ഷിപ്യാഡിന് ഹൈബ്രിഡ് യാനങ്ങൾക്കായി ഓർഡർ

Mail This Article
കൊച്ചി ∙ കൊച്ചിൻ ഷിപ്‌യാഡ് യുകെ ആസ്ഥാനമായുള്ള ഓഫ്‌ഷോർ റിന്യൂവബിൾ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിങ്ങുമായി പുതിയ ഓർഡറിന്റെ കരാർ ഒപ്പിട്ടു. വിൻഡ് ഫാമിലെ ആവശ്യങ്ങൾക്കായുള്ള ഹൈബ്രിഡ് യാനങ്ങൾ നിർമിക്കുന്നതിനാണ് കരാർ. സ്കോട്ടിഷ് പവർ റിന്യൂവബിൾസ് ഓഫ്‌ഷോർ വിൻഡ് ഫാമിൽ വിന്യസിക്കുന്നതിനായുള്ള വെസൽ ആണ് കൊച്ചിയിൽ നിർമിക്കുക. കരാറിൽ 2 കപ്പലുകൾ കൂടി നിർമിക്കും. നോർത്ത് സ്റ്റാർ ഈ വർഷം ആദ്യം ഷിപ്‌യാർഡുമായി മറ്റൊരു കരാറും ഒപ്പുവച്ചിരുന്നു.
ഓഫ്‌ഷോർ സപ്പോർട്ട് വെസലുകളുടെ നിർമാണത്തിൽ മികച്ച ട്രാക്ക് റെക്കോർഡുമായി കൊച്ചി കപ്പൽശാല വിദേശ വിപണികളിൽ മുന്നേറുന്നതിന്റെ സൂചനയാണ് പുതിയ കരാർ. കടലിലെ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദനം നടത്തുന്ന വ്യവസായത്തിന്റെ അനുബന്ധ സേവനത്തിനുള്ളതാണ് എസ്ഒവി യാനങ്ങൾ.
ഇതിൽ ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന് 4 നമ്പർ ഡീസൽ ജനറേറ്റർ സെറ്റുകളും വലിയ ലിഥിയം ബാറ്ററി പാക്കുമുണ്ട്. 80 ടെക്നീഷ്യൻമാരെയും ജീവനക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന, ഉയർന്ന നിലവാരമുള്ള ഇന്റീരിയറുകൾ കപ്പലുകൾക്ക് ഉണ്ടായിരിക്കും.
ഹരിത ഭാവിയിലേക്കുള്ള യാത്രയിൽ വിശ്വാസ്യതയുള്ള മികച്ച കൂട്ടുകെട്ടാണ് ഷിപ്‌യാഡുമായുള്ളതെന്ന് നോർത്ത് സ്റ്റാറിന്റെ ചീഫ് ടെക്നോളജി ഓഫിസർ ജയിംസ് ബ്രാഡ്ഫോർഡ് വ്യക്തമാക്കി. സമുദ്ര വിപണികളുടെ വലിയ സാധ്യതയാണ് ഷിപ്‌യാഡിനു മുന്നിലുള്ളതെന്ന് മാനേജിങ് ഡയറക്ടർ മധു നായർ പറഞ്ഞു.