വിഴിഞ്ഞം: ഗ്യാരന്റി ബജറ്റിൽ ഇല്ലെങ്കിൽ ഗ്രാന്റ് 100 കോടി വേണം
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനു ഹഡ്കോയിൽനിന്ന് വായ്പയെടുക്കാനുള്ള ഗ്യാരന്റി ബജറ്റിൽ ഉൾപ്പെടുത്താൻ സർക്കാരിനു കഴിയില്ലെങ്കിൽ പലിശയടവിന് ഗ്രാന്റ് ആവശ്യപ്പെട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസിൽ). വായ്പയ്ക്കു ഹഡ്കോ മൊറട്ടോറിയം നൽകുന്ന രണ്ടുവർഷം പലിശയടയ്ക്കാൻ 100 കോടി രൂപ വീതം നൽകണമെന്നാണ് ആവശ്യം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ചർച്ചയിൽ ഈ ആവശ്യം വിസിൽ ആസൂത്രണ ബോർഡിനു മുൻപിൽ വച്ചു.
ബജറ്റ് ഗ്യാരന്റി ഇല്ലെങ്കിൽ മൊറട്ടോറിയം കാലയളവിൽ സർക്കാരിന്റെ ഗ്രാന്റ് ലഭ്യമാക്കിയാലും മതിയെന്നു ഹഡ്കോ സമ്മതിച്ചതോടെയാണ് സർക്കാരിനെ സമീപിച്ചത്. അടുത്ത ബജറ്റിൽ മാത്രമേ പരിഗണിക്കൂവെന്നതിനാൽ, ഈ വർഷം വായ്പ ലഭിക്കില്ല. അദാനി പോർട്സിനു കരാർ പ്രകാരമുള്ള തുക നൽകാൻ ഹഡ്കോയിൽനിന്ന് 3600 കോടി രൂപ 8.25% പലിശയ്ക്കു സർക്കാർ ഗ്യാരന്റിയോടെ വായ്പയെടുക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് അനുമതി നൽകിയത്. എന്നാൽ ഗ്യാരന്റിക്കു തുല്യമായ തുക ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ഹഡ്കോ വ്യവസ്ഥ വച്ചു. ഇതു കടമെടുപ്പു പരിധിയിൽ വരുമെന്നതിനാൽ ധനവകുപ്പ് എതിർത്തു. സ്വന്തമായി വരുമാനമില്ലാത്ത വിസിലിന് ഉറപ്പില്ലാതെ വായ്പ നൽകാനാകില്ലെന്ന് ഹഡ്കോയും നിലപാടെടുത്തു.
ആഴ്ചകൾക്കു മുൻപ് വിസിൽ അധികൃതർ നടത്തിയ ചർച്ചയിലാണ് ഹഡ്കോ നിലപാട് മയപ്പെടുത്തിയത്. ഈ വർഷം വായ്പ ലഭിക്കില്ലെന്ന് ഉറപ്പായതോടെ, അദാനി പോർട്സിനു നൽകേണ്ട പണം നൽകാൻ അവരോട് വിസിൽ സാവകാശം ചോദിക്കും. സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. ഹഡ്കോയിൽനിന്നു വായ്പ ലഭിക്കുമെന്ന ഉറപ്പിലാണ് കെഎഫ്സിയിൽനിന്ന് 537 കോടി രൂപ വിസിൽ ‘ബ്രിജ് വായ്പ’യായി എടുത്ത് തുറമുഖത്തിനും അനുബന്ധ ആവശ്യങ്ങൾക്കും ചെലവിട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കെഎഫ്സിയിലേക്കുള്ള തിരിച്ചടവ് വൈകും.