സ്വർണവില കുതിക്കുന്നു; വീണ്ടും 54,000 രൂപ കടന്ന് പവൻ, വെള്ളിയും മുന്നോട്ട്
Mail This Article
സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 54,000 രൂപയ്ക്ക് മുകളിലെത്തി. ഇന്ന് 520 രൂപ ഉയർന്ന് വില 54,120 രൂപയായി. 65 രൂപ വർധിച്ച് 6,765 രൂപയാണ് ഗ്രാം വില. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂൺ 7ന് ശേഷം പവൻ വില 54,000 രൂപ കടന്നതും ആദ്യമാണ്. ജൂലൈ ഒന്നിലെ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും ഉയർന്നു. ഗ്രാമിന് ഒരു രൂപ വർധിച്ച് വില 98 രൂപയായി.
രാജ്യാന്തര സ്വർണ വില
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഏറെ വൈകാതെ താഴ്ത്തിയേക്കാമെന്ന ശുഭാപ്തിവിശ്വാസം രാജ്യാന്തര സ്വർണവിലയ്ക്ക് കുതിപ്പാകുന്നുണ്ട്. രാജ്യാന്തര വില ഔൺസിന് ഇപ്പോഴുള്ളത് 35 ഡോളർ ഉയർന്ന് 2,391 ഡോളറിൽ. കഴിഞ്ഞ ആറാഴ്ചത്തെ ഉയർന്ന വിലയാണിത്. ഡോളർ ദുർബലമാകുന്നതും സ്വർണവില കൂടാനിടയാക്കുകയാണ്.
സെപ്തംബറില്‍ പ്രതീക്ഷിക്കുന്ന യുഎസ് ഫെഡ് പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിൽ സ്വർണ വിലയെ സ്വാധീനിക്കുക. ഫെഡ് പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണത്തിന് വീണ്ടും കുതിപ്പുണ്ടാക്കിയേക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. അതോടൊപ്പം വരാനിരിക്കുന്ന യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനും സ്വർണ വിലയെ സ്വാധിനിക്കാൻ കഴിയും.