സ്വർണത്തിൽ ചാഞ്ചാട്ടം; വില വീണ്ടും കുറയുന്നു, വിവാഹ പാർട്ടികൾക്ക് നേട്ടം, വെള്ളിയും താഴേക്ക്
Mail This Article
കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ വിലയിടിഞ്ഞത് ആവേശമാക്കി കേരളത്തിലും സ്വർണാഭരണ വിൽപന പൊടിപൊടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 10-15 ശതമാനമാണ് വിൽപന വളർച്ചയെന്ന് വ്യാപാരികൾ പറയുന്നു.
ഇറക്കുമതി തീരുവ കുറഞ്ഞതിന് ആനുപാതികമായ ഇളവ് കേരളത്തിലെ സ്വർണ വിലയിൽ കഴിഞ്ഞയാഴ്ച തന്നെ പ്രതിഫലിച്ചു കഴിഞ്ഞുവെന്നും രാജ്യാന്തര വിപണിയുടെ ചലനങ്ങൾക്ക് അനുസൃതമായാകും ഇനി കേരളത്തിലും വിലയുടെ ദിശയെന്നും വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, സംസ്ഥാനത്തും കഴിഞ്ഞ ഏതാനും ദിവസമായി വില ചാഞ്ചാടുകയാണ്.
ചാഞ്ചാടുന്ന വില
കേരളത്തിൽ ഇന്ന് സ്വർണ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,320 രൂപയായി. 160 രൂപ താഴ്ന്ന് 50,560 രൂപയാണ് പവൻ വില. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു.
കനംകുറഞ്ഞ ആഭരണങ്ങളും (ലൈറ്റ് വെയ്റ്റ്) കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,230 രൂപയായിട്ടുണ്ട്. വെള്ളി വിലയും കുറയുകയാണ്. ഗ്രാമിന് ഒരു രൂപ താഴ്ന്ന് 88 രൂപയിലാണ് വ്യാപാരം.
എന്തുകൊണ്ട് ചാഞ്ചാട്ടം?
ഔൺസിന് 2,377 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര സ്വർണ വില ഇപ്പോഴുള്ളത് നേരിയ നേട്ടവുമായി 2,385 ഡോളറിൽ. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഈ മാസത്തെ പണനയ നിർണയ യോഗം ഈയാഴ്ച ചേരുന്നുണ്ട്.
പണപ്പെരുപ്പം കുറഞ്ഞതിനാൽ അടിസ്ഥാന പലിശനിരക്ക് സെപ്റ്റംബറോടെ കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറായേക്കും. ഇത് സംബന്ധിച്ച വ്യക്തത ഈയാഴ്ചയിലെ യോഗത്തിലുണ്ടാകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് സ്വർണ വിലയിലെ ചാഞ്ചാട്ടം.
പലിശനിരക്ക് താഴ്ന്നാൽ യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും കുറയും. ഇത് നിക്ഷേപകരെ കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിച്ച്, സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റാൻ പ്രേരിപ്പിക്കും. ഇത് സ്വർണ വില കൂടാനുമിടയാക്കും.
അതേസമയം, ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യമായ ചൈനയിൽ ഡിമാൻഡ് താഴുന്നത് വിലയിൽ സമ്മർദം ചെലുത്തുന്നുണ്ട്. 2024ന്റെ ആദ്യപകുതിയിൽ (ഏപ്രിൽ-ജൂൺ) ചൈനയിലെ സ്വർണാഭരണ ഡിമാൻഡ് 5.6 ശതമാനമാണ് കുറഞ്ഞത്. എന്നാൽ, സ്വർണക്കട്ടി (ഗോൾഡ് ബാർ), സ്വർണ നാണയം എന്നിവയുടെ ഡിമാൻഡ് കൂടി.
സ്വർണ ഇടിഎഫുകളിലേക്കും നിക്ഷേപം വർധിക്കുന്നുണ്ട്. രാജ്യാന്തര വില വൈകാതെ അടുത്ത പ്രതിരോധ നിരക്കായ 2,404 ഡോളറിലേക്ക് കയറുമെന്ന വിലയിരുത്തലുകളും ശക്തം. അങ്ങനെയെങ്കിൽ, കേരളത്തിൽ വരുംദിവസങ്ങളിലും വിലയിൽ കയറ്റിറക്കം തുടർന്നേക്കും.
ഇന്നൊരു പവൻ ആഭരണ വില
50,560 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (HUID) ചാർജ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ.
പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്റെ ഡിസൈസിന് ആനുപാതികമായി വ്യത്യാസപ്പെട്ടിരിക്കും. ഇത് സാധാരണ 5-30 ശതമാനമാണ്. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 54,735 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ.
അതേസമയം, കേന്ദ്ര ബജറ്റിന് മുമ്പ് മിനിമം വാങ്ങൽ വില 60,000 രൂപയോളമായിരുന്നു. അതായത്, ഏകദേശം 5,250 രൂപയുടെ കുറവാണ് ബജറ്റിന് ശേഷം സ്വർണം വാങ്ങുന്ന ഉപയോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്.
ഇതാണ്, വിൽപന വർധനയ്ക്കും കാരണം. വിവാഹാവശ്യത്തിന് ഉൾപ്പെടെ കൂടിയ അളവിൽ സ്വർണം വാങ്ങുന്നവർക്കും മുൻകൂർ ബുക്കിങ്ങ് നടത്തുന്നവർക്കും ഈ വിലക്കുറവ് നേട്ടമാണ്.