ഓഹരിവിപണിയിൽ ഇനി പ്രതീക്ഷിക്കാമോ ഡോളർ പ്രവാഹം
Mail This Article
നിഫ്‌റ്റി 102%. സെൻസെക്‌സ് 105%. കടന്നുപോയ വാരം വിപണി നഷ്‌ടം നികത്തിയതിന്റെ കണക്കാണിത്. എക്‌സിറ്റ് പോൾ ഫല പ്രഖ്യാപനത്തിന്റെ ഉന്മാദത്തിൽ നേടിയ പോയിന്റുകളൊക്കെ യഥാർഥ ഫല പ്രഖ്യാപന ദിവസം നഷ്‌ടപ്പെട്ടപ്പോൾ ഇനിയൊരു വീണ്ടെടുപ്പു നീണ്ടുപോയേക്കാമെന്നായിരുന്നു നിഗമനം. വീണ്ടെടുപ്പിനു പക്ഷേ, വേണ്ടിവന്നതു മൂന്നു വ്യാപാരദിനം മാത്രം. വിപണിയുടെ വ്യാകരണം അറിയാത്തവർ നഷ്‌ടക്കണക്കിൽ കുംഭകോണം വരെ ആരോപിച്ചതു വെറുതെയായി.
ഭരണത്തുടർച്ച ഉറപ്പാണെന്നു തിരിച്ചറിഞ്ഞതു മാത്രമല്ല വിപണിയുടെ മുന്നേറ്റത്തിനു സഹായകമായത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുകയാണെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണം വിപണിക്ക് ഉത്സാഹം പകരുന്നതായി. വിദേശനാണ്യ കരുതൽ ശേഖരം 65,150 കോടി ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തിയിരിക്കുന്നു എന്ന കണക്കും വിപണിക്കു പ്രതീക്ഷ പകർന്നു.
ആഗോള സാഹചര്യങ്ങളും അനുകൂലം
ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുകയാണെന്ന സൂചനകളും കഴിഞ്ഞ ആഴ്‌ച ലഭ്യമായിരുന്നു. യുഎസ് ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ നിരക്കിളവു പ്രഖ്യാപിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ആദ്യ പ്രഖ്യാപനം സെപ്‌റ്റംബറിൽ പ്രതീക്ഷിക്കുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്ക് 2019 നു ശേഷം ആദ്യമായി നിരക്കിളവു പ്രഖ്യാപിച്ചുകഴിഞ്ഞു.
ഡോളർ പ്രവാഹം പ്രതീക്ഷിക്കാം
ഇനി മുമ്പത്തെപ്പോലെ വിദേശ ധനസ്‌ഥാപനങ്ങളുടെ പിന്തുണകൂടിയാണ് ഇന്ത്യൻ വിപണിക്ക് ആവശ്യം. അതിന് ഏറെ കാത്തിരിക്കേണ്ടിവരില്ലെന്നു പ്രതീക്ഷിക്കാം.
കഴിഞ്ഞ ആഴ്‌ചയിലെ അവസാന വ്യാപാര ദിവസം വിദേശ ധനസ്‌ഥാപനങ്ങളിൽനിന്ന് 4391.02 കോടി രൂപയുടെ അറ്റ നിക്ഷേപം ഇന്ത്യൻ വിപണിക്കു ലഭിച്ചതു മാറുന്ന സാഹചര്യങ്ങളുടെ സൂചനയാണെന്നു കരുതാം.
ഗാരന്റിയില്ലാത്ത മുന്നേറ്റ സാധ്യത
കഴിഞ്ഞ ആഴ്‌ച വിപണിയിൽ അനുഭവപ്പെട്ട കയറ്റിറക്കം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത തോതിൽ കുത്തനെയുള്ളതായിരുന്നു. മുന്നേറ്റത്തിനാണു കൂടുതൽ കരുത്തു തെളിയിക്കാൻ കഴിഞ്ഞത് എന്നതുകൊണ്ട് ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ അതിന്റെ തുടർച്ച ന്യായമായും പ്രതീക്ഷിക്കാം. നിഫ്‌റ്റി 22,800 പോയിന്റ് നിലവാരം ദുർബലമാകാതെ സംരക്ഷിക്കുന്നിടത്തോളം മുന്നേറ്റ സാധ്യതയ്‌ക്കുതന്നെയായിരിക്കും മുൻതൂക്കം. പോരെങ്കിൽ ആശങ്കയുടെ സൂചിക വളരെ ഉയർന്ന നിലവാരത്തിൽനിന്ന് ഏറെ താഴ്‌ന്നുകഴിഞ്ഞിരിക്കുകയാണല്ലോ. അതേസമയം, സഖ്യകക്ഷികളുടെ സമ്മർദം നേരിടേണ്ടിവന്നേക്കാവുന്ന സർക്കാരാണ് അധികാരമേറിയിരിക്കുന്നതെന്നും അതിനാൽ ‘മോദിയുടെ ഗാരന്റി’ പ്രതീക്ഷിക്കാനാവില്ലെന്നുമുള്ള യാഥാർഥ്യം വിപണിയുടെ ഭാവിക്കുമേൽ തൂങ്ങിനിൽക്കുന്ന വാളായിരിക്കുമെന്നതു വിസ്‌മരിക്കാനാവില്ല.
എക്‌സ്–ഡേറ്റാകുന്ന ഓഹരികൾ
ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ താഴെ പറയുന്ന കമ്പനികളുടെ ഓഹരികൾ ലാഭവീത അർഹതയുടെ കാര്യത്തിൽ ‘എക്‌സ്–ഡേറ്റ്’ ആകും. ആ ദിവസത്തിനു മുൻപ് ഓഹരി സ്വന്തമാക്കുന്നവർക്കു മാത്രമായിരിക്കും ബ്രായ്‌ക്കറ്റിൽ നൽകിയിട്ടുള്ള ലാഭവീതത്തിന് അർഹത.
∙ നാളെ: ഏഷ്യൻ പെയിന്റ്‌സ് (2815%), ടാറ്റ മോട്ടോഴ്‌സ് (150%).
∙ 14ന്: അംബുജ സിമന്റ്‌സ് (100%), ഹിന്ദുസ്‌ഥാൻ യൂണിലീവർ (2400%), അദാനി എന്റർപ്രൈസസ് (130%), അദാനി പോർട്‌സ് (300%).