ഇൻപുട് ടാക്സ് ക്രെഡിറ്റ്: റിവേഴ്സലും റീക്ലെയിം സ്റ്റേറ്റ്മെന്റും
Mail This Article
ജിഎസ്ടി സർക്കുലർ 170/2022 അനുസരിച്ച് ജിഎസ്ടി നിയമത്തിലെ വകുപ്പ് 16, റൂൾ 37, 37 എ എന്നിവ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെടാത്തതിനാൽ റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് താൽക്കാലികമായി അനർഹമാകുന്ന ഇൻപുട് ടാക്സ്, ടേബിൾ 4 ബി(2) പ്രകാരം തിരിച്ചടയ്ക്കേണ്ടതാണ്. പിന്നീട് അർഹമാകുന്ന മുറയ്ക്ക് ഇത് തിരിച്ച് ക്ലെയിം ചെയ്യാൻ കഴിയും. ഇങ്ങനെ റീക്ലെയിം ചെയ്യുമ്പോൾ തുക ഒരേസമയം ടേബിൾ 4എയിലും 4ഡി (1) ലും കാണിക്കണം. 4 ബി(2) വഴി താൽക്കാലിക തിരിച്ചടവു നടത്തിയതും പിന്നീട് തിരിച്ച് എടുത്തതുമായ ഇൻപുട് ടാക്സ് വിവരങ്ങൾ തെറ്റുവരാതെ കൃത്യമായി രേഖപ്പെടുത്താൻ പുതുതായി കൊണ്ടുവന്ന ഓൺലൈൻ ലെഡ്ജർ സംവിധാനമാണ് ഇലക്ട്രോണിക് ക്രെഡിറ്റ് റിവേഴ്സൽ ആൻഡ് റീക്ലെയിംഡ് സ്റ്റേറ്റ്മെന്റ്.
ഇതു പുതിയ സംവിധാനമായതിനാൽ ലെഡ്ജറിന്റെ ഓപ്പണിങ് ബാലൻസ്, അതായത് താൽക്കാലിക റിവേഴ്സ് ചെയ്തതിൽ റീക്ലെയിം കഴിഞ്ഞു ബാക്കിയുള്ള ഇൻപുട് ടാക്സ്, നികുതിദായകർ സ്വയം കണക്കാക്കി രേഖപ്പെടുത്തണം. ഇത്തരത്തിൽ താൽക്കാലിക തിരിച്ചടവ് നടത്തുകയും 2023 ഓഗസ്റ്റ് മാസത്തെ റിട്ടേൺ വഴി പരമാവധി റീക്ലെയിം ചെയ്യാൻ ബാക്കിയുള്ളതുമായ തുക (ക്വാർട്ടേർലി ഫയൽ ചെയ്യുന്നവർക്ക് ജൂലൈ - സെപ്റ്റംബർ 2023 ക്വാർട്ടേർലി റിട്ടേൺ വഴി) എത്രയെന്നു കണക്കാക്കി ഈ ലെഡ്ജറിന്റെ ഓപ്പണിങ് ബാലൻസ് ആയി എൻട്രി ഇടണം. ജൂലൈ 2023ലെ റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞു (ക്വാർട്ടേർലി റിട്ടേൺ ആണെങ്കിൽ ഏപ്രിൽ - ജൂൺ 2023 ) ബാക്കിയുള്ള റീക്ലെയിം ചെയ്യാവുന്ന ഐടിസിയാണ് ഇതിൽ എൻട്രിയായി നൽകേണ്ടത്. ഇതു രേഖപ്പെടുത്തേണ്ട അവസാന തീയതി 2023 നവംബർ 30. ജൂലൈക്കു ശേഷമുള്ള റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടാൽ പോലും ജൂലൈ 2023ലെ റിട്ടേൺ ഫയൽ ചെയ്തതിനു ശേഷമുള്ള ബാലൻസാണ് എൻട്രിയായി നൽകേണ്ടത്. ഒരിക്കൽ എൻട്രി ചെയ്തത് പരമാവധി 3 തവണ പുതിയ എൻട്രിയായി നൽകാനാവും. 30നു ശേഷം 2023 ഡിസംബർ 31 വരെ എൻട്രിയിൽ തിരുത്തൽ വരുത്താം. പിന്നീട് 3ബി റിട്ടേൺ വഴി ഐടിസി റീക്ലെയിം ചെയ്യുമ്പോൾ അതിലെ 4 ഡി(2) ടേബിളിലെ എൻട്രിയും പുതിയ ലെഡ്ജറിന്റെ ക്ലോസിങ് ബാലൻസും കൂടി താരതമ്യം ചെയ്ത് ലെഡ്ജറിൽ ഉള്ളതിനെക്കാൾ കൂടുതൽ റീക്ലെയിം വരുന്നുണ്ടെങ്കിൽ മുന്നറിയിപ്പു നൽകും.