റിസ്ക് വെയ്റ്റേജ് കടുപ്പിക്കൽ: ഈടില്ലാ വായ്പകളുടെ വൻ വർധനയെത്തുടർന്ന്

Mail This Article
ന്യൂഡൽഹി∙ രാജ്യമാകെ, ഈടില്ലാത്ത വ്യക്തിഗത വായ്പകളിലുണ്ടായത് 23% വർധന, ക്രെഡിറ്റ് കാർഡ് വായ്പകളിൽ 30ശതമാനവും– മൂലധന പര്യാപ്തത (റിസ്ക് വെയ്റ്റേജ്) വ്യവസ്ഥ റിസർവ് ബാങ്ക് കടുപ്പിക്കുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നു. ക്രെഡിറ്റ് കാർഡ് വായ്പകൾ മാത്രം ആകെ 2.17 ലക്ഷം കോടിയോളം രൂപയാണ്. ഈടില്ലാത്ത വ്യക്തിഗത വായ്പകൾ ആകെ 12 ലക്ഷം കോടിയിലേറെ വരും. മൊത്തത്തിലുള്ള വായ്പാ വളർച്ച 12–14% വരെയായിരിക്കുമ്പോഴാണ് വ്യക്തിഗത വായ്പകൾ 23% വളർച്ച രേഖപ്പെടുത്തിയത്.
ക്രെഡിറ്റ് കാർഡ് വായ്പകളുടെ വളർച്ച കഴിഞ്ഞ വർഷം 26.8 ശതമാനമായിരുന്നതാണ് ഇത്തവണ 30 ശതമാനമായത്.
ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയുണ്ടാകുമ്പോൾ ബാങ്കുകൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നത് ഈടില്ലാത്ത ഇത്തരം വായ്പകളാണ്.
ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത മൂലധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ. ഇത്തരം വായ്പകളുടെ ലഭ്യത കുറയ്ക്കുന്നതിനായി അവയുടെ മൂലധന പര്യാപ്തതാ തോത് വർധിപ്പിക്കുകയാണ് ആർബിഐ കഴിഞ്ഞ ദിവസം ചെയ്തത്. സാമ്പത്തിക സുസ്ഥിരതയ്ക്ക് ഈടുള്ള വായ്പകളും ഈടില്ലാത്ത വായ്പകളും തമ്മിൽ ആരോഗ്യകരമായ അനുപാതം ആവശ്യമാണ്.
വ്യക്തിഗത വായ്പകളിലും ക്രെഡിറ്റ് കാർഡ് വായ്പകളിലും നിയന്ത്രണമേണേർപ്പെടുത്താനുള്ള തീരുമാനം ബാങ്കിങ്, എൻബിഎഫ്സി ഓഹരികളെ ബാധിച്ചു. ഇന്നലെ ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
റിസ്ക് വെയ്റ്റേജ് കൂട്ടൽ എങ്ങനെ പ്രതിഫലിക്കും?
റിസർവ് ബാങ്ക് തീരുമാനം ബാങ്കുകളെ എങ്ങനെ ബാധിക്കുമെന്നു നോക്കാം. ഉദാഹരണത്തിന് 100 രൂപ ഈടില്ലാ വ്യക്തിഗത വായ്പ കൊടുക്കുന്ന ബാങ്കിന് ബേസൽ നിയമപ്രകാരം 9 രൂപ മൂലധനപര്യാപ്തത വേണമായിരുന്നു. റിസർവ് ബാങ്കിന്റെ പുതിയ തീരുമാനപ്രകാരം ഇത് 11.25 രൂപയായി ഉയരും. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ കാര്യത്തിലും ക്രെഡിറ്റ് കാർഡ് കമ്പനികളുടെ കാര്യത്തിലും ഇതേ അനുപാതത്തിൽ മൂലധന പര്യാപ്‌തത കൂട്ടേണ്ടി വരും.
നിലവിലെ കണക്കുകൾ പ്രകാരം ഈടില്ലാ വായ്പകൾ ബാങ്കുകളുടെ ആകെ വായ്പയുടെ 10–15 ശതമാനമാണ്.അതിനാൽ ബാങ്കുകൾക്ക് വായ്പകളിൽ ആകെ വർധിപ്പിക്കേണ്ട വരുന്ന മൂലധന പര്യാപ്തത 0.3% മുതൽ 0.55% വരെ ആയിരിക്കും. അതുകൊണ്ടുതന്നെ വായ്പാ പലിശകളിൽ താങ്ങാനാവാത്ത വർധനയുണ്ടാകുമെന്ന ആശങ്ക വേണ്ട. എന്നാൽ വായ്പ ലഭിക്കൽ മുൻപത്തെപ്പോലെ ലളിതമാകില്ല.