ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം തുടരുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ചൊവ്വാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 6,630 രൂപയിലും പവന് 53,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും വില ഇടിയാൻ കാരണം. ജൂണ്‍ ഏഴിന് പവന് 54,080 രൂപ എന്ന മാസത്തിലെ ഉയർന്ന നിലയിൽ എത്തിയ സ്വര്‍ണവില തൊട്ടടുത്ത ദിവസം 1520 രൂപ കുറഞ്ഞത് ആഭരണ പ്രേമികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. രാജ്യാന്തര വിപണിയിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ വാങ്ങുന്നത് നിർത്തിവച്ചു എന്ന വാർത്തയാണ് ഇതിന് കാരണമായത്.
അമേരിക്കയിൽ കുറഞ്ഞു വരുന്ന പണപ്പെരുപ്പവും യൂറോപ്യൻ ഓഹരി വിപണിയിൽ കാണുന്ന തിരിച്ചടിയും ഈ വർഷം തന്നെ അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കൽ നടപടികൾ ഉണ്ടാകുമെന്ന വിലയിരുത്തലും സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
വേൾഡ് ഗോൾഡ് കൗൺസിൽ 2024 സെൻട്രൽ ബാങ്ക് ഗോൾഡ് റിസർവ് സർവേ റിപ്പോർട്ട് പുറത്ത് വിട്ടു. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങൾക്കിടയിലും സെൻട്രൽ ബാങ്കുകൾ സമീപ വർഷങ്ങളിൽ സ്വർണം വാങ്ങുന്നതിൽ കാര്യമായ പങ്കുവഹിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അടുത്ത 12 മാസത്തിനുള്ളിൽ കൂടുതൽ സ്വർണം ചേർക്കുമെന്ന് 29% പേരും ഔദ്യോഗിക മേഖലയിലെ സ്വർണ കരുതൽ മൊത്തത്തിൽ ഇതേ കാലയളവിൽ വളരുമെന്ന് 81% പേരും പറഞ്ഞു.
ആഗോള കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ ഭാവി പങ്കിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, കഴിഞ്ഞ വർഷത്തെ 62% ശതമാനത്തെ അപേക്ഷിച്ച് അഞ്ച് വർഷത്തിനുള്ളിൽ സ്വർണത്തിൻ്റെ കരുതൽ വിഹിതം കൂടുതലായിരിക്കുമെന്ന് 69% പേർ പറഞ്ഞു.ഉയർന്ന റെക്കോർഡ് ഉള്ള 70 സെൻട്രൽ ബാങ്കുകളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ പ്രകാരമാണ് ഈ റിപ്പോർട്ട് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്ത് വിട്ടിരിക്കുന്നത്.