവിയുണ്ടായിട്ടും കേൾക്കാതെ, ബുദ്ധിയുണ്ടായിട്ടും ചിന്തിക്കാതെ കല്ലിനു കാറ്റുപിടിച്ചതുപോലെ ഇരുന്നാൽ മാറ്റത്തിനു ചൂട്ടു പിടിക്കുന്നവർ ബഹുദൂരം മുന്നിലെത്തും. പോയ ബുദ്ധി ആനപിടിച്ചാലും കിട്ടില്ല എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.

കണ്ണിൽ പൊടി പോയാല്‍ ചെവിയില്‍ ഊതണോ?

മുല്ലാ നസ്‌റുദ്ദീൻ കഷ്ടപ്പെട്ട് നിരത്തിൽ എന്തോ തിരയുന്നതു കണ്ട് ഒരാൾ ചോദിച്ചു, ‘മുല്ലാ, എന്താണ് നഷ്ടപ്പെട്ടത്?’ മുല്ല പറഞ്ഞു, ‘എന്റെ താക്കോല്‍ വീണുപോയി.’ അവിടെയൊക്കെ തിരഞ്ഞിട്ടും താക്കോൽ കിട്ടാതായതോടെ സഹായത്തിനു വന്നയാൾ ചോദിച്ചു, ‘കൃത്യമായും ഇവിടെയാണോ അത് വീണുപോയത്?’

മുല്ല ‘താക്കോല്‍ വീണത് വീടിനകത്താണ്’

‘പിന്നെ ഇവിടെത്തിരയുന്നത് എന്തിനാണ്’

മുല്ല, ‘അതോ, വീടിനേക്കാൾ വെളിച്ചം ഇവിടെയുണ്ട്.’

വേണ്ടിടത്തു തിരയാതെ വെളിച്ചമുള്ളിടത്തു തിരയുകയെന്നത് ഇരിക്കുന്ന കൊമ്പു മുറിക്കാത്തവരുടെ ലക്ഷണമാണ്. റിസ്‌ക് എടുക്കാൻ തയാറാകാത്തവർ മുൻപിൽ കിടക്കുന്ന മുതലയെ പേടിച്ചു പിറകിൽ കിടന്ന കടുവയുടെ വായിൽ ചെന്നു ചാടുകതന്നെ ചെയ്യും. ചുരുക്കത്തിൽ സംഗതി ഇത്രയേയുള്ളൂ–ചന്തയറിഞ്ഞു ചിന്തിക്കണം, അത്രതന്നെ. അപ്പോൾ മറക്കണ്ട. സ്മൈല്‍സ് ടു ഗോ ബിഫോർ യു ലീപ്പ്

സെപ്റ്റംബർ ലക്കം സമ്പാദ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്English Summary:

Take Risk to Grow in Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com