സെക്‌ഷൻ 203 പ്രകാരമുള്ള ഫോം16എ ടിഡിഎസ് സർട്ടിഫിക്കറ്റ്
Mail This Article
സംസ്ഥാന ഗവൺമെന്റ് സർവീസിൽനിന്ന് വിരമിച്ച ആളാണ് ഞാൻ. പ്രായം 60 ൽ താഴെ. ബാങ്കിൽ കുറച്ച് സ്ഥിരനിക്ഷേപമുണ്ട്. ബാങ്ക് അതിന് ടിഡിഎസ് പിടിക്കുന്നുണ്ട്. പക്ഷേ സെക്‌ഷൻ 203 പ്രകാരമുള്ള ഫോം16എ ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല. എപ്പോഴാണ് ബാങ്ക് ഈ സർട്ടിഫിക്കറ്റ് എനിക്ക് നൽകേണ്ടത്. എവിടെ പരാതിപ്പെടണം?
–ജയകുമാർ, നെടുമങ്ങാട്.
പലിശ വരുമാനത്തിൽ നിന്ന് ടിഡിഎസ് കിഴിവ് നടത്തിയതിനെ സംബന്ധിച്ച ടിഡിഎസ് സർട്ടിഫിക്കറ്റ് (ഫോം 16A) താങ്കൾക്ക് നിയമപ്രകാരം ബാങ്ക് നൽകേണ്ടതുണ്ട്. മൂന്നുമാസം കൂടുമ്പോൾ ആണ് ബാങ്ക് ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഓരോ ക്വാർട്ടറിലെയും ടിഡിഎസ് കിഴിവിന്റെ വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ടിഡിഎസ് കിഴിക്കുന്നവർ ക്വാർട്ടർ അവസാനിച്ചു കഴിയുമ്പോൾ അവരുടെ ടിഡിഎസ് റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതിയിൽ നിന്ന് 15 ദിവസത്തിനുള്ളിൽ ടിഡിഎസ് സർട്ടിഫിക്കറ്റ് (ഫോം 16A) ഇഷ്യൂ ചെയ്യണം എന്നതാണ് നിയമം (റൂൾ 31). പലിശ വരുമാനത്തിൽ നിന്നുള്ള ടിഡിഎസ് കിഴിവ് സംബന്ധിച്ച വിവരങ്ങൾ താങ്കളുടെ ആദായനികുതി പോർട്ടലിൽ ലോഗിൻ ചെയ്തു ഫോം 26AS എന്ന റിപ്പോർട്ട് പരിശോധിച്ചാലും കാണാം. ടിഡിഎസ് സംബന്ധിച്ച പരാതികൾ ടിഡിഎസ് ഓഫിസർക്കാണ് നൽകേണ്ടത്. ടിഡിഎസ് കിഴിക്കുന്ന ആളുടെ TAN ( ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ) ഏതു ഓഫിസറുടെ അധികാരപരിധിയിലാണ് വരുന്നത് എന്ന് മനസ്സിലാക്കി ആ ഓഫിസർക്കാണ് പരാതി നൽകേണ്ടത്. Incometax. gov.in എന്ന വെബ്സൈറ്റിലെ 'Know TAN details' കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അധികാര പരിധി സംബന്ധിച്ച വിവരങ്ങൾ അറിയാം.
പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്,കൊച്ചി.
വായനക്കാരുടെ നികുതി സംബന്ധമായ ചോദ്യങ്ങൾ bpchn@mm.co.in എന്ന ഇ–മെയിലിൽ അയയ്ക്കാം.