ബജറ്റിൽ കാണുമോ വികസിത ഭാരത സ്വപ്നം

Mail This Article
സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങൾക്കൊപ്പം ബജറ്റിൽ ‘ചരിത്രപരമായ ചില നടപടികളുമുണ്ടാവു’ മെന്നാണ് ജൂൺ 27ന് പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തെ അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. എന്തായിരിക്കാം അവ? ഇന്നറിയാം.
പുതിയ സർക്കാരിന്റെ ആദ്യ 100 ദിന അജൻഡ തയാറാക്കാൻ തിരഞ്ഞെടുപ്പുകാലത്തുതന്നെ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയശേഷം അവയെക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. 2047–ഓടെ വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള 50 പദ്ധതികൾ ഏതെന്ന് കണ്ടെത്തി ലിസ്റ്റ് ചെയ്യുകയായിരുന്നു ആദ്യ 100 ദിവസത്തെ ചുമതലയെന്നാണ് അറിയുന്നത്. ബജറ്റിൽ വ്യക്തമാക്കുമെന്നു കരുതാം.
വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ അടിസ്ഥാനപരമായ ഒരു മാറ്റം ഇന്ത്യയിൽ വരാനുണ്ട്. വികസിതമെന്ന് നാം ഇന്ന് വിളിക്കുന്ന രാജ്യങ്ങളെല്ലാം തന്നെ ഏതോ ഒരു ഘട്ടത്തിൽ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വ്യവസായവിപ്ലവത്തിലൂടെ ഇന്നത്തെ സർവീസ് അധിഷ്ഠിത സമ്പദ്ഘടനകളായവയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ 17 മുതൽ 19–ാം നൂറ്റാണ്ടുവരെയുള്ള കാലത്ത് വ്യവസായവിപ്ലവമോ വികസനമോ നടന്നു. അമേരിക്കയിൽ പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ. ജപ്പാനിലാവട്ടെ രണ്ടാം ലോകയുദ്ധത്തിനുശേഷം. ദക്ഷിണപൂർവേഷ്യയിൽ 1970–80കളിൽ. ചൈന എൺപതുകളിലും തൊണ്ണൂറുകളിലും. കാർഷികമായിരുന്ന സമ്പദ്‌വ്യവസ്ഥകൾ അടിസ്ഥാനപരമായി വ്യാവസായിക സമൂഹങ്ങളായി മാറിയ വിപ്ലവം. അതിന്റെ തുടർച്ചയായാണ് അവരെല്ലാം ഇന്നത്തെ സേവനാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് മാറിയത്.
ഇന്ത്യയിൽ അങ്ങനെയൊരു വിപ്ലവം എന്നു വിളിക്കാൻ മാത്രമുള്ള വ്യാവസായികവളർച്ച ഇനിയും സംഭവിച്ചിട്ടില്ല. ഇന്നും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 20 ശതമാനത്തിൽ താഴെയാണു വ്യാവസായിക ഉൽപാദനത്തിന്റെ പങ്ക്.
അതേസമയം, ഇന്ത്യയുടെ സേവനാധിഷ്ഠിത വ്യവസായങ്ങളാവട്ടെ മുൻനിരരാജ്യങ്ങളോടു കിടപിടിക്കുന്ന നിലയിലേക്കു വളർന്നുകഴിഞ്ഞു. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 50% ഈ മേഖലയുടെ സംഭാവനയാണ്. ചുരുക്കത്തിൽ കാർഷികാധിഷ്ഠിത സമ്പദ്ഘടനയിൽ നിന്ന് ഇന്ത്യ നേരെ സേവനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി മാറുകയായിരുന്നു.
വ്യാവസായികാടിത്തറയില്ലാത്ത സമ്പദ്‌വ്യവസ്ഥ ദുർബലമാണ്. ഉറച്ച അടിത്തറയിൽ ഉയർത്തിയ ദുർബലമായ തൂണുകൾക്കുമേൽ നിർമിച്ച ഭാരമേറിയ മേൽക്കൂര പോലെ. ഇവിടെ അടിത്തറ എന്നതു കാർഷികമേഖല. മേൽക്കൂര ഐടിയും ഇലക്ട്രോണിക്സ് വ്യവസായങ്ങളും മറ്റുമുൾപ്പെട്ട സേവനമേഖല. രണ്ടും ബലമേറിയതാണ്. പക്ഷേ, ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള വ്യവസായമേഖല വേണ്ടത്ര ശക്തമായിട്ടില്ല.
