സ്വർണ വിലയിൽ ഇന്ന് വൻ വർധന; 'ഭൗമ സംഘർഷത്തിൽ' കുതിച്ച് രാജ്യാന്തര വിലയും

Mail This Article
കേന്ദ്ര ബജറ്റിലെ ഇറക്കുമതി തീരുവയിളവിന് പിന്നാലെയുണ്ടായ വിലയിടിവിന്റെ ട്രെൻഡിന് ബ്രേക്കിട്ട് സ്വർണ വില വീണ്ടും കുതിപ്പ് തുടങ്ങി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വില കത്തിക്കയറി. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ ഉയർന്ന് വില 6,400 രൂപയായി. 640 രൂപ വർധിച്ച് 51,200 രൂപയാണ് പവൻ വില.
ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 70 രൂപ വർധിച്ച് 5,300 രൂപയായി. വെള്ളി വിലയിലും കുതിപ്പുണ്ട്. ഗ്രാമിന് രണ്ടുരൂപ ഉയർന്ന് വില 90 രൂപയിലെത്തി.
എന്തുകൊണ്ട് വിലയിൽ മലക്കംമറിച്ചിൽ?
ലോകത്തെ ഒന്നാം നമ്പർ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്തകൾ മധേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കുമെന്ന വിലയിരുത്തലും സ്വർണക്കുതിപ്പിന് വളമാകുന്നുണ്ട്.

അമേരിക്കയിൽ പണപ്പെരുപ്പം കുറയുന്നതിനാൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു തുടങ്ങിയേക്കും. ഇത് സംബന്ധിച്ച വ്യക്തത ഈയാഴ്ച ചേരുന്ന ഫെഡറൽ റിസർവിന്റെ നിർണായക യോഗത്തിലുണ്ടായേക്കും.
ഭൗമരാഷ്ട്രീയ പ്രശ്നങ്ങളുണ്ടാകുന്നത് രാജ്യാന്തര സമ്പദ്സ്ഥിതിക്ക് മോശമാണ്. ഓഹരി, കടപ്പത്ര വിപണികൾ അതോടെ തളർച്ചയിലേക്ക് നീങ്ങും. ഇത്തരം പ്രതിസന്ധിക്കാലത്ത് 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ സ്വർണത്തിന് കിട്ടാറുണ്ട്.
നിക്ഷേപകർ ഓഹരി, കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപം പിൻവലിച്ച് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. പിന്നീട് പ്രതിസന്ധികൾ അയയുമ്പോൾ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച് വീണ്ടും ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും ഒഴുക്കും. ഈ പ്രവണതകൾ സ്വർണ വിലയെയും സ്വാധീനിക്കും.

അമേരിക്കയിൽ പലിശനിരക്ക് താഴുമ്പോൾ അത് കടപ്പത്രങ്ങളുടെ ആദായ നിരക്ക് കുറയാനിടയാക്കും. ഇതും സ്വർണ പദ്ധതികളിലേക്ക് നിക്ഷേപ വർധനയ്ക്ക് കളമൊരുക്കും.
ഈ ട്രെൻഡാണ് ഇപ്പോഴത്തെ വിലക്കുതിപ്പിന് മുഖ്യ കാരണം. കഴിഞ്ഞദിവസം ഔൺസിന് 2,400 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,417 ഡോളറിൽ. ഈ വിലക്കുതിപ്പാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.
ഇന്നൊരു പവൻ ആഭരണത്തിന് വിലയെന്ത്?
കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ് മുതലെടുത്ത് കേരളത്തിലും സ്വർണാഭരണ വിൽപനശാലകളിലേക്ക് ഉപയോക്താക്കളുടെ ഒഴുക്കുണ്ടായിരുന്നു. 10-15 ശതമാനം വിൽപന വളർച്ചയാണ് ബജറ്റിന് ശേഷം വിലക്കുറവുണ്ടായതിനെ തുടർന്ന് കേരളത്തിൽ ദൃശ്യമായതെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു.

3 ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18 ശതമാനം ജിഎസ്ടി), പണിക്കൂലി (മിനിമം 5 ശതമാനം കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ ഇന്നലെ ഒരു പവൻ ആഭരണത്തിന് കേരളത്തിൽ നൽകേണ്ട വില 54,735 രൂപയായിരുന്നു. വില വർധിച്ചതോടെ ഇന്നത് 55,428 രൂപയായിട്ടുണ്ട്. ഇന്നലത്തേതിനേക്കാൾ 690 രൂപയോളം അധികം ഇന്ന് കൊടുക്കണം.