സ്വർണ വിലയിൽ ഇന്നും കുതിച്ചുകയറ്റം; പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ

Mail This Article
ആഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാഴ്ത്തി സ്വർണ വില വീണ്ടും കുതിക്കുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് ഗ്രാമിന് വില 50 രൂപ ഉയർന്ന് 6,450 രൂപയായി. പവൻ വില 400 രൂപ വർധിച്ച് 51,600 രൂപയിലുമെത്തി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയും കൂടി. ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,340 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 90 രൂപയിലാണ് വ്യപാരം.
വിലക്കുറവിന്റെ ട്രെൻഡ് കഴിഞ്ഞോ?
കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ ഇളവ് ലഭിച്ചതിന്റെ ആനുകൂല്യം കഴിഞ്ഞയാഴ്ച തന്നെ വിലയിൽ പ്രതിഫലിച്ചിരുന്നു എന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ബജറ്റിന് മുമ്പ് 54,160 രൂപയായിരുന്ന പവൻ വിലയാണ് പിന്നീട് 50,400 രൂപവരെ താഴ്ന്നത്.

ഇപ്പോൾ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കയറ്റം. കഴിഞ്ഞവാരം ഔൺസിന് 2,400 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില ഇന്നുള്ളത് 2,444 ഡോളറിൽ. ഒരുവേള വില 2,457 ഡോളർ വരെ ഉയർന്നിരുന്നു. ഇന്നുമാത്രം ഔൺസിന് 40 ഡോളറിലധികമാണ് കുതിച്ചത്.
അമേരിക്ക വഴി വിലക്കുതിപ്പ്
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
ഇന്നലെ അവസാനിച്ച അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ദ്വിദിന പണനയ നിർണയ യോഗം അടിസ്ഥാന പലിശനിരക്ക് കുറച്ചില്ല. എന്നാൽ, മുൻപ് സൂചിപ്പിച്ച പ്രകാരം സെപ്റ്റംബറോടെ പലിശനിരക്ക് താഴ്ത്തിയേക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതാണ് സ്വർണത്തിന് ഊർജമായത്. അടിസ്ഥാന പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) താഴും. ഡോളറും ദുർബലമാകും. കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടം കുറയുന്നതിനാൽ നിക്ഷേപകർ പണം പിൻവലിച്ച് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് (ഉദാഹരണത്തിന് ഗോൾഡ് ഇടിഎഫ്) മാറ്റും.
സ്വർണത്തിന് ഡിമാൻഡ് കൂടുന്നതോടെ വിലയും ഉയരും. ഇതാണ് ഇപ്പോൾ രാജ്യാന്തര വിലയെ സ്വാധീനിക്കുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് 4.5 ശതമാനമായിരുന്ന 10-വർഷ യുഎസ് ട്രഷറി ബോണ്ട് യീൽഡ് ഇന്നുള്ളത് 4.05 ശതമാനത്തിലാണ്. ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ ഡോളർ ഇൻഡെക്സ് 103.94ലേക്കും താഴ്ന്നു. ഒരുമാസം മുമ്പ് 105 ആയിരുന്നു.
ഇന്നൊരു പവന് എന്തു നൽകണം?
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും കൂടിച്ചേരുന്നതാണ് സ്വർണാഭരണ വില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി വ്യത്യാസപ്പെട്ടിരിക്കും.
ചിലർ ഓഫറുകളുടെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ബ്രാൻഡഡ് ജുവലറിക്ക് പണിക്കൂലി 20-30 ശതമാനമൊക്കെയുണ്ടാകും. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 55,860 രൂപയെങ്കിലും കൊടുത്താലേ കേളത്തിൽ ഒരു പവൻ സ്വർണാഭരണം ലഭിക്കൂ. ഇന്നലെ ഇത് 55,428 രൂപയായിരുന്നു.