ADVERTISEMENT

25,000. നിഫ്‌റ്റിയുടെ അടുത്ത ലക്ഷ്യം അതാണ്. അതു കൈവരിക്കാനാകട്ടെ അധിക സമയമൊന്നും വേണ്ട. കടന്നുപോയ വ്യാപാരവാരത്തിന്റെ അവസാന ദിവസം കണ്ട ആവേശം നിഫ്‌റ്റിയെ 24,860 പോയിന്റ് ഉയരത്തിൽവരെ എത്തിക്കുന്നതായിരുന്നല്ലോ. ബാക്കിയുള്ള 140 പോയിന്റ് പിന്നിടാൻ ഇനി അര നാഴിക നേരം പോലും അധികമാണെന്നുവരാം.

നികുതി നിരക്കുകളിലെ മാറ്റം കേന്ദ്ര ബജറ്റിൽ ഇടംപിടിച്ചിരുന്നില്ലെങ്കിൽ കഴിഞ്ഞ ആഴ്‌ച തന്നെ നിഫ്‌റ്റി 25,000 പോയിന്റിൽ വിജയ പതാക ഉയർത്തുമായിരുന്നു. വിപണിയിലെ അതിരുവിട്ട ആവേശത്തിനു പിന്നിൽ ഊഹക്കച്ചവടമാണെന്നും അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എഫ് & ഒ ഇടപാടുകൾക്കുള്ള നികുതി വർധിപ്പിക്കുന്നതെന്നുമായിരുന്നു വിശദീകരണം. ദീർഘകാല, ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്കുള്ള നികുതി വ്യവസ്ഥ യുക്‌തിസഹമാക്കുന്നതിന്റെ ഭാഗമെന്നാണ് അവയുടെ പരിഷ്‌കാരത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്.

ഫലിക്കാതെ പോയ ചികിത്സ

ഊഹക്കച്ചവടം അത്ര എളുപ്പത്തിൽ നിയന്ത്രിക്കാനാവില്ലെന്നതിനു കഴിഞ്ഞ വാരാന്ത്യത്തിലെ ഇടപാടുകൾതന്നെ തെളിവ്. ദീർഘകാല, ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്കുള്ള നികുതി വ്യവസ്‌ഥയാകട്ടെ പൂർണമായും യുക്‌തിസഹമായിട്ടുമില്ല. ഓഹരികൾക്കു 2018ൽ ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ഏർപ്പെടുത്തിയപ്പോൾ 2004ൽ ആരംഭിച്ച ഇടപാടു നികുതി (എസ്‌ടിടി) ക്രമേണ നിർത്തലാക്കുമെന്നു നിക്ഷേപകർ കരുതിയിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല ഇപ്പോൾ ഹ്രസ്വകാല നികുതി 2.5% വർധിപ്പിച്ചിരിക്കുകയുമാണ്.

നികുതി വർധനയുടെ പേരിൽ വിപണിയിൽ വ്യാപിച്ച നിരാശ പക്ഷേ, ഉപകാരമായെന്നു പറയാം. പല ഓഹരികളുടെയും അമിത നിലവാരത്തിലേക്ക് ഉയർന്ന വിലയിൽ തിരുത്തലുണ്ടായി. അടുത്ത ഘട്ടത്തിലേക്കുള്ള കുതിപ്പിനു കാലൂന്നാൻ ആവശ്യമായ ഉറച്ച പ്രതലം സജ്‌ജമാക്കാൻ അഞ്ചു ദിവസം നീണ്ട തിരുത്തൽ സഹായകമായി.

മെച്ചപ്പെടുന്ന ആഗോള സാഹചര്യം

ആഗോള സാമ്പത്തിക സാഹചര്യങ്ങളും മെച്ചപ്പെടുകയാണ്. യുഎസിൽ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കൂടിയ ബിസിനസ് വളർച്ചയാണ് അനുഭവപ്പെടുന്നതെന്ന് എസ് & പി ഗ്‌ളോബലിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്ക് സെപ്‌റ്റംബറിൽ പണ നയത്തിലെ മാറ്റം പരിഗണിച്ചേക്കുമെന്നും അറിയുന്നു. ഇന്ത്യയിലെ സാമ്പത്തിക സ്‌ഥിതിയും കരുത്താർജിക്കുന്നതിന്റെ കണക്കുകളാണു ലഭിക്കുന്നത്.

നിഫ്റ്റി 25,000 – 25,100 നിലവാരത്തിലേക്ക്

കഴിഞ്ഞ ആഴ്‌ചയിലെ അവസാന ദിവസം 24,860 പോയിന്റ് വരെ നിഫ്‌റ്റിക്ക് ഉയരാനായെങ്കിലും 24,834.85 നിലവാരത്തിലായിരുന്നു അന്ത്യം. 24,650 നിലവാരം ശക്‌തമായ പിന്തുണയുടേതായി കരുതാം. 25,000 – 25,100 പോയിന്റ് വരെ മുന്നേറാനുള്ള കരുത്തുണ്ടെന്നും കരുതാം. ആ നിലവാരത്തിലാണു ശക്തമായ പ്രതിരോധം പ്രതീക്ഷിക്കുന്നത്.

കമ്പനികളിൽനിന്നുള്ള കണക്കുകൾ

ഈ ആഴ്‌ച പ്രവർത്തന ഫലം പ്രസിദ്ധീകരിക്കുന്ന കമ്പനികൾ ഏറെയുണ്ട്. അവയിൽ പലതിന്റെയും ഫലങ്ങൾ വിപണിയിൽ ഗണ്യമായ തോതിലുള്ള കയറ്റിറക്കങ്ങൾ സൃഷ്‌ടിക്കുന്നവയായിരിക്കും. ഫലം പുറത്തുവിടുന്ന കമ്പനികളിൽ ഇവ ഉൾപ്പെടുന്നു:

ഇന്ന്: ഭാരത് ഇലക്‌ട്രോണിക്‌സ്, എച്ച്‌പിസിഎൽ, കോൾഗേറ്റ്, എസിസി, സിഎസ്‌ബി ബാങ്ക്, ഇന്ത്യൻ ബാങ്ക്, വണ്ടർല, നൊവാർട്ടിസ്, ഫൈസർ, ശാന്തി ഗിയേഴ്‌സ്, അരവിന്ദ്, കൻസായ് നെറോലാക്, വേൾപൂൾ ഇന്ത്യ, ഇന്ത്യ ഗ്‌ളൈക്കോൾസ്, ജിൻഡാൽ ഡ്രില്ലിങ്.

∙ നാളെ:
ഐഒസി, ഗെയ്‌ൽ, ടാറ്റ കൺസ്യൂമർ.

∙ 31ന്:
അംബുജ സിമന്റ്‌സ്, ടാറ്റ സ്‌റ്റീൽ, മാരുതി.

∙ ഓഗസ്‌റ്റ് 01:
ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഡാബർ ഇന്ത്യ, സൺ ഫാർമ, കല്യാൺ ജ്വല്ലേഴ്‌സ്.

∙ ഓഗസ്‌റ്റ് 02:
ടൈറ്റൻ.

∙ ഓഗസ്‌റ്റ് 03:
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി ഹൗസിങ്, തമിഴ്‌നാട് മർക്കന്റൈൽ ബാങ്ക്.

English Summary:

stock preview

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com