ഓഹരി വിപണിയിൽ ഐപിഒകളുടെ ആഴ്ച

Mail This Article
ഈ ആഴ്‌ച ഐപിഒകളുടേത്. 20 വർഷം മുൻപ് ടിസിഎസ് ഓഹരികളുടെ ആദ്യ പൊതു വിൽപന നടന്ന ശേഷം ടാറ്റ ഗ്രൂപ്പിൽനിന്ന് ഒരു സംരംഭം ആദ്യമായി ഐപിഒ വിപണിയിലെത്തുന്നു. 30 വർഷം മുൻപ് ഐപിഒ വിപണിയിലെത്തിയ ഫെഡറൽ ബാങ്ക് അതിന്റെ ഉപസ്‌ഥാപനത്തിന്റെ ഓഹരികൾ ആദ്യ പൊതു വിൽപനയ്‌ക്കു വയ്‌ക്കുന്നതും ഈ ആഴ്‌ച. കഴിഞ്ഞ വർഷം മേയിലെ എൽഐസിയുടെ മെഗാ ഐപിഒയ്‌ക്കു ശേഷം പൊതു മേഖലയിൽനിന്നുള്ള ഒരു സംരംഭവും മൂലധന സമാഹരണത്തിനു വിപണിയെ സമീപിക്കുന്നുണ്ട്.
പൊതു മേഖലയിലെ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) ഓഹരികളുടെ ആദ്യ പൊതു വിൽപന ആരംഭിക്കുന്നതു നാളെയാണ്. ടാറ്റ ഗ്രൂപ്പിലെ ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡ്, ഫെഡറൽ ബാങ്കിന്റെ എൻബിഎഫ്‌സി വിഭാഗമായി പ്രവർത്തിക്കുന്ന ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, പേനകൾക്കു പേരെടുത്ത ഫ്ലെയർ റൈറ്റിങ് ഇൻഡസ്‌ട്രീസ്, ഗാന്ധാർ ഓയിൽ റിഫൈനറി (ഇന്ത്യ) ലിമിറ്റഡ് എന്നിവയുടെ ഐപിഒ ആരംഭിക്കുന്നത് 22ന്. 5 കമ്പനികളും കൂടി മൂലധന വിപണിയിൽനിന്നു സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 7500 കോടിയോളം രൂപ.
ഐപിഒകൾ പ്രശ്‌നമാകാം; ബാങ്ക് ഓഹരികളും
ഇത്രയും വലിയ തുക പ്രാഥമിക വിപണിയിലേക്കു പ്രവഹിക്കുമെന്നിരിക്കെ ദ്വിതീയ വിപണിയിൽ സെൻസെക്‌സിന്റെയും നിഫ്‌റ്റിയുടെയും പ്രകടനം ഏതു തരത്തിലായിരിക്കുമെന്നു നിശ്‌ചയമില്ല. കഴിഞ്ഞ ആഴ്ച സെൻസെക്‌സ് അവസാനിച്ചത് 65,794.73 പോയിന്റിലാണ്; നിഫ്‌റ്റിയുടെ അവസാന നിരക്ക് 19,731.80 പോയിന്റ്. ഇരു സൂചികകളും 1.5% നേട്ടം കൈവരിച്ച ആഴ്‌ച. എന്നാൽ അവസാന ദിവസം ബാങ്കുകൾ ഉൾപ്പെടെ ധനസേവന രംഗത്തെ കമ്പനികളുടെ ഓഹരികൾക്കു നേരിട്ട ഇടിവു ചെറുതല്ലായിരുന്നു. വ്യക്‌തിഗത വായ്‌പ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഈടില്ലാത്ത ഉൽപന്നങ്ങളുടെ നഷ്‌ട സാധ്യതയ്‌ക്കു ബദലായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച കരുതൽ നടപടികളാണ് ഇടിവിനു കാരണമായത്. ബാങ്കുകൾ ഉൾപ്പെടെ ധനസേവന രംഗത്തെ കമ്പനികളുടെ ഓഹരികൾക്കു വിപണിയുടെ ഗതിനിർണയത്തിൽ ഗണ്യമായ സ്വാധീനമുള്ളതിനാൽ ഈ ആഴ്‌ചയിലും പ്രത്യാഘാതം തുടരാം. അതേസമയം, വിപണിയുടെ പൊതു വികാരം മുന്നേറ്റ പ്രതീക്ഷകളിൽ ഊന്നിയുള്ളതാണ്.
വിയന്നയിലെ യോഗം നിർണായകം
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില 4 ആഴ്‌ചയായി പടിയിറക്കത്തിലാണെന്നതും വിപണിക്കു പ്രതീക്ഷ നൽകുന്നുണ്ട്. നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണു വില ഇപ്പോൾ. 26 നു വിയന്നയിൽ എണ്ണ ഉൽപാദക രാഷ്‌ട്രങ്ങളുടെ യോഗം ചേരുന്നുണ്ട്. നയപരമായ തീരുമാനങ്ങളുണ്ടായേക്കാനുള്ള സാധ്യത വിപണി വിസ്‌മരിക്കുന്നില്ല.
നിഫ്‌റ്റി ലക്ഷ്യമിടുന്നത് 20,000 പോയിന്റ്
നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ നിഫ്‌റ്റിക്ക് 19,450 – 19,500 നിലവാരത്തിൽ സുഭദ്രമായ പിന്തുണയുണ്ടെന്നു കാണാം. ലക്ഷ്യമിടുന്നത് 20,000 പോയിന്റാകുമെങ്കിലും മുന്നേറ്റത്തിനു 19, 950 പോയിന്റിനപ്പുറത്തേക്കു കടക്കാൻ കരുത്തു കമ്മി. 20,000 കടന്നുകിട്ടിയാൽ വിപണി ഒന്നു കസറുമെന്നതും ഉറപ്പ്.
കൊച്ചിൻ ഷിപ്‌യാർഡും മണപ്പുറം ഫിനാൻസും
എട്ടു രൂപ നിരക്കിൽ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചിട്ടുള്ള കൊച്ചിൻ ഷിപ്‌യാർഡിന്റെ ഓഹരികൾ ഇന്ന് എക്‌സ് ഡേറ്റാകും. 10 രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടായി വിഭജിക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ ഇതിനുള്ള അവകാശ നിർണയ തീയതി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.
മണപ്പുറം ഫിനാൻസ് 0.85 രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരികൾ 24ന് എക്‌സ് ഡേറ്റാകും. വിവിധ ദിവസങ്ങളിൽ എക്‌സ് ഡേറ്റാകുന്ന മറ്റ് ഓഹരികൾ:
ഇന്ന്: അരബിന്ദോ ഫാർമ, മാസഗൺ ഡോക്. നാളെ: ഇഐഡി പാരി, ഗില്ലറ്റ് ഇന്ത്യ, ഒഎൻജിസി, കോൾ ഇന്ത്യ, സൺ ടിവി. 22ന്: നാഷനൽ അലുമിനിയം, ക്രിസിൽ, ഇപ്‌ക ലാബ്‌സ്, ഓയിൽ ഇന്ത്യ. 23ന്: പി ആൻഡ് ജി ഹെൽത്. 24ന്: നാറ്റ്‌കോ ഫാർമ, പവർ ഫിനാൻസ് കോർപറേഷൻ.