എയർ ടാക്സിയുമായി ഇൻഡിഗോ മുന്നോട്ട്; ചിത്രങ്ങൾ പുറത്ത്

Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് എയർ ടാക്സി നടപ്പാക്കാനുള്ള നീക്കവുമായി ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് മുന്നോട്ട്.
ഇതിനുള്ള ചെറുവിമാനങ്ങൾ (eVTOL-ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്) ലഭ്യമാക്കുന്ന ആർച്ചർ ഏവിയേഷന്റെ യുഎസ് ആസ്ഥാനത്ത് ഇന്റർഗ്ലോബ് സ്ഥാപകൻ രാഹുൽ ഭാട്യയും സിഇഒ ആദിത്യ പാണ്ഡെയും സന്ദർശനം നടത്തി. ഇന്റർഗ്ലോബിന്റെ പേരും ലോഗോയും പതിച്ച മിഡ്നൈറ്റ് 'എൻ302എഎക്സ്' ചെറുവിമാനങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. ആർച്ചർ ഏവിയേഷുമായി നവംബറിൽ ഇന്റർഗ്ലോബ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. 2026ൽ ആദ്യ വിമാനം പറത്താനാണ് നീക്കം.
ബാറ്ററി ചാർജിൽ കുതിച്ച്പൊങ്ങി പറക്കുന്ന ചെറുവിമാനങ്ങളാണ് എയർടാക്സി. നിന്നിടത്ത് നിന്ന് പറന്നുയരും, റൺവേ ആവശ്യമില്ല. വലിയ നഗരങ്ങൾക്കുള്ളിലെ ഗതാഗതത്തിന് ഏറെ അനുയോജ്യമാണിത്. eVTOL സംബന്ധിച്ച ചട്ടം ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ കൊണ്ടുവന്നേക്കും.
'മിഡ്നൈറ്റ്' എയർക്രാഫ്റ്റിന് 100 മൈൽ വരെ ഒറ്റയടിക്കു പറക്കാം. എന്നാൽ 20 മൈൽ ദൂരമുള്ള അടുപ്പിച്ചടുപ്പിച്ചുള്ള യാത്രകൾക്ക് അഭികാമ്യം. മണിക്കൂറിൽ 150 മൈൽ വരെ വേഗത്തിൽ പറക്കാം. പൈലറ്റിനു പുറമേ 4 പേർക്ക് യാത്ര ചെയ്യാം. ഇവരുടെ ലഗേജും കൊണ്ടുപോകാം. മൊത്തത്തിൽ 500 കിലോയോളം ഭാരം വഹിക്കും.