പണപ്പെരുപ്പ നിരക്കിലെ വർധന; ജനങ്ങൾക്ക് പലിശഭാരം
Mail This Article
കൊച്ചി ∙ പണപ്പെരുപ്പ നിരക്കിലെ വർധനയുടെ പശ്‌ചാത്തലത്തിൽ പലിശയുടെ പടിയിറക്കം വൈകും. നിരക്കു കുറയ്‌ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ തയാറാകില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ബാങ്കുകൾ വായ്‌പകൾക്കുള്ള പലിശ വർധിപ്പിക്കുകയാണ്.
2023 ഫെബ്രുവരിക്കു ശേഷം ആർബിഐ വായ്പ നിരക്കു വർധന പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇക്കഴിഞ്ഞ ആറു മാസത്തിനിടയിൽത്തന്നെ ഏഴോളം ബാങ്കുകൾ വായ്‌പ നിരക്കിൽ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യിൽനിന്നാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപനം വന്നിരിക്കുന്നത്. വിവിധ കാലയളവുകളിലേക്കുള്ള വായ്‌പകൾക്ക് 0.5 മുതൽ 0.10% വരെയാണു വർധന. കൂടുതൽ ബാങ്കുകളിൽനിന്നു സമീപ ദിവസങ്ങളിൽ പ്രഖ്യാപനത്തിനു സാധ്യതയുണ്ട്.
പണപ്പെരുപ്പവുമായി ബന്ധപ്പെട്ട രണ്ടു നിരക്കുകളും വർധിച്ചിരിക്കുകയാണ്. മൊത്തവില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നിരക്ക് 3.36 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. 16 മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. പലിശ നിർണയത്തിന് ആർബിഐ പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണ്. അതാകട്ടെ നാലു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കായ 5.08 ശതമാനത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. ഇത് ആർബിഐ നിശ്‌ചയിച്ചിട്ടുള്ള സഹന നിലവാരത്തിന്റെ ഉയർന്ന പരിധിക്കു തൊട്ടടുത്താണ്. 2 – 6 ശതമാനമാണു സഹന പരിധി. ഈ സാഹചര്യത്തിലാണു വായ്‌പ നിരക്കുകളിൽ ഇളവ് അനുവദിക്കാൻ ആർബിഐ ഉടൻ തയാറാകില്ലെന്നു നിരീക്ഷകർ അനുമാനിക്കുന്നത്.
ഭക്ഷ്യോൽപന്ന വിലക്കയറ്റമാണു പണപ്പെരുപ്പ നിരക്കിലെ വർധനയ്‌ക്കു പ്രധാന കാരണം. വിലക്കയറ്റത്തിനു വിരാമമാകുമോ എന്നതു കാലവർഷത്തിന്റെ അളവിനെയും തുടർന്നുള്ള വിളവെടുപ്പിനെയും ആശ്രയിച്ചിരിക്കും. കഴിഞ്ഞ ആഴ്‌ചയിലെ കണക്കനുസരിച്ചു ഖാരിഫ് വിതയുടെ അളവിൽ മുൻ വർഷത്തെക്കാൾ 14% വർധനയുണ്ടെന്നത് ആശ്വാസകരമാണ്.
നിരക്കിളവിനെപ്പറ്റി എന്തെങ്കിലും സൂചന നൽകാൻ സമയമായിട്ടില്ലെന്നാണ് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് ഏതാനും ദിവസം മുൻപ് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിൽ വായ്‌പ നിരക്കുകളിൽ ഇളവു പ്രതീക്ഷിക്കാൻ ഡിസംബർ വരെ കാത്തിരിക്കേണ്ടിവന്നേക്കാമെന്നു നിരീക്ഷകർ അനുമാനിക്കുന്നു.
ആർബിഐയുടെ അടുത്ത പണ, വായ്‌പ നയ സമിതി (എംപിസി) യോഗം ഓഗസ്‌റ്റ് 6 മുതൽ 8 വരെയാണ്. കഴിഞ്ഞ എട്ടു തവണത്തെയും പോലെ വായ്‌പ നിരക്ക് 6.5 ശതമാനത്തിൽ തുടരാൻതന്നെയുള്ള തീരുമാനത്തിനാണു സാധ്യത.