അഞ്ചുമാസംകൊണ്ട് രണ്ടിരട്ടി നേട്ടം, കൊച്ചിൻ ഷിപ്പ്‌യാർഡ് കുതിപ്പ് തുടരുമോ?

Mail This Article
ഈ വർഷം മൾട്ടി ബാഗർ നേട്ടം നൽകിയ കേരള കമ്പനി കൊച്ചിൻ ഷിപ്പ്‌യാർഡ് കുതിപ്പ് തുടരുന്നു. ഇന്നലെ 1890.20 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾ ഇന്ന് 2030 രൂപ വരെ ഉയർന്നു. 52 ആഴ്ചയിലെ ഉയർന്ന വിലയാണിത്. കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് മാത്രം 44 ശതമാനത്തിലധികം ഉയർച്ചയാണ് ഓഹരികളിൽ ഉണ്ടായത്. ഈ വർഷം ആദ്യ 5 മാസംകൊണ്ടുതന്നെ 195 ശതമാനത്തോളം നേട്ടമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നിക്ഷേപകർക്ക് നൽകിയത്. നിലവില്‍ 5.65 ശതമാനം നേട്ടത്തിൽ 1986.25 രൂപയിലാണ് വ്യാപാരം(12.00 PM)
മെയ് 14ന് പുറത്തുവന്ന 'വിദേശ ഓർഡർ' വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കുതിപ്പ്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് 1000 കോടിയോളം രൂപയുടെ കരാറാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിച്ചത്. പ്രതിരോധ ഓഹരികളോടുള്ള നിക്ഷേപകരുടെ താൽപ്പര്യവും അനുകൂല ഘടകമായി. ഇന്നാണ് 2023–24 സാമ്പത്തിക വർഷത്തെ നാലാംപാദ ഫലവും ഫൈനൽ ഡിവിഡന്‍റും കൊച്ചിൻ ഷിപ്പ്‍യാർഡ് പ്രഖ്യാപിക്കുന്നത്. പാദഫലവും ഡിവിഡന്‍റും ആകർഷകമായാൽ ഓഹരികൾ വീണ്ടും ഉയർന്നേക്കും. മസഗോൺ ഡോക്ക് ഷിപ്പ്‍ബിൽഡേഴ്സ്, ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് തുടങ്ങിവയുടെ ഓഹരികളും മികച്ച പ്രകടനം ആണ് നടത്തുന്നത്.
ഓഹരികൾ ഇനിയും ഉയരാം
കൊച്ചിൻ ഷിപ്പ്‌യാർഡ് ബുള്ളിഷ് ട്രെൻഡിൽ ആണെന്നും 30 ശതമാനത്തോളം ഇനിയും ഉയരാമെന്നും സെബി രജിസ്റ്റേർഡ് അനലിസ്റ്റായ സിഎ സജീഷ് കൃഷ്ണൻ കെ (AA Profit Analytics)യുടെ വിലയിരുത്തൽ. ഓഹരികൾ കൈവശമുള്ളവർക്ക് നിക്ഷേപം തുടരാവുന്നതാണ്. അതേസമയം പുതിയതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ലാഭമെടുക്കലിന്‍റെ ഒരു തിരുത്തലിന് കാത്തിരിക്കുന്നതാവും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഡിഫൻസ് ഓഹരികളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഭരണത്തുടർച്ചയുണ്ടായാൽ അത് കുതിപ്പിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. തിരുത്തൽ ഉണ്ടായാലും താമസിയാതെ ഓഹരികൾ മുന്നേറുമെന്നാണ് വിലയിരുത്തൽ.