വിഴിഞ്ഞം തുറമുഖം: തുടക്കം ഓണത്തിന് മുൻപുണ്ടാകില്ലെന്നു സൂചന

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങളുടെ തുടക്കം ഓണത്തിനു മുൻപുണ്ടാകില്ലെന്നു സൂചന നൽകി മന്ത്രി വി.എൻ.വാസവൻ. കസ്റ്റംസിൽനിന്നുൾപ്പെടെ ആവശ്യമായ അനുമതികൾ ലഭിച്ചാൽ ഒക്ടോബറിനും ഡിസംബറിനുമിടയിൽ വാണിജ്യ പ്രവർത്തനം തുടങ്ങാമെന്നാണു കരുതുന്നതെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഓണസമ്മാനമായി തുറമുഖം കമ്മിഷൻ ചെയ്യുമെന്നു മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
തുറമുഖ നിർമാണത്തിൽ ആകെ 88 % പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ 884.38 കോടി രൂപ ഇതുവരെ അദാനി കമ്പനിക്കു നിർമാണത്തിനായി നൽകി.
തുറമുഖത്തു കൈകാര്യം ചെയ്യുന്ന ചരക്കിന്റെ 16 % കരമാർഗമായിരിക്കുമെന്നാണു കണക്കുകൂട്ടൽ.
ഇതിൽ 70 % റോഡ് മാർഗവും 30 % റെയിൽമാർഗവുമായിരിക്കും.
നിർദിഷ്ട ഭൂഗർഭ റെയിൽപാത ബാലരാമപുരം സ്റ്റേഷനും തുറമുഖവുമായി ബന്ധിപ്പിക്കുന്നതിന് ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ, വിഴിഞ്ഞം എന്നീ വില്ലേജുകളിലായി 5.53 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഇതിന് 198 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.