ADVERTISEMENT

പേ ടി എമ്മിന് ശേഷം മറ്റൊരു ഫിൻ ടെക് കമ്പനിക്കെതിരെ കൂടി കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നു. ഭാരത് പേക്കാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ഭാരത് പേക്കെതിരെ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റ്റെ ഭാഗമായാണ്  പുതിയ  നോട്ടീസും. ഭാരത്‌പേയുടെ  പ്രവർത്തനങ്ങളെക്കുറിച്ചും സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവറിനെതിരെ സ്വീകരിച്ച നിയമ നടപടികളെക്കുറിച്ചും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്ന് പുതിയ നോട്ടീസ് ലഭിച്ചുവെന്ന് ഭാരത് പേയും സമ്മതിക്കുന്നു.

കമ്പനിക്കുള്ളിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിച്ച ഡൽഹി പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത് ഉന്നയിക്കുന്നു. റജിസ്ട്രാർ ഓഫ് കമ്പനീസ് കമ്പനിക്ക് അയച്ച കത്തിലൂടെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.

ആരാണ് അഷ്‌നീർ ഗ്രോവർ? 
ഐ ഐ ടി ഡൽഹിയിൽ നിന്നും പഠിച്ചിറങ്ങിയ അഷ്‌നീർ ഗ്രോവർ സംരംഭകനും സാമ്പത്തിക സാങ്കേതിക കമ്പനിയായ ഭാരത്‌പേയുടെ സഹസ്ഥാപകരിൽ ഒരാളുമാണ്. 2018ൽ അഷ്‌നീർ ഗ്രോവർ, ശാശ്വത് നക്രാനി, ഭവിക് കൊളാഡിയ എന്നിവർക്കൊപ്പമാണ്  ഭാരത്‌പേ സ്ഥാപിച്ചത്.  മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നാണ് പേമെന്റ് കമ്പനി എന്ന ആശയം അദ്ദേഹത്തിന് ലഭിച്ചത്.

 ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇടയിൽ നിരക്കുകളോ, ഹാർഡ്‌വെയർ ആവശ്യകതകളോ ഇല്ലാതെ ഇടപാടുകൾ സുഗമമാക്കുന്നതിന് ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) സംവിധാനം എന്ന ആശയമാണ് ഭാരത് പേയും സ്വീകരിച്ചത്.  ഭാരത്‌പേ വ്യാപാരി പങ്കാളികൾക്ക് വായ്പകളും ഇൻഷുറൻസും മറ്റ് സാമ്പത്തിക സേവനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ100 നഗരങ്ങളിലായി 7 ദശലക്ഷത്തിലധികം വ്യാപാരികളും 10 ബില്യൺ ഡോളറിലധികം വാർഷിക ഇടപാട് മൂല്യവുമുള്ള ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഫിൻടെക് സ്റ്റാർട്ടപ്പുകളിൽ ഒന്നായി ഭാരത്‌പേ മാറി.

കേസുകൾ

അഷ്‌നീർ ഗ്രോവറിന് കേസുകൾ പുത്തരിയല്ല. പല തരം കേസുകളിൽ മുൻപും പെട്ടിട്ടുണ്ട്. 2019-ൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് പണം ഈടാക്കുന്നുവെന്ന് ആരോപിച്ച് പേടിഎമ്മിനെതിരെ ഭാരത്പേ ലഘുലേഖകൾ വിതരണം ചെയ്തു. പേടിഎം ഇതിനെതിരെ നിയമനടപടിക്ക് തുനിഞ്ഞിരുന്നു. 2020ൽ PhonePe-യുമായി അവരുടെ പേരുകളിൽ 'Pe' എന്ന്  ഉപയോഗിക്കുന്നതിനെച്ചൊല്ലി ഭാരത്‌പെ നിയമപോരാട്ടത്തിലേർപ്പെട്ടിരുന്നു . PhonePe, BharatPe തങ്ങളുടെ വ്യാപാരമുദ്രയുടെ ലംഘനമാണെന്ന് അവകാശപ്പെടുകയും ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഒരു വിലക്ക് ആവശ്യപ്പെടുകയും ചെയ്തു. 'പെ' എന്നത് ഹിന്ദിയിൽ 'ഓൺ' അല്ലെങ്കിൽ 'അറ്റ്' എന്നർത്ഥമുള്ള ഒരു പൊതു പദമാണെന്നും അത് ആരുടെയും കുത്തകയാക്കാൻ കഴിയില്ലെന്നും ഭാരത് പേ വാദിച്ചു.

പുതിയ കേസ് എന്താണ്? വേലി തന്നെ വിളവ് തിന്നോ?

