പ്ലാറ്റ് ഫോം നിരക്ക്കൂട്ടി സൊമാറ്റൊ; ഫുഡ് ഡെലിവറിക്ക് ചെലവേറും
Mail This Article
ന്യൂഡൽഹി∙ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീയിൽ 25 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചു. ഇത് ഉടനെ പ്രാബല്യത്തിൽ വരും. ഇനി മുതൽ ഒരു ഓർഡറിന് 5 രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം ഫീ അവതരിപ്പിച്ചത് 2023 ഓഗസ്റ്റിൽ ആയിരുന്നു. ഒരു ഓർഡറിന് 2 രൂപ നിരക്കിലാണ് ആണ് ചുമത്തിയത്. പിന്നീട് അത് 3 രൂപയായി ഉയർത്തി. ഈ വർഷം ജനുവരിയിൽ 4 രൂപയായി വർധിപ്പിരുന്നു.
ഡൽഹി എൻസിആർ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിട്ടുണ്ട്. സൊമാറ്റോയുടെ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഓരോ ഓർഡറിനും 2 രൂപ ഹാൻഡ്‌ലിംഗ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. സൊമാറ്റോയിലെ എല്ലാ ഇടപാടുകൾക്കും ബാധകമായ ഫ്ലാറ്റ് ചാർജാണ് പ്ലാറ്റ്ഫോം ഫീസ്. സൊമാറ്റോ ഗോൾഡ് ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഈ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ഈ ഫീസിന് പുറമെ സൊമാറ്റോ ഡെലിവറി ചാർജും എല്ലാവർക്കും ചുമത്തുന്നുണ്ട്. ഒരു വർഷത്തിൽ സൊമാറ്റോയുടെ ഓഹരി വില 238 ശതമാനമാണ് ഉയർന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം. സ്വിഗ്ഗിയും ഫുഡ് ഡെലിവറി ഓർഡറുകൾക്ക് 5 രൂപ നിരക്കിൽ പ്ലാറ്റ്‌ഫോം ഫീ ചുമത്തുന്നുണ്ട്. ചില സ്വിഗ്ഗി ഉപയോക്താക്കൾക്ക് 10 രൂപ പ്ലാറ്റ്‌ഫോം ഫീസ് കൊടുക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകളുണ്ട്.