കൊച്ചി വിമാനത്താവളത്തിൽ ഇനി ഇമിഗ്രേഷൻ എളുപ്പം; ഫാസ്റ്റ് ട്രാക്ക് സംവിധാനം റെഡി

Mail This Article
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സ്വയം ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സ്മാർട് ഗേറ്റ് (ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം) സജ്ജമായി. തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യും. രാജ്യത്ത് ഡൽഹി വിമാനത്താവളത്തിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.
ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പ്. രാജ്യാന്തര ടെർമിനലിലെ അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിൽ 4 വീതം കൗണ്ടറുകളിലാണ് സ്മാർട് ഗേറ്റുകൾ. ഇന്ത്യൻ പൗരൻമാർക്കും ഒസിഐ കാർഡ് ഉള്ളവർക്കുമാണ് നിലവിൽ സംവിധാനം ഉപയോഗിക്കാൻ കഴിയുക. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തണം. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്ത് ബയോമെട്രിക് എൻറോൾമെന്റ് പൂർത്തിയാക്കാം. എൻറോൾമെന്റ് കൗണ്ടറുകൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും സജ്ജമാക്കി.
ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെ കടന്നു പോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തു നിൽക്കേണ്ടതില്ല.