ചെറുമത്തി ഫാക്ടറികളിലേക്ക്; വരുമാനം ഇടിഞ്ഞ് മൽസ്യത്തൊഴിലാളികൾ

Mail This Article
കൊച്ചി∙ കൊടുംചൂടിൽ മീനുകൾക്കു വലുപ്പം കുറഞ്ഞതോടെ കേരളത്തിൽ നിന്നുള്ള ചെറുമത്തി ഉൾപ്പെടെ മത്സ്യങ്ങൾ പോകുന്നതു മീൻ തീറ്റ, കോഴിത്തീറ്റ ഫാക്ടറികളിലേക്ക്. പൊടിച്ചു തീറ്റയുണ്ടാക്കാൻ ചെറുമത്തി കിലോഗ്രാമിനു 30 രൂപ നിരക്കിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേയ്ക്കു അയക്കുന്നതു മൂലം മത്സ്യത്തൊഴിലാളികളുടെ വരുമാനം ഗണ്യമായി ഇടിഞ്ഞു.
ക്ലാത്തി, പേളി ഹെയർ ടെയ്ൽ (ചെറിയ ഇനം റിബൺ ഫിഷ്) തുടങ്ങി ഭക്ഷണത്തിന് അധികം ഉപയോഗിക്കാത്ത മീനുകളാണു മീൻ തീറ്റയും കോഴിത്തീറ്റയും ഉണ്ടാക്കാൻ ഉപയോഗിക്കാറുള്ളത്. ഇപ്പോൾ ചെറുമത്തിയും ഈ ഗണത്തിൽ വിടുന്നുണ്ടെങ്കിലും എണ്ണ എടുക്കേണ്ടതിനാൽ ഇനം തിരിച്ചു തന്നെയാണു കയറ്റി അയക്കുന്നത്.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 2500 കോടി രൂപയുടെ മത്തി പിടിക്കുന്നുണ്ടെന്നാണു കണക്ക്. 2013 മുതൽ 2021 വരെയുണ്ടായ മത്സ്യ വരൾച്ച മൂലം 10,000 കോടി രൂപയുടെ നഷ്ടം മേഖലയ്ക്കുണ്ടായെന്നാണു ഫിഷറീസ് സ്ഥിതിവിവര കണക്ക്. 2022ൽ മത്തിയുടെ തിരിച്ചുവരവ് രേഖപ്പെടുത്തി. 1.01 ലക്ഷം ടൺ മത്തി ലഭിച്ചു. 2023 ലും മത്തി കൂടുതൽ കിട്ടിയെങ്കിലും വലുപ്പം കുറവായിരുന്നു. ചെറുമത്തി അയൽ സംസ്ഥാനങ്ങളിലെ ഫീഡ് ഫാക്ടറികളിലേക്കു പോകുമ്പോൾ കടലൂർ, നാഗപട്ടണം, തൂത്തുക്കുടി ഭാഗങ്ങളിൽ നിന്നാണു കേരളത്തിലെ വിപണിയിലേക്കു വലിയ മത്തി എത്തുന്നത്. അടിക്കടിയുണ്ടായ ഉഷ്ണ തരംഗങ്ങൾ ഈ വർഷം ഫെബ്രുവരി മുതൽ മത്സ്യ വരൾച്ചയ്ക്ക് ഇടയാക്കിയിരുന്നു.