3 ഇടനാഴി പദ്ധതികൾ, വികസനം ട്രെയിൻ പിടിച്ചു വരും; ബജറ്റിൽ പറഞ്ഞത്

Mail This Article
അടിസ്ഥാന സൗകര്യ വികസനത്തിന് നൽകുന്ന പ്രാധാന്യം അടിവരയിടുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. സാമ്പത്തിക വികസനത്തിൽ റെയിൽവേയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ച മന്ത്രി മൂന്ന് സാമ്പത്തിക റെയിൽവേ ഇടനാഴി പദ്ധതികൾ പ്രഖ്യാപിച്ചു. ഊർജ്ജം, ധാതുക്കൾ, സിമൻറ് എന്നിവയുടെ നീക്കത്തിനുള്ളതാണ് ആദ്യത്തേത്. തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തേത്. യാത്രക്കാരുടെ എണ്ണം കൂടിയ (ഹൈ–ട്രാഫിക് ഡെൻസിറ്റി ഇടനാഴി) പാതകളുടെ വികസനമാണ് മൂന്നാമത്തേത്.
പിഎം ഗതി ശക്തി സ്കീമിനു കീഴിലാവും ഈ പദ്ധതികൾ നടപ്പാക്കുക. വേഗത്തിലും ചെലവു കുറഞ്ഞതുമായ ചരക്കുനീക്കം, ഹൈ സ്പീഡ് ട്രെയിനുകൾ ഓടിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് ഇടനാഴികളുടെ ലക്ഷ്യം. കൂടാതെ 40,000 റെയിൽവേ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തും. സുഗമമായ യാത്ര, സുരക്ഷിതത്വം തുടങ്ങിയവ ലക്ഷ്യമിട്ടാണ് നീക്കം. ഇടക്കാല ബജറ്റ് ആയതുകൊണ്ട് തന്നെ വിവിധ പദ്ധതികൾക്കുള്ള നീക്കിയിരുപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വന്ദേ ഭാരത് മോഡലിൽ കൂടുതൽ കോച്ചുകൾ എത്തുന്നതോടെ റെയിൽവേയുടെ വരുമാനവും ഉയരും. സ്പിരിച്വൽ ടൂറിസത്തിനുൾപ്പടെ നൽകേണ്ട പ്രാധാന്യം ബജറ്റ് അവതരണവേളയിൽ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് പ്രത്യേക വായ്പാ പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും റെയിൽവേയ്ക്ക് ഗുണം ചെയ്യും. മെട്രോ, നമോ ഭാരത് ട്രെയിൻ കണക്ടിവിറ്റി വർധിപ്പിക്കുന്നതിൻറെ ആവശ്യകതയും ബജറ്റിൽ ധനമന്ത്രി പരാമർശിച്ചു.
റെയിൽവേ ഓഹരികളിൽ ഇടിവ്
ഇടക്കാല ബജറ്റിന് പിന്നാലെ റെയിൽവേ ഓഹരികളിൽ ലാഭമെടുപ്പ്. ഐആർസിടിസി, റെയിൽ വികാസ് നിഗം (ആർവിഎൻഎൽ), ടിറ്റഗാഡ് വാഗൺസ്, ഐആർഎഫ്സി,റൈറ്റ്സ്, റെയിൽടെൽ ഉൾപ്പടെയുള്ള ഓഹരികൾ നഷ്ടത്തിലാണ്. അതേ സമയം കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകോർ) ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം.