$ 4ലക്ഷം കോടി സമ്പദ്‍വ്യവസ്ഥ: ഒരു വർഷമെങ്കിലും കാത്തിരിക്കണം

Mail This Article
ന്യൂഡൽഹി∙ 4 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‍വ്യവസ്ഥയായി (ജിഡിപി) രാജ്യം മാറാൻ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നു വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 4 ട്രില്യൻ ഡോളർ കടന്നുവെന്ന് കഴിഞ്ഞ ദിവസം തെറ്റായ പ്രചാരണം നടന്നിരുന്നു. കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ജി.കിഷൻ റെഡ്ഡി, ഗജേന്ദ്ര സിങ് ഷെഖാവത്ത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, വ്യവസായി ഗൗതം അദാനി അടക്കമുള്ളവർ ഇത് സംബന്ധിച്ച പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെങ്കിലും വൈകിട്ടോടെ ധനമന്ത്രാലയവൃത്തങ്ങൾ തള്ളി.
ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം).
ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം രാജ്യത്തിന്റെ ജിഡിപി 272.41 ലക്ഷം കോടി രൂപയാണെന്നാണ് (3.3 ട്രില്യൻ ഡോളർ) കണക്കാക്കിയിരിക്കുന്നത്. ഇത് 2024 മാർച്ചിൽ 301.75 ലക്ഷം കോടി രൂപയാകുമെന്നാണ് ബജറ്റ് വിലയിരുത്തൽ. ഈ തുക ഡോളറിൽ കണക്കാക്കിയാൽ 3.65 ട്രില്യൻ.
ചുരുക്കത്തിൽ 2024 അവസാനമോ 2025ന്റെ തുടക്കത്തിലോ മാത്രമേ 4 ട്രില്യൻ ഡോളർ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്താൻ സാധ്യതയുള്ളൂ.
ഇക്കഴിഞ്ഞ ജൂൺ വരെയുള്ള ജിഡിപി കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതനുസരിച്ച് ഇന്ത്യൻ ജിഡിപി ഏകദേശം 3.38 ട്രില്യൻ ഡോളറാണ്. ഇപ്പോഴത് പരമാവധി 3.45 ട്രില്യനായി മാറിയിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ.
നടപ്പുസാമ്പത്തികവർഷത്തെ രണ്ടാംപാദ ജിഡിപി കണക്കുകൾ 31ന് കേന്ദ്രം പുറത്തുവിടുമ്പോൾ കൂടുതൽ വ്യക്തത ലഭിക്കും.
രണ്ടാം പാദത്തിൽ ഇന്ത്യ അതിശയകരമായ വളർച്ച നേടുമെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആഴ്ചകൾക്ക് മുൻപ് പറഞ്ഞിരിക്കുന്നത്.
2029ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്നാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ജിഡിപി മൂല്യത്തിൽ ഇന്ത്യ നിലവിൽ അഞ്ചാമതാണ്. യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങൾ.