ചാഞ്ചാട്ടത്തിൽ സ്വർണം; വില ഇന്നും താഴ്ന്നു, മാറാതെ വെള്ളി
Mail This Article
രാജ്യാന്തര വിപണിയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ, കേരളത്തിൽ സ്വർണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,770 രൂപയായി. 80 രൂപ താഴ്ന്ന് 54,160 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,625 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 96 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
കഴിഞ്ഞ 17ന് പവൻ വില ഒറ്റയടിക്ക് 720 രൂപ ഉയർന്ന് 55,000 രൂപയിലും ഗ്രാമിന് 90 രൂപ ഉയർന്ന് 6,875 രൂപയിലും എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പക്ഷേ വില താഴേക്കിറങ്ങി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 840 രൂപയും ഗ്രാമിന് 105 രൂപയും കുറഞ്ഞു. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ഈ വിലക്കുറവ് ആശ്വാസമാണ്.
കഴിഞ്ഞ 17ന് നികുതിയും പണിക്കൂലിയുമടക്കം 60,000 രൂപ കൊടുത്താലായിരുന്നു ഒരു പവൻ സ്വർണാഭരണം കിട്ടുമായിരുന്നത്. ഇപ്പോൾ വില കുറഞ്ഞതോടെ മൂന്ന് ശതമാനം ജിഎസ്‍ടി, ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5 ശതമാനം കണക്കാക്കിയാൽ) എന്നിവയും ചേർത്ത് 58,628 രൂപ കൊടുത്താൽ ഇന്നൊരു പവൻ സ്വർണാഭരണം വാങ്ങാം. അതായത്, കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 1,400 രൂപയോളം കുറവ്.
ചാഞ്ചാട്ടത്തിൽ രാജ്യാന്തര വില
രാജ്യാന്തര സ്വർണ വില ഔൺസിന് കഴിഞ്ഞവാരം എക്കാലത്തെയും ഉയരമായ 2,483 ഡോളർ വരെ ഉയർന്നിരുന്നു. ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ അമേരിക്ക അടിസ്ഥാന പലിശനിരക്ക് ഏറെ വൈകാതെ കുറച്ചേക്കുമെന്ന വിലയിരുത്തലുകളെ തുടർന്ന് കടപ്പത്ര നിക്ഷേപങ്ങൾ അനാകർഷകമായതും ഡോളർ ശക്തിയാർജ്ജിച്ചതുമാണ് സ്വർണ വിലയെ മുന്നോട്ട് നയിച്ചത്.
എന്നാൽ, ഉയർന്ന വില മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയത് പിന്നീട് സ്വർണ വില കുറയാനിടയാക്കി. കഴിഞ്ഞദിവസം ഔൺസിന് 2,400 ഡോളറിന് താഴെപ്പോയ വില ഇപ്പോൾ 2,405 ഡോളറിലേക്ക് തിരികെ കയറിയിട്ടുണ്ട്.