ADVERTISEMENT

കൊച്ചി∙ നാലു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ നഷ്ടപ്പെട്ടതിനെക്കാളേറെ പോയിന്റുകൾ വീണ്ടെടുക്കുക മാത്രമല്ല സെൻസെക്സിനെ റെക്കോർഡ് ഔന്നത്യത്തിലേക്ക് ഉയർത്താനും ഓഹരി വിപണിക്കു സാധ്യമായി. കുംഭകോണത്തിന്റെ ഫലമായിരുന്നു തകർച്ച എന്ന ആരോപണം കൂടിയാണ് ഇതോടെ പൊളിഞ്ഞത്.

തിരഞ്ഞെടുപ്പു ഫല പ്രഖ്യാപന ദിവസം സെൻസെക്സിൽ 4389 പോയിന്റും നിഫ്റ്റിയിൽ 1379 പോയിന്റുമായിരുന്നു ഇടിവ്. തൊട്ടുപിറ്റേന്നു തന്നെ സെൻസെക്സ് 2303 പോയിന്റും നിഫ്റ്റി 736 പോയിന്റും വീണ്ടെടുക്കുകയുണ്ടായി. പിന്നീടുള്ള 2 വ്യാപാര ദിനം കൂടി പിന്നിട്ടതോടെ സെൻസെക്സ് 4615 പോയിന്റും നിഫ്റ്റി 1405 പോയിന്റും വീണ്ടെടുത്തു. നഷ്ടത്തിന്റെ 100 ശതമാനത്തിലേറെയാണു രണ്ടു സൂചികകളും വീണ്ടെടുത്തിരിക്കുന്നത്. 

സെൻസെക്സ് 1618 പോയിന്റ് ഉയർന്ന ഇന്നലെ എത്തിച്ചേർന്ന 76,693.36 നിലവാരം റെക്കോർഡാണ്. തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനം കഴിഞ്ഞാൽ സൂചിക റെക്കോർഡ് നിലവാരത്തിലേക്കു കുതിക്കുമെന്നു നരേന്ദ്ര മോദി നടത്തിയ പ്രവചനം അങ്ങനെ യാഥാർഥ്യമായി. നിഫ്റ്റി 468.75 പോയിന്റ് വർധനയോടെ 23,290 പോയിന്റിലെത്തി.

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണ നീക്കങ്ങൾ വിപണിക്കു സമ്മാനിച്ച ആവേശത്തിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സാമ്പത്തിക വളർച്ച സംബന്ധിച്ചു പുറത്തുവിട്ട അനുമാനം അധിക ശക്തി പകർന്നു. വായ്പ നിരക്കുകളിൽ ഇളവു വരുത്താൻ തയാറാകാത്ത ആർബിഐ നിലപാടിനോടുള്ള അസഹിഷ്ണുത പോലും ഓഹരി വിപണി പാടേ വിസ്മരിച്ചു.

ഓഹരി വിപണിയിൽ മാത്രമല്ല വിദേശനാണ്യ വിപണിയിലും നേട്ടത്തിന്റെ ദിവസമാണു കടന്നുപോയത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 83.37 നിലവാരത്തിലെത്തി. മുൻ ദിവസം 83.47 രൂപയായിരുന്നു നിരക്ക്. കോർപറേറ്റുകളിൽ നിന്നുള്ള ഡോളർ വിൽപനയാണു രൂപയ്ക്കു കരുത്തായതെന്നു വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

ഫാസ്ടാഗും യുപിഐ ലൈറ്റ് വോലറ്റും തനിയെ നിറയും
ന്യൂഡൽഹി∙ ഫാസ്ടാഗ്, യുപിഐ ലൈറ്റ് വോലറ്റ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിലെ ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും ഇനി റീചാർജ് ചെയ്യേണ്ട. നിശ്ചിത തുക സെറ്റ് ചെയ്താൽ ബാലൻസ് ഇതിലും താഴെയാകുമ്പോഴൊക്കെ തനിയെ റീചാർജ് ആകും. ഇതിനുള്ള അനുമതി റിസർവ് ബാങ്ക് നൽകി. വൈകാതെ ഈ സൗകര്യം ജനങ്ങൾക്ക് ലഭിച്ചുതുടങ്ങും. 500 രൂപ വരെ 'പിൻ നമ്പർ' പോലും നൽകാതെ അതിവേഗം അയയ്ക്കാനുള്ള സൗകര്യമാണ് 'യുപിഐ ലൈറ്റ് വോലറ്റ്'.