ഇക്കാര്യം ഭരണകൂടത്തിനും ബോധ്യമുണ്ട്. അതിനാലാണ് മേക്ക് ഇൻ ഇന്ത്യ ദൗത്യം പ്രഖ്യാപിച്ചതും അവയിൽ വൻ തോതിൽ വിദേശനിക്ഷേപങ്ങൾക്ക് വഴിയൊരുക്കിയതും. എങ്കിലും പ്രധാനമായും സേവനാധിഷ്ഠിത വ്യവസായങ്ങളിലേക്കാണ് നിക്ഷേപം വന്നുകൊണ്ടിരിക്കുന്നത്. ഫാക്ടറി ഉൽപാദനത്തിൽ കാര്യമായ നിക്ഷേപവിപ്ലവം നടന്നിട്ടില്ല. അതിനാൽ ഈ രംഗത്ത് നിക്ഷേപം ആകർഷകമാക്കാനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം.
നരേന്ദ്ര മോദിയുടെ പത്തുകൊല്ലത്തെ വികസനക്കുതിപ്പിൽ സാധാരണജനത്തെ മറന്നെന്ന ആരോപണം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേട്ടിരുന്നു. തൊഴിൽ നൽകാത്ത വികസനമെന്നാണ് വിദഗ്ധർ സർക്കാരിന്റെ സാമ്പത്തികനടത്തിപ്പിനെ വിശേഷിപ്പിച്ചത്.
തൊഴിൽ നൽകാനും ഫാക്ടറിവിപ്ലവം ആവശ്യമാണ്. വ്യവസായ വളർച്ചയിൽ വൻ വ്യവസായങ്ങൾക്കാണ് പൊതുവെ മുൻതൂക്കം നൽകുന്നതെങ്കിലും തൊഴിൽ മേഖലയിലെ കുതിപ്പിന് ചെറുവ്യവസായങ്ങളും ആവശ്യമാണ്– പ്രത്യേകിച്ച് സൂക്ഷ്മ–ചെറുകിട– ഇടത്തരം വിഭാഗത്തിലുള്ളവ. ഈ വ്യവസായങ്ങളാവട്ടെ കോവിഡ് കാലത്തു നേരിട്ട വെല്ലുവിളികളിൽ നിന്ന് പൂർണമുക്തി നേടിയിട്ടില്ല. വ്യവസായം ആരംഭിച്ച് ആദ്യകൊല്ലങ്ങളിലുണ്ടാവാൻ സാധ്യതയുള്ള നഷ്ടമാണ് ചെറുവ്യവസായങ്ങളെ അലട്ടുന്ന പ്രധാനപ്രശ്നം. ഈ നഷ്ടം നികത്താൻ നികുതിയിളവും നികുതി അവധിയും കൂടാതെ ഇൻഷുറൻസോ മറ്റ് ഉറപ്പുകളോ നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
രാജ്യത്ത് വികസിത വ്യാവസായികാന്തരീക്ഷമില്ലാത്തതിന്റെ ഫലം തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിരോധരംഗത്തെ വ്യവസായങ്ങളിൽ സ്ഥിരമായി കേൾക്കുന്ന ഒരു പരാതിയാണ് ഇന്ത്യയിൽ വേണ്ടത്ര ഡിസൈൻ എൻജിനീയർമാർ ഇല്ലെന്നത്.