ഭാരത്‌പേയുടെ മുൻ മാനേജിങ് ഡയറക്ടറും സഹസ്ഥാപകനുമായ അഷ്‌നീർ ഗ്രോവറിനെതിരെയും അദ്ദേഹത്തിൻ്റെ ഭാര്യ മാധുരി ജെയിൻ ഗ്രോവറിനെതിരെയും ഡൽഹി പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം  നിയമനടപടികൾ ആരംഭിച്ചത് മാസങ്ങൾക്ക് മുൻപാണ്.  81 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. ഇവരുടെ ബന്ധുക്കളിൽ ചിലരും കേസിൽ പ്രതികളാണ്. അഷ്‌നീർ ഗ്രോവർ സഹസ്ഥാപകനായ ഭാരത്‌പേ തന്നെയാണ് ഇവർക്കെതിരെ  പരാതി നൽകിയത്. അഷ്‌നീർ ഗ്രോവറും കുടുംബവും വ്യാജരേഖകളിലൂടെ കമ്പനിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്തതായാണ് പരാതി. ഒരു സേവനവും നൽകാതെ, നിലവിലില്ലാത്ത സ്ഥാപനങ്ങൾ, വെണ്ടർമാർ, എച്ച്ആർ കൺസൾട്ടൻസി സ്ഥാപനങ്ങൾ എന്നിവയ്ക്ക് പേയ്‌മെൻ്റുകൾ നടത്തി കമ്പനി ഫണ്ട് ദുരുപയോഗം ചെയ്തു; ഇത് ഭാരത് പേയ്ക്ക് കോടികളുടെ  നഷ്ടമുണ്ടാക്കി എന്നാണ് കേസ്. ഭാരത്‌പേ ഒരു സിവിൽ സ്യൂട്ടും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ ക്രിമിനൽ പരാതിയും അഷ്‌നീറിനെതിരെ  ഫയൽ ചെയ്തിട്ടുണ്ട്.

എന്തിനാണ് ഭാരത് പേയ്ക്ക്  നോട്ടീസ്?

കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരമാണ്  ഭാരത്‌പേയ്‌ക്ക് കേന്ദ്രസർക്കാരിൻ്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം നോട്ടീസ് അയച്ചത് . ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ സ്ഥാപകൻ അഷ്‌നീർ ഗ്രോവറിനെതിരായ നിയമ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടാണ് നോട്ടീസ്. 

അഷ്‌നീർ ഗ്രോവറിനെതിരായ നിയമനടപടികളിൽ സമർപ്പിച്ച തെളിവുകളുടെ വിശദാംശങ്ങൾ മന്ത്രാലയം പ്രത്യേകം തേടുന്നു. ഇതിന് മറുപടിയായി, അന്വേഷണ ഏജൻസികളെ സഹായിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രസ്താവിച്ചുകൊണ്ട് ഭാരത് പേ നോട്ടീസ് അംഗീകരിച്ചു. ഫണ്ട് ദുരുപയോഗവും വഞ്ചനയും ആരോപിച്ച് അഷ്‌നീർ ഗ്രോവറിനും ഭാര്യയ്ക്കും സഹോദരനുമെതിരെ ഭാരത് പേ  മുമ്പ് കേസ് ഫയൽ ചെയ്തിരുന്നു. അഷ്‌നീർ ഗ്രോവർ ഭാരത് പേക്ക്  88.67 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ് .

എന്നാൽ ഇപ്പോൾ അഷ്ശ്നീർ ഗ്രോവറിന് എതിരെ മാത്രമല്ല ഭാരത് പേയുടെ കോർപ്പറേറ്റ് ഭരണത്തെക്കുറിച്ചും കമ്പനിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്ന നിയമപരമായ സംഭവവികാസങ്ങൾ ഭാരത്‌പേയ്ക്ക്  വെല്ലുവിളികൾ കൂട്ടുന്നുണ്ട്. 

ഫിൻ ടെക്കുകൾ  പേടിക്കണോ?

പേ ടി എമ്മിന് പുറമെ ഭാരത് പേയ്ക്കും നോട്ടീസ് ലഭിച്ചു എന്ന വാർത്ത ഫിൻ ടെക് കമ്പനികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പേ ടി എമ്മിൽ കെ വൈ സിയുമായി ബന്ധപ്പെട്ടും, മറ്റ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും റിസർവ് ബാങ്ക് മുൻപേ നോട്ടീസ് കൊടുത്തിരുന്നതാണെങ്കിലും അവർ തിരുത്താൻ തയാറായില്ല. അതാണ് ഇപ്പോൾ ബാങ്കിങ് സേവങ്ങൾ തന്നെ തുടരാൻ പാടില്ല എന്ന റിസർവ് ബാങ്ക് ഉത്തരവിലേക്ക് നയിച്ചത്. 'എന്തുമാകാം' എന്ന പുതിയ സ്റ്റാർട്ടപ്പുകളുടെ ദാർഷ്ട്യം വെച്ചുപൊറുപ്പിക്കാനാകില്ല എന്ന സന്ദേശം കേന്ദ്ര സർക്കാർ ഇതിലൂടെ നൽകുന്നുണ്ട്. നിയമങ്ങൾ അനുസരിച്ച്, ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് തന്നെ പ്രവർത്തിക്കണം എന്ന സന്ദേശം ഭാരത് പേയിലൂടെയും, പേ ടി എമ്മിലൂടെയും കൃത്യമായി നൽകിയിട്ടുണ്ട്. പൊതുവെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന നയമുള്ള കേന്ദ്ര സർക്കാർ നല്ല രീതിയിൽ ബിസിനസ് നടത്താൻ നിയമങ്ങൾ  പാലിക്കണം എന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്നത്. 

English Summary:

Crisis in Bharatpe also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com