എണ്ണക്കച്ചവടത്തിൽ തെന്നി റിലയൻസിന്‍റെ ലാഭം; കടബാധ്യത കുറഞ്ഞു, ജിയോയ്ക്ക് ലാഭക്കുതിപ്പ്

Mail This Article
ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) നേരിട്ടത് ലാഭത്തകർച്ച.
മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 4.5 ശതമാനം ഇടിവുമായി 17,445 കോടി രൂപയുടെ സംയോജിത ലാഭമാണ് ഇക്കുറി റിലയൻസ് നേടിയത്. പാദാടിസ്ഥാനത്തിൽ ലാഭം കുറഞ്ഞത് 18 ശതമാനമാണ്.
വരുമാനം 11.5 ശതമാനം ഉയർന്ന് 2.58 ലക്ഷം കോടി രൂപയായിട്ടുണ്ട്. നികുതിയും പലിശയും ഉൾപ്പെടെയുള്ള ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (എബിറ്റ്ഡ/EBITDA) രണ്ട് ശതമാനം ഉയർന്ന് 42,748 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ പക്ഷേ, 1.50 ശതമാനം ഇടിഞ്ഞ് 16.6 ശതമാനത്തിലെത്തി. അതേസമയം, റിലയൻസിന്‍റെ കടബാധ്യത 3.2 ലക്ഷം കോടി രൂപയിൽ നിന്ന് 3 ലക്ഷം കോടി രൂപയായി കുറഞ്ഞു.
വിവിധ വിഭാഗങ്ങളുടെ ജൂൺപാദ പ്രകടനം:
- ഓയിൽ ടു കെമിക്കൽസ്
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ മുഖ്യ ബിസിനസ് വിഭാഗമായ ഓയിൽ ടു കെമിക്കൽസ് (ഒ2സി) 18 ശതമാനം വളർച്ചയോടെ 1.57 ലക്ഷം കോടി രൂപയുടെ വരുമാനം കഴിഞ്ഞപാദത്തിൽ നേടി. എന്നാൽ, എബിറ്റ്ഡ 14.3 ശതമാനം ഇടിഞ്ഞ് 13,093 കോടി രൂപയായി. പ്രവർത്തനക്ഷമതയുടെ അളവുകോലായ പ്രവർത്തന മാർജിൻ (Operating Margin) 3.20 ശതമാനം താഴ്ന്ന് 8.3 ശതമാനത്തിലുമെത്തി.
ആഗോളതലത്തിൽ എണ്ണ ആവശ്യകതയിലുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രതികരിച്ചു. 7,611 കോടി രൂപയാണ് ഒ2സി വിഭാഗത്തിന്‍റെ ലാഭം. കഴിഞ്ഞവർഷത്തെ ജൂൺപാദത്തേക്കാൾ 32.5 ശതമാനം കുറവാണിത്.

ഓയിൽ ആൻഡ് ഗ്യാസ് വിഭാഗത്തിന്‍റെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 33.4 ശതമാനവും എബിറ്റ്ഡ 29.8 ശതമാനവും ഉയർന്നു.
- ജിയോ പ്ലാറ്റ്ഫോംസ്
റിയൻസിന്‍റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് 11.7 ശതമാനം കുതിപ്പോടെ 5,698 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. വരുമാനം 12.8 ശതമാനം ഉയർന്ന് 29,449 കോടി രൂപയായി. എബിറ്റ്ഡ 13,116 കോടി രൂപയിൽ നിന്ന് 11.6 ശതമാനം വർധിച്ച് 14,638 കോടി രൂപ.

ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) നേരിയ തോതിൽ മെച്ചപ്പെട്ട് 181.70 രൂപയായി. 48.97 കോടി ഉപയോക്താക്കളാണ് ജൂൺപാദ പ്രകാരം ജിയോയ്ക്കുള്ളത്. കഴിഞ്ഞപാദത്തിൽ പുതുതായി ജിയോയിലെത്തിയത് 80 ലക്ഷം ഉപയോക്താക്കൾ. 13 കോടി 5ജി ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.
- റിലയൻസ് റീറ്റെയ്ൽ
2,549 കോടി രൂപയാണ് റിലയൻസ് റീറ്റെയിലിന്‍റെ ജൂൺപാദ ലാഭം. മുൻ വർഷത്തെ സമാനപാദത്തിലെ 2,436 കോടി രൂപയേക്കാൾ 4.6 ശതമാനം അധികം. മൊത്ത വരുമാനം 69,948 കോടി രൂപയിൽ നിന്ന് 8.1 ശതമാനം ഉയർന്ന് 75,615 കോടി രൂപ.

എബിറ്റ്ഡ 10.5 ശതമാനം ഉയർന്ന് 5,664 കോടി രൂപയായത് നേട്ടമാണ്. എബിറ്റ്ഡ മാർജിനും 0.3 ശതമാനം ഉയർന്ന് 8.5 ശതമാനത്തിലെത്തി. 331 പുതിയ സ്റ്റോറുകളാണ് കഴിഞ്ഞപാദത്തിൽ തുറന്നത്. ആകെ സ്റ്റോറുകൾ ഇതോടെ 18,918 എണ്ണമായി.