ഒരു പുതിയ ഉൽപന്നം അടിസ്ഥാനപരമായി ഡിസൈൻ ചെയ്തെടുത്ത്, അതിന്റെ നിർമാണവും സംയോജനവും ഉപയോക്താവിന്റെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് രൂപപ്പെടുത്തിയെടുക്കാനുള്ള മിടുക്കാണ് ഡിസൈൻ എൻജിനീയറിങ്. ദശകങ്ങളായി സങ്കീർണമായ ഉൽപന്നങ്ങൾ നിർമിച്ചുവരുന്ന വ്യവസായസമൂഹത്തിലേ നല്ല ഡിസൈൻ എൻജിനീയറിങ് സംസ്കാരം കണ്ടുവരുന്നുള്ളു. വിഭവസമാഹരണത്തിലും തൊഴിൽ ലഭ്യതയിലുമെല്ലാം പിന്നിലായിട്ടും സങ്കീർണമായ സാങ്കേതിക വ്യവസായങ്ങളിൽ ഇന്നും മുൻനിരയിൽ നിൽക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് സാധിക്കുന്നത് അവിടെ ഡിസൈൻ എൻജിനീയറിങ് സംസ്കാരമുള്ളതുകൊണ്ടാണ്.
ഇന്ത്യയുടെ തൊഴിൽസമ്പത്ത് ഇപ്പോഴും പ്രധാനമായും ‘അൺസ്കിൽഡ്’ അല്ലെങ്കിൽ ‘സെമി–സ്കിൽഡ്’ ആണ്. ഇന്ത്യയിലേക്ക് ഫാക്ടറികളുമായി എത്തുമെന്ന് കരുതുന്ന ഇലക്ട്രിക് കാർ കമ്പനികൾക്കും സെമി–കണ്ടക്ടർ വ്യവസായങ്ങൾക്കും സ്കിൽഡ് ലേബർ ആവശ്യമാണ്.
സ്കിൽ ഇന്ത്യ പോലുള്ള പദ്ധതികൾ ഇപ്പോഴും അൺസ്കിൽഡ് തൊഴിലാളിയെ സെമി–സ്കിൽഡ് ആക്കുന്നവയാണ്. തൊഴിൽ മേഖലയ്ക്ക് ആധുനികസാങ്കേതിക നൈപുണ്യം ലഭിക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിന്നു മറ്റൊരു പ്രതീക്ഷ.
വികസിതഭാരത സങ്കൽപത്തിലൂടെ സമ്പദ്ഘടനയിൽ വിപ്ലവകരമായ മാറ്റമാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെങ്കിൽ മേൽപറഞ്ഞ 3 മേഖലകളിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
വ്യവസായമേഖലയെ ഹരിതോർജങ്ങളിലേക്കു നയിക്കാൻ സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് മറ്റൊന്ന്. ഇന്ത്യതന്നെ നൽകിയിരിക്കുന്ന കാർബൺ കുറയ്ക്കൽ ഉറപ്പുകൾ കൂടാതെ, ഇന്ത്യ ഏർപ്പെടാനിരിക്കുന്ന സ്വതന്ത്രവ്യാപാരക്കരാറുകൾ കൂടി ഇവിടെ ഘടകമാണ്.
ഹരിതോർജങ്ങളിലേക്ക് മാറാൻ വികസ്വര രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് വികസിത രാജ്യങ്ങളെക്കാൾ സമയമുണ്ടെങ്കിലും വ്യാപാരക്കരാറുകളനുസരിച്ച് ഏതുരാജ്യത്തേക്ക് ഉൽപന്നങ്ങൾ അയയ്ക്കുന്നോ ആ രാജ്യത്തെ ഹരിത സ്റ്റാൻഡേഡുകളനുസരിച്ച് ഇവിടെ ഉൽപാദനം നടത്തേണ്ടിവരും.
ഉദാഹരണത്തിന് ബ്രിട്ടനുമായാണ് സ്വതന്ത്രവ്യാപാരക്കരാർ ഉണ്ടാക്കുന്നതെങ്കിൽ ഇന്ത്യയിൽ നിന്നയയ്ക്കുന്ന ഉൽപന്നം ബ്രിട്ടനിൽ എങ്ങനെ നിർമിക്കുമായിരുന്നോ അതേ ഹരിത സ്റ്റാൻഡേഡ് അനുസരിച്ച് ഇവിടെ നിർമിക്കേണ്ടിവരും. അതിനാൽ ഹരിതോർജങ്ങളിലേക്ക് മാറാനുള്ള ഉത്തേജകങ്ങൾ ബജറ്റിൽ കാര്യമായി പ്രതീക്ഷിക്കാം.