ബോണ്ടും ഡോളറും മുന്നോട്ട്; സ്വർണം പിന്നോട്ട്, വിലിയിടിവ് തുടരുന്നു, വെള്ളിക്ക് മാറ്റമില്ല
Mail This Article
സ്വർണ വില വീണ്ടും ഇടിവിന്റെ പാതയിൽ. സംസ്ഥാനത്ത് ഇന്നും ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 6,350 രൂപയായി. 320 രൂപ താഴ്ന്ന് 50,800 രൂപയാണ് പവൻ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്.
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,255 രൂപയായി. കല്ലുപതിപ്പിച്ചതും കനംകുറഞ്ഞതുമായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നതാണ് പ്രധാനമായും 18 കാരറ്റ് സ്വർണം. അതേസമയം, ഇന്നലെ ഗ്രാമിന് മൂന്നുരൂപ കുറഞ്ഞ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 87 രൂപയിലാണ് വ്യാപാരം.
എന്തുകൊണ്ട് സ്വർണ വില കുറയുന്നു?
രാജ്യാന്തര തലത്തിൽ സാമ്പത്തിക അനിശ്ചിതത്വം ഉടലെടുക്കുക, യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങളുണ്ടാവുക, ഓഹരി വിപണികൾ ഇടിയുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ സ്വർണം നേടാറുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നിക്ഷേപകർ പണം സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. അപ്പോൾ സ്വർണ വില കൂടും. പിന്നീട് പ്രതിസന്ധിക്ക് അയവുണ്ടാകുമ്പോൾ പണം തിരികെയെടുത്ത് ഓഹരി, കടപ്പത്ര നിക്ഷേപങ്ങളിലേക്ക് തിരിച്ചൊഴുക്കും. അപ്പോൾ സ്വർണ വില കുറയും.
നിലവിൽ, രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ കിതയ്ക്കുകയും യുദ്ധസമാന സാഹചര്യങ്ങളുണ്ടാവുകയും ചെയ്തിട്ടും സ്വർണ വില കുറയുന്നത് നിരീക്ഷകരെയും അമ്പരിപ്പിച്ചിട്ടുണ്ട്. യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) ഉയരുന്നതാണ് പ്രധാനമായും സ്വർണ വിലയെ തളർത്തുന്നത്.
ഇന്ത്യയിൽ, ഇറക്കുമതി തീരുവ കുറഞ്ഞതും വിലയെ സ്വാധീനിച്ചിട്ടുണ്ട്. തീരുവ കുറഞ്ഞത് സ്വർണ നിക്ഷേപ പദ്ധതികളിൽ നിന്ന് ആദായം നേടിയവർക്ക് തിരിച്ചടിയായതും അവർ ലാഭമെടുത്ത് പിന്മാറുന്നതും വിലയെ ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
രാജ്യാന്തര വിലയിൽ ഇടിവ്
ഇന്നലെ ഔൺസിന് 2,409 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില, ഇപ്പോഴുള്ളത് 2,393 ഡോളറിൽ. ഒരുവേള വില 2,380 ഡോളർ വരെ താഴുകയും ചെയ്തിരുന്നു. ഈ വിലയിറക്കം ഇന്ത്യയിലെ ആഭ്യന്തര വിലയെയും സ്വാധീനിച്ചിട്ടുണ്ട്.
മാത്രമല്ല, രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലായതോടെ ഇറക്കുമതിച്ചെലവ് കൂടിയതും സ്വർണ ഡിമാൻഡിനെയും വിലയെയും ബാധിച്ചു.
ഇന്നൊരു പവൻ ആഭരണ വില
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+ 18% ജിഎസ്ടി), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ, ഇന്ന് 54,995 രൂപ നൽകിയാലേ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഇന്നലെ ഇത് 55,105 രൂപയായിരുന്നു.