ADVERTISEMENT

കൊച്ചി∙ തമിഴ്നാട്ടിൽ നിന്നു വർഷം കേരളത്തിലേക്ക് വരുന്നത് ഒന്നരലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങൾ! പക്ഷേ ഇവ കൊണ്ടുവന്നു വിതരണം ചെയ്യുന്ന ലോജിസ്റ്റിക് കമ്പനികൾ ഗോഡൗണുകൾ അടച്ചുപൂട്ടി കേരളം വിടുന്നു. തമിഴ്നാട്ടിലേക്കാണ് മാറ്റം.

ഇക്കൊല്ലം ജനുവരിയിൽ കൊച്ചി ഏലൂരിലെ വിആർഎൽ ലോജിസ്റ്റിക്സ് സിഐടിയു തൊഴിൽ സമരത്തെ തുടർന്ന് ഗോഡൗൺ പൂട്ടി കോയമ്പത്തൂരിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. പിന്നീട് അവർ അശോക് ലെയ്‌ലൻഡിന് ഒട്ടേറെ ലോറികൾക്കുള്ള ഓർഡർ കൊടുത്തതും സൂചനയായി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ ഉൽപന്നങ്ങൾ എത്തിക്കുന്നതിനാണിത്. ജിഎസ്ടി വന്നതോടെ എല്ലാം ‍‍ഡിജിറ്റലായി എവിടെ നിന്ന് ബില്ല് ചെയ്താലും നികുതി ഒരു പോലെ ആയതും സഹായകമായി.

അമിത ചെലവ്

കേരളത്തിൽ എന്തിനും തമിഴ്നാട്ടിലെക്കാൾ ഏറെ ചെലവാണ്. തൊഴിൽ കൂലി, ഗോഡൗൺ വാടക, വൈദ്യുതി, ഇന്ധനം, ലോഡിങ് അൺലോഡിങ് നിരക്കുകൾ... എല്ലാം കൂടുതൽ. കയറ്റിറക്കു കൂലി ടണ്ണിന് 140 രൂപയിൽ നിന്ന് 200 രൂപയാക്കണമെന്ന് ആവശ്യം വന്നപ്പോഴാണ് വിആർഎൽ കേരളം വിട്ടത്. ബോഷ്, ബജാജ് ഇലക്ട്രിക്കൽസ് തുടങ്ങി ഉപഭോക്തൃ ഉൽപന്ന കമ്പനികളും ഗോഡൗൺ പൂട്ടി.

ജസ്റ്റ് ഇൻ ടൈം

ഉൽപന്നങ്ങൾ വൻ തോതിൽ കൊണ്ടുവന്ന് ഗോഡൗണിൽ സൂക്ഷിച്ച് കുറേശെ വിതരണം ചെയ്തു വിൽക്കുന്നത് മിക്ക കമ്പനികളും നിർത്തി. സ്പെയർ പാർട്ടുകളും ഉപകരണങ്ങളും മറ്റും അപ്പോഴത്തെ ആവശ്യത്തിനു മാത്രം (ജസ്റ്റ് ഇൻടൈം) കൊണ്ടുവരികയാണ്. ഉൽപന്നം വെയർഹൗസിലേക്കു നിങ്ങുമ്പോൾ തന്നെ കേന്ദ്ര ജിഎസ്ടി കൊടുക്കണം. വിൽപനയ്ക്ക് വളരെ മുൻപേ ജിഎസ്ടി ചെലവ് വരുന്നത് എല്ലാവരും ഒഴിവാക്കുന്നു.

മാർജിൻ കുറഞ്ഞു

മത്സരം രൂക്ഷമായി എല്ലാ ഉൽപന്നങ്ങൾക്കും ലാഭ മാർജിൻ കുറഞ്ഞതോടെ ചെലവ് ചുരുക്കാതെ പിടിച്ചുനിൽക്കാൻ പറ്റാതായി. സ്വാഭാവികമായും ചെലവു ചുരുക്കലിന് തമിഴ്നാടാണ് ഭേദം. പെട്രോളിന് 6 രൂപയും ഡീസലിന് 3 രൂപയും കുറവ്. ചരക്ക് ലോറികൾ അവിടെ നിന്ന് ഫുൾ ടാങ്ക് അടിച്ചു വരുന്നു.

തമിഴ്നാട്ടിൽ ഓട്ടമേറ്റഡ് വെയർഹൗസ്

കേരളത്തിൽ ഇപ്പോഴും 5 മീറ്റർ മാത്രം ഉയരമുള്ള പഴഞ്ചൻ ഗോഡൗണുകളാണ്. കോയമ്പത്തൂരും ചെന്നൈയിലും മറ്റും മൾട്ടി ലവൽ സ്റ്റോറിങ് സൗകര്യമുണ്ട്. ലിഫ്റ്റിൽ കയറ്റി സാധനങ്ങൾ പല തട്ടുകളിൽ സൂക്ഷിക്കുന്നു. കൈകാര്യ ചെലവ് കുറയും

English Summary:

Logistics companies leaving Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com