ADVERTISEMENT

 ന്യൂഡൽഹി∙ തുടർച്ചയായി എട്ടാം തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. 2 മാസത്തേക്കു കൂടി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച വ്യക്തമായ സൂചന ഇത്തവണയും ആർബിഐ നൽകിയില്ല. പലിശയിൽ വരുത്തുന്ന വ്യത്യാസത്തിലൂടെ വിലക്കയറ്റം 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. 

പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐ പണനയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഓഗസ്റ്റ് 6 മുതൽ 8 വരെയാണ്. വിലക്കയറ്റത്തോത് പ്രതീക്ഷിച്ചതുപോലെ കുറയുന്നുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയർന്ന നിലയിൽ തുടരുന്നതിനാലാണ് പലിശനിരക്ക് നിലനിർത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റത്തോത് (നാണ്യപ്പെരുപ്പം) വരുതിയാലാക്കാനാണ് ഉയർന്ന പലിശനിരക്ക്. 

നടപ്പുസാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 7 ശതമാനമായിരുന്നത് 7.2 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തി. വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം നിലനിർത്തി, 4.5%.

പലിശ 0.25% കുറയ്ക്കണമെന്ന് 2 അംഗങ്ങൾ

6 പേരുള്ള പണനയ സമിതിയിൽ ഇത്തവണ 2 പേരാണ് പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

മലയാളി അംഗമായ പ്രഫ.ജയന്ത് ആർ.വർമ, ഡോ.അഷിമ ഗോയൽ എന്നിവർ. കഴിഞ്ഞ 2 പണനയ സമിതി യോഗങ്ങളിലും പ്രഫ.ജയന്ത് മാത്രമാണ് ഇത് ആവശ്യപ്പെട്ടത്. ആർബിഐ ഗവർണർ അടക്കം മറ്റ് 4 പേരും നിരക്കിൽ മാറ്റം വേണ്ടെന്നാണ് ഇത്തവണ അഭിപ്രായപ്പെട്ടത്. 

വിലക്കയറ്റവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്നാണ് പ്രഫ.ജയന്തിന്റെ നിലപാട്. ചാലക്കുടി സ്വദേശിയായ അദ്ദേഹം അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറാണ്.

ഫെഡറൽ റിസർവിനെ പിൻതുടരില്ല

പലിശ കുറയ്ക്കുന്ന കാര്യത്തിൽ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെ പിൻതുടരില്ലെന്ന് ആർബിഐ ഗവർണർ ആവർത്തിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും ആർബിഐയുടെ തീരുമാനം.

 യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചാൽ ആർബിഐ കുറയ്ക്കണമെന്നില്ല, അതുപോലെ യുഎസ് ഫെഡ് കുറച്ചില്ലെന്നു കരുതി ആർബിഐ കുറയ്ക്കാതിരിക്കണമെന്നുമില്ല. 

2019നു ശേഷം ആദ്യമായി യൂറോപ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പലിശനിരക്ക് കുറച്ചിരുന്നു.

റിസർവ് ബാങ്ക് അനുമാനം (പാദം, വളർച്ച, വിലക്കയറ്റത്തോത് എന്ന ക്രമത്തിൽ)

ഏപ്രിൽ–ജൂൺ 7.3%  4.9%

ജൂലൈ–സെപ്റ്റംബർ   7.2%  3.8%

ഒക്ടോബർ–ഡിസംബർ  7.3%   4.6%

ജനുവരി–മാർച്ച് (2025) 7.2%   4.5%

സാമ്പത്തിക വർഷമാകെ  7.2%   4.5%

English Summary:

Interest rates will remain unchanged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com