സ്വർണ വിലയിൽ ആലസ്യം; ഉണർവില്ലാതെ രാജ്യാന്തര വിലയും, ഉറ്റുനോട്ടം യുഎസിലേക്ക്
Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 50,800 രൂപയിലും ഗ്രാമിന് 6,350 രൂപയിലുമാണ് ഇന്നും വ്യാപാരം. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 5,255 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 86 രൂപയായി. മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18 ശതമാനം ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ കുറഞ്ഞത് 54,995 രൂപ കൊടുത്താലാണ് ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാവുക.
രാജ്യാന്തര വിപണിയിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണ വിലയുടെ മുന്നേറ്റത്തിന് തടയിടുകയാണ്.
പലിശ കുറയുമെന്ന് വിലയിരുത്തലുകളുള്ളതിനാൽ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായ നിരക്കും (ബോണ്ട് യീൽഡും) നഷ്ടത്തിലാണുള്ളത്. ഇത് രാജ്യാന്തര സ്വർണ വിലയിൽ നേരിയ വർധന സൃഷ്ടിച്ചിട്ടുണ്ട്. ഔൺസിന് 2,394 ഡോളറിലാണ് നിലവിൽ വ്യാപാരം. ഇന്നലെ വില 2,381 ഡോളറായിരുന്നു.