കിഫ്ബിയും നൽകുന്നില്ല കരാറുകാർക്ക് പണം
Mail This Article
തിരുവനന്തപുരം ∙ കിഫ്ബിക്കു കീഴിലെ കരാറുകാർക്ക് 2 മാസമായി പണം നൽകുന്നില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കിഫ്ബിയെയും പിടികൂടിയതാണ് ബില്ലുകൾ പാസാക്കാത്തതിനു കാരണമെന്നു കരാറുകാർ ആരോപിക്കുന്നെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറാണു കാരണമെന്നും ഇൗയാഴ്ച തന്നെ പ്രശ്നം പരിഹരിക്കുമെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി. 2018ൽ തയാറാക്കിയ സോഫ്റ്റ്‌വെയർ നവീകരിക്കുന്നതാണ് ഇപ്പോഴത്തെ തടസ്സം.
100 കോടിയോളം രൂപയാണ് വിവിധ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയതിനു കരാറുകാർക്കു കിഫ്ബി നൽകാനുള്ളത്. ജനുവരി 15നു ശേഷം സമർപ്പിച്ച ബില്ലുകളുടെ പണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കരാറുകാർ ചൂണ്ടിക്കാട്ടി.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ടിലൂടെ സമാഹരിച്ച 2,150 കോടി രൂപ ഇൗ മാസമാണ് കിഫ്ബി തിരിച്ചടയ്ക്കേണ്ടത്. 2019 മാർച്ച് 29നാണ് മസാല ബോണ്ടിറക്കി 9.723% പലിശ നിരക്കിൽ കിഫ്ബി 2,150 കോടി രൂപ സമാഹരിച്ചത്. 5 വർഷമാണു ബോണ്ടിന്റെ കാലാവധി. ഇൗ മാസം 5 വർഷമാകും. പലിശയിനത്തിൽ മാത്രം 1,045.23 കോടി രൂപ അടയ്ക്കണം.
വിദേശ വായ്പകൾക്ക് സാധാരണ അനുവദിക്കാറുള്ള മൊറട്ടോറിയം കാലാവധി മസാല ബോണ്ടിനില്ല. അതിനാൽ പണം സ്വീകരിച്ച് 6 മാസമാകുമ്പോൾ പലിശയുടെ ആദ്യ ഗഡു അടയ്ക്കണം. പിന്നീട് ഓരോ 6 മാസം കൂടുമ്പോഴും പലിശ അടയ്ക്കണം. 5 വർഷം കൊണ്ട് 1,045.23 കോടി രൂപ പലിശയിനത്തിൽ അടച്ചു കഴിയും. അവസാനത്തെ ഗഡുവിനൊപ്പം ബോണ്ട് തുകയായ 2,150 കോടി തിരികെ നൽകണം. ഇൗ തുകയും കരാറുകാർക്കു നൽകാനുള്ള പണവും കൈവശമുണ്ടെന്നാണു കിഫ്ബി അധികൃതർ വ്യക്തമാക്കുന്നത്.