ഗുണം?
ഉദാഹരണത്തിന് ഫാസ്ടാഗ് അക്കൗണ്ടിൽ 1,000 രൂപയുണ്ടെന്നു കരുതുക. ബാലൻസ് തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യണം. ഇതിനു പകരം, ബാലൻസ് 200 രൂപയിൽ താഴെപ്പോകുമ്പോൾ 1,000 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്നു സെറ്റ് ചെയ്യാം. ബാലൻസ് കുറയുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് റീചാർജ് ചെയ്യും. 

റിസർവ് ബാങ്കിന്റെ മറ്റു തീരുമാനങ്ങൾ

.ബൾക്ക് ഡിപ്പോസിറ്റ് പരിധി ഉയർത്തി
ഷെഡ്യൂൾഡ്, സ്മോൾ ഫിനാൻസ് ബാങ്കുകളിലെ വലിയ നിക്ഷേപങ്ങളുടെ (ബൾക്ക് ഡിപ്പോസിറ്റ്) പരിധി 2 കോടി രൂപയായിരുന്നത് 3 കോടി രൂപയായി റിസർവ് ബാങ്ക് ഉയർത്തി. അതായത് ഇനി 2 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾ 'ബൾക്ക് ഡിപ്പോസിറ്റ്' ആയി കണക്കാക്കില്ല. ബൾക്ക് ‍ഡിപ്പോസിറ്റുകൾക്ക് ഉയർന്ന പലിശനിരക്കാണ് ബാങ്കുകൾ നൽകുന്നത്. പരിധി ഉയർത്തിയതോടെ ഉയർന്ന ഫണ്ട് സ്വരൂപിക്കാൻ ബാങ്കുകൾക്ക് കഴിയും. റീജനൽ റൂറൽ ബാങ്കുകളിലെ ബൾക്ക് ഡിപ്പോസിറ്റ് പരിധി ഒരു കോടി രൂപയാണ്.

.ഡിജിറ്റൽ പേയ്മെന്റ്സ് ഇന്റലിജൻസ് പ്ലാറ്റ്ഫോം
ബാങ്കിങ് മേഖലയിലെ സൈബർ തട്ടിപ്പുകൾ നേരിടാനായി പ്ലാറ്റ്ഫോം തുടങ്ങും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം ഉപയോഗിച്ച് ഇടപാടുകളിലെ തട്ടിപ്പ് സാധ്യത മുൻകൂട്ടി കാണും. ഇതിനായി എൻപിസിഐ മുൻ എംഡി എ.പി ഹോത്ത അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. 

.ചെറുവായ്പകൾക്ക് വൻ പലിശ വേണ്ട 
ന്യൂഡൽഹി∙ ചില ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളും (എൻബിഎഫ്‍സി) മൈക്രോ ധനകാര്യ സ്ഥാപനങ്ങളും ചെറുവായ്പകൾക്ക് ഉയർന്ന പലിശ ഈടാക്കുന്നതായി ആർബിഐ ചൂണ്ടിക്കാട്ടി. പലിശയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾക്കുള്ള സ്വാതന്ത്ര്യം ന്യായമായും സുതാര്യവുമായി മാത്രമേ ഉപയോഗിക്കാവൂ. കീ ഫാക്ട്സ് സ്റ്റേറ്റ്മെന്റിൽ (കെഎഫ്‍എസ്) രേഖപ്പെടുത്താത്ത ചാർജുകൾ ചില ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നുണ്ട്.

share-market

ലണ്ടനിലെ ബാങ്ക് ഇംഗ്ലണ്ടിന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം കിലോഗ്രാം (100 ടൺ) സ്വർണം ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത് ഇവിടെ സൂക്ഷിക്കാനുള്ള സൗകര്യം ലഭ്യമായതു കൊണ്ടാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇതിൽ കൂടുതൽ ഊഹാപോഹങ്ങൾക്ക് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com