ഡിസ്റ്റിലറി യൂണിറ്റുകളുടെ ജോബ് വർക്ക് നികുതി എങ്ങനെയാണ് ?

Mail This Article
ഞാൻ ഒരു ഡിസ്റ്റിലറി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബോട്‌ലിങ് ജോബ് വർക്ക് (വിദേശ മദ്യം) കാര്യങ്ങൾ മറ്റു കമ്പനികൾക്കായി ചെയ്തു കൊടുക്കുന്നു. ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ 5% നിരക്കായിരുന്നു. കഴിഞ്ഞ വർഷം ഇത് 18% ആക്കി നോട്ടിഫിക്കേഷൻ വന്നു. ഇപ്പോൾ ഓഫീസർ 2017 മുതൽ 18% ആവശ്യപ്പെടുന്നു. ഇത് ശരിയാണോ?
രഞ്ജിത്, തൃപ്പൂണിത്തുറ
താങ്കളുടെ സ്ഥാപനമായ ഡിസ്റ്റലറിയിൽ കമ്പനിക്കു പുറത്തുള്ളവർക്ക് മദ്യം നിർമിച്ചു ലേബൽ ചെയ്തു കൊടുക്കുന്ന ‘ജോബ് വർക്കിന്’ നിലവിൽ 5% ജിഎസ്ടി ആണ് വാങ്ങുന്നതെന്നു മനസ്സിലാക്കുന്നു. നോട്ടിഫിക്കേഷൻ നമ്പർ 11/2017 പ്രകാരം ‘ജോബ് വർക്ക്’ സേവനത്തിന് 5% ജിഎസ്ടിയാണു ബാധകമായിരുന്നത്. കസ്റ്റംസ് ആക്ടിലെ ചാപ്റ്റർ 1 മുതൽ 22 ൽ വരുന്ന ഫുഡ് പ്രോഡക്ടസിന് 5% ആണ് ‘ജോബ് വർക്ക്’ നിരക്ക്. ചാപ്റ്റർ 21 ൽ മദ്യം (IMFL) ഒരു ഫുഡ് പ്രൊഡക്ടിന്റെ എൻട്രിയിൽ ആണ് വന്നിരിക്കുന്നത്. എന്നാൽ 01–10–2021 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നോട്ടിഫിക്കേഷൻ പ്രകാരം ഇത് 18% ആയാണു കാണിക്കുന്നത്. പിന്നീട്, ഇവ ഫുഡ് പ്രൊഡക്ടിൽ വരില്ലെന്ന് സർക്കുലർ നമ്പർ–164/20/21 ൽ (തീയതി 06.10.2021) സർക്കാർ വ്യക്തമാക്കി. പല കമ്പനികൾക്കും 18% നികുതി മുൻകാല പ്രാബല്യത്തോടെ അടയ്ക്കുന്നതിന് നോട്ടിസ് ലഭിച്ചിട്ടുണ്ട്.
ഡിസ്റ്റിലറി കമ്പനിയുടെ ലൈസെൻസ് ഉപയോഗിച്ച് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ വാങ്ങി ബോട്‌ലിങ് ചെയ്തു കൊടുക്കുമ്പോൾ ഇത് ‘ജോബ് വർക്ക്’ അല്ല എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫിനിഷ്ഡ് പ്രോഡക്റ്റ് ആയ മദ്യം (IMFL) ജിഎസ്ടി നിയമത്തിന് വിധേയമല്ലതാനും. ഇതു പ്രകാരം മുൻകാല പ്രാബല്യത്തോടെ 18% ജിഎസ്ടി ചുമത്തുന്നത് ഡിസ്റ്റിലറികൾക്കു കനത്ത തിരിച്ചടിയാണ്. 2017ലെ ജിഎസ്ടി നിയമമനുസരിച്ച് ‘ജോബ് വർക്കിന്’ നിശ്ചയമായും 5% നികുതിയാണു ബാധകമാകുന്നത്. എന്നാൽ മനുഷ്യരുടെ ഉപയോഗത്തിനുള്ള ഉള്ള മദ്യം ജിഎസ്ടി നിയമത്തിന് പുറത്താണെന്നും ഇത് ഒരു സംസ്ഥാന വിഷയമാണെന്നുമുള്ള കാര്യം ഇവിടെ പ്രസക്തമാണ്.