ഇടിവിന് ബ്രേക്ക്! സ്വർണ വില വീണ്ടും കൂടുന്നു, 'അമേരിക്ക' വഴി രാജ്യാന്തര വിലയും മുന്നോട്ട്

Mail This Article
കേന്ദ്ര ബജറ്റിലെ ഇറക്കുമതി ഇളവിന് പിന്നാലെ സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് മേലോട്ടുയർന്നു. ബജറ്റിലെ ഇളവിന് ആനുപാതികമായ കുറവ് ഇന്നലെയോടെ വിലയിൽ വരുത്തിക്കഴിഞ്ഞെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ന് കേരളത്തിലും സ്വർണ വില കൂടിയത്.
ഗ്രാമിന് 25 രൂപ വർധിച്ച് വില 6,325 രൂപയായി. 200 രൂപ ഉയർന്ന് 50,600 രൂപയാണ് പവൻ വില. ലൈറ്റ് വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ല് പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 5 രൂപ വർധിച്ച് 5,235 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 89 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
എന്തുകൊണ്ട് ഇന്ന് വില കൂടി?
കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇതുവഴി കേരളത്തിൽ ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറയേണ്ടതാണ്.

വിലയിൽ ഇത്രയും തുക ഒറ്റയടിക്ക് കുറയ്ക്കുന്നതിനോട് ചില വ്യാപാരികൾക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ ഘട്ടംഘട്ടമായി വില കുറച്ചിരുന്നു. ബജറ്റിന് ശേഷം ഇതുവരെ പവന് 3,560 രൂപയും ഗ്രാമിന് 445 രൂപയുമാണ് കുറച്ചത്.
ഇനിമുതൽ പതിവുപോലെ രാജ്യാന്തര, ദേശീയ വിപണികളിലെ ട്രെൻഡും സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ മുന്നോട്ടുവയ്ക്കുന്ന ബാങ്ക് റേറ്റും അടിസ്ഥാനമായാകും വില നിർണയമെന്നും വ്യാപാരികൾ വ്യക്തമാക്കിയിരുന്നു.
രാജ്യാന്തര വില നിലവിൽ ഉയർച്ചയുടെ ട്രാക്കിലാണ്. ഔൺസിന് 23 ഡോളർ ഉയർന്ന് 2,387.03 ഡോളറാണ് ഇപ്പോൾ വില. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക വൈകാതെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളെ തുടർന്ന് യുഎസ് കടപ്പത്രങ്ങളുടെ ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുറഞ്ഞതും സ്വർണ വില വർധനയ്ക്ക് ആക്കം കൂട്ടുന്നു.
ബോണ്ട് യീൽഡ് കുറഞ്ഞാൽ, നിക്ഷേപകർ കൂടുതൽ റിട്ടേൺ (നേട്ടം) ലഭിക്കുന്ന സ്വർണ നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റും. ഇത് സ്വർണ വില കൂടാനിടയാക്കും. നിലവിൽ അമേരിക്കൻ സർക്കാരിന്‍റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 0.047 ശതമാനം താഴ്ന്ന് 4.200 ശതമാനമാണ്. രണ്ടാഴ്ചയോളം മുമ്പ് ഇത് 4.5 ശതമാനമെന്ന ശക്തമായ നിലയിലായിരുന്നു.
പലിശ കുറയ്ക്കാൻ അമേരിക്ക
അമേരിക്കയിൽ ഉപയോക്തൃ പണപ്പെരുപ്പ സൂചിക (പിസിഇ പ്രൈസ് ഇൻഡെക്സ്) മേയിലെ 2.6 ശതമാനത്തിൽ നിന്ന് ജൂണിൽ 2.5 ശതമാനത്തിലേക്ക് താഴ്ന്നതോടെ, കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയേറി.

പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ഫെഡറൽ റിസർവിന്‍റെ ലക്ഷ്യം. എന്നാൽ, പലിശനിരക്ക് താഴ്ത്താൻ പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴുംവരെ കാത്തിരിക്കില്ലെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുമുണ്ട്.
സെപ്റ്റംബറോടെ പലിശ കുറച്ചുതുടങ്ങുമെന്നാണ് സൂചനകൾ. 2024ൽ ഇതുൾപ്പെടെ രണ്ടുതവണ പലിശ കുറച്ചേക്കും. ഇത് സംബന്ധിച്ച നിർണായക തീരുമാനം അടുത്തയാഴ്ച ചേരുന്ന ഫെഡറൽ റിസർവിന്‍റെ യോഗത്തിലുണ്ടാകും.
ഇന്നൊരു പവൻ ആഭരണത്തിന് എന്ത് കൊടുക്കണം?
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് സ്വർണാഭരണ വില.
പണിക്കൂലി ഓരോ ജ്വല്ലറിയിലും ഡിസൈനിന് ആനുപാതികമായി വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറുകളുടെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് 20-30 ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്.

മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് കൊടുക്കേണ്ടത് 54,780 രൂപയോളമാണ്. ബജറ്റിന് മുമ്പ് ഇത് 60,000 രൂപയായിരുന്നു.