വായ്പാ പലിശനിരക്ക് കുറച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇഎംഐ കുറയും
Mail This Article
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) വായ്പകളുടെ അടിസ്ഥാന പലിശനിരക്കുകളിലൊന്നായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്‍ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) കുറച്ചു. പുതുക്കിയ നിരക്ക് നാളെ (ജൂണ്‍ 20) പ്രാബല്യത്തില്‍ വരും. എല്ലാ ശ്രേണികളിലും 0.05 ശതമാനം കുറവാണ് വരുത്തിയത്.
ഇതോടെ, എംസിഎല്‍ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്ക് താഴും. അതായത്, തിരിച്ചടവ് ബാധ്യത (ഇഎംഐ) കുറയും. സ്വര്‍ണപ്പണയം, ഓവര്‍ഡ്രാഫ്റ്റ്, ജിഎസ്‍ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എംസിഎല്‍ആര്‍ ബാധകമെന്ന് ബാങ്കിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
പുതുക്കിയ നിരക്കുകള്‍
കഴിഞ്ഞ ഒരുവര്‍ഷത്തോളമായി തുടര്‍ച്ചയായി വര്‍ധിപ്പിച്ചശേഷമാണ് ഇപ്പോൾ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംസിഎല്‍ആര്‍ വെട്ടിക്കുറച്ചത്. ഇതുപ്രകാരം ഓവര്‍നൈറ്റ് (ഒറ്റനാള്‍), ഒരുമാസം എന്നിങ്ങനെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിലവിലെ 9.80 ശതമാനത്തില്‍ നിന്ന് 9.75 ശതമാനമായി. മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.85 ശതമാനത്തില്‍ നിന്ന് 9.80 ശതമാനത്തിലേക്കും ആറ് മാസക്കാലാവധിയുള്ളവയുടേത് 9.90 ശതമാനത്തില്‍ നിന്ന് 9.85 ശതമാനത്തിലേക്കും കുറഞ്ഞു. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എംസിഎല്‍ആര്‍ 9.95 ശതമാനമാണ്. നിലവിലെ 10 ശതമാനത്തില്‍ നിന്നാണ് കുറഞ്ഞത്.
എന്താണ് എംസിഎല്‍ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നാണ് എംസിഎല്‍ആര്‍. 2016ലാണ് റിസര്‍വ് ബാങ്ക് ഇത് നടപ്പാക്കിയത്. റിസര്‍വ് ബാങ്കിന്‍റെ റീപ്പോ നിരക്ക് അടിസ്ഥാനമാക്കിയാണ് പ്രധാനമായും എംസിഎല്‍ആർ നിശ്ചയിക്കുക. റീപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായ മാറ്റം എംസിഎല്‍ആറിലും ഉണ്ടാകും. വായ്പാ കാലാവധി, ബാങ്കിന്‍റെ പ്രവര്‍ത്തനച്ചെലവ് എന്നീ ഘടകങ്ങളും കൂടി എംസിഎല്‍ആര്‍ നിര്‍ണയത്തില്‍ ഉൾപ്പെടും. ഓരോ ബാങ്കിനും എംസിഎല്‍ആര്‍ വ്യത്യസ്തമാണ്.