ADVERTISEMENT

2023 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് തുകയായ 35 കോടി രൂപ കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, ധനകാര്യമന്ത്രി അഡ്വ.കെ.എൻ. ബാലഗോപാലിന് കൈമാറി. 2024-25 സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കെഎസ്എഫ്ഇ പ്രവർത്തനം വിപുലപ്പെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന നിലയിലേക്ക് കെഎസ്എഫ്ഇ പ്രവർത്തനം വിപൂലീകരിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

മുൻവർഷങ്ങളിലേത് അടക്കം 105 കോടി രൂപയാണ് ലാഭവിഹിതമായി ഈ വർഷം കെഎസ്എഫ്ഇ സർക്കാരിന് കൈമാറിയത്. സർക്കാരിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയുടെ അറ്റമൂല്യം (Net worth) ഇക്കാലയളവിൽ 1134 കോടി രൂപയായി ഉയർന്നു. അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തി. ശാഖകളുടെ എണ്ണം 682 ആയി മാറി. ഇതിൽ 24 മൈക്രോ ശാഖകളും ഉൾപ്പെടുന്നു. താരതമ്യേന പിന്നോക്കാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് മൈക്രോ ശാഖകൾ ആരംഭിച്ചിട്ടുള്ളത്.

ലാഭക്ഷമത ക്രമാനുഗതമായി ഉയർന്ന് 2022-23 സാമ്പത്തിക വർഷം 371 കോടി രൂപയുടെ റെക്കോർഡ് നേട്ടം കൈവരിച്ചു. നടപ്പു വർഷം ചിട്ടി ബിസിനസ് ലക്ഷ്യം ഫെബ്രുവരി 2024 ൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. നിലവിൽ ആകെ വിറ്റുവരവ് 81000 കോടി രൂപയിൽ എത്തി. 

ധനമന്ത്രിയുടെ ചേമ്പറിൽ തുക കൈമാറുന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ്, ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത് ചന്ദ്രൻ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ അരുണ്‍ബോസ്, വിനോദ്, സുശീലന്‍ തുടങ്ങിയവർ പങ്കെടുത്തു.

കെഎസ്എഫ്ഇ കൈവരിച്ച നേട്ടങ്ങൾ
 

∙ സാധാരണക്കാർക്ക് ഏറെ സഹായകരമായ സ്വർണ പണയ വായ്പയിൽ ഉയർന്ന വളർച്ചാ നിരക്ക് പ്രകടം.

∙ സ്വർണപണയ വായ്പ ലക്ഷ്യം മറികടന്ന് 5000 കോടി രൂപയിൽ എത്തി.

∙ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ (8.25% പലിശ നിരക്ക്)

∙ സാധാരണക്കാർക്കായി ചെറിയ ചിട്ടികളുടെ എണ്ണം വർധിപ്പിച്ചു.

∙ ഒട്ടനവധി വായ്പകൾ മിതമായ പലിശ നിരക്കിൽ വിതരണം ചെയ്തു. ഇതുമൂലം വായ്പാ -നിക്ഷേപ അനുപാതത്തിൽ 8% വർദ്ധനവ്

∙ കെഎസ്എഫ്ഇയുടെ അറ്റമൂല്യം 1134 കോടി രൂപയായി ഉയർന്നു.

∙ അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തി.

∙ ശാഖകളുടെ എണ്ണം 682 ആയി മാറി. ഇതിൽ 24 മൈക്രോ ശാഖകളും ഉൾപ്പെടുന്നു.

∙ ലാഭക്ഷമത ഉയർന്ന് 2022-23 സാമ്പത്തിക വർഷം 371 കോടി രൂപയുടെ റെക്കോർഡ് നേട്ടം കൈവരിച്ചു.

∙ നടപ്പു വർഷം ചിട്ടി ബിസിനസ്സ് ലക്ഷ്യം ഫെബ്രുവരി 2024 ൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചു.

∙ നിലവിൽ ആകെ വിറ്റുവരവ് 81000  കോടി രൂപ.

∙ “കെ.എസ്.എഫ്.ഇ. പവർ ആപ്പ്” എന്ന മൊബൈൽ ആപ്പ് നിലവിൽ വന്നത് ലക്ഷക്കണക്കിന് ഇടപാടുകാർക്ക് സഹായകരമായി. 

∙ ഈ സർക്കാർ വന്നതിനു ശേഷം 1652 പേർ കെഎസ്എഫ്ഇയിൽ ജോലിയിൽ പ്രവേശിച്ചു. 

∙ 2023 ഓഗസ്റ്റ് വരെ തുടർന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി 21.42 കോടി രൂപ കുറവ് വരുത്തിക്കൊണ്ട് ചിട്ടി/ വായ്പ ഇടപാടുകാർക്ക് ആശ്വാസം

∙ നിലവിലുള്ള ചിട്ടികളുടെ കുടിശ്ശിക തീർക്കുന്നതിന് പലിശയിൽ 25% - 50% ഇളവ് നൽകിക്കൊണ്ട് 2 മാസക്കാലം സഞ്ജീവനം പദ്ധതി നടപ്പാക്കി

∙ CSR ഫണ്ട് 4.14 കോടി രൂപ ചെലവഴിക്കുകയും സാമൂഹ്യ സേവനരംഗത്ത് കെഎസ്എഫ്ഇ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com