ADVERTISEMENT

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാൾ ഇനി കോഴിക്കോട്ടും. മലബാറുകാർക്ക് ഓണ സമ്മാനമായി സെപ്റ്റംബർ ആദ്യ ആഴ്ചയോടെ ഉദ്ഘാടനം ചെയ്യാനാണ് ഒരുക്കം. കേരളത്തിലെ നാലാമത്തെ ലുലുമാൾ കോഴിക്കോട് മാങ്കാവിൽ പ്രവർത്തന സജ്ജമായതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ലുലുമാൾസ് ഇന്ത്യ വ്യക്തമാക്കി.

നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ലുലുമാളുകളുള്ളത്. തൃശൂർ തൃപ്രയാറിൽ വൈ മാളും പ്രവർത്തിക്കുന്നു. പാലക്കാടിന് സമാനമായ 'മിനി' ഷോപ്പിങ് മാളാണ് കോഴിക്കോട്ടും.

lulu-clt-2
കോഴിക്കോട് ലുലുമാളിന്റെ ഉൾവശത്തെ കാഴ്ചയിൽ നിന്ന്

കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി ഷോപ്പിങ് മാൾ വൈകാതെ ഉയരും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷൻ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യമുള്ളവയാണ് മിനി മാളുകൾ. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. തൃശൂർ ഹൈലൈറ്റ് മാളിലും ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കാൻ ലുലു സജ്ജമായി കഴിഞ്ഞു.

കോഴിക്കോടിന് ശേഷം ഈ വർഷമോ അടുത്തവർഷം ആദ്യമോ കോട്ടയം മാൾ തുറക്കും; പിന്നാലെ തിരൂർ, പെരിന്തൽമണ്ണ മാളുകളും.

ഷോപ്പിങ്ങും വിനോദവും
 

കോഴിക്കോട് ലുലുമാളിൽ ബ്രാൻഡുകളെല്ലാം എത്തിക്കഴിഞ്ഞുവെന്ന് ലുലു മാൾസ് ഇന്ത്യ വ്യക്തമാക്കി. ഹൈപ്പർമാർക്കറ്റ്, വിനോദം, വസ്ത്രം, ഇലക്ട്രോണിക്സ്, ഫുഡ് കോർട്ട്, ഫാഷൻ, ജ്വല്ലറി, ഹെൽത്ത് ആൻഡ് വെൽനെസ്, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ സാന്നിധ്യം കോഴിക്കോട് മാളിലുമുണ്ടാകും.

lulu-clt-3
കോഴിക്കോട് ലുലുമാളിന്റെ ഉൾവശത്തെ കാഴ്ചയിൽ നിന്ന്

3.5 ലക്ഷം ചതുരശ്ര അടിയിൽ ഷോപ്പിങ്ങിനായി മൂന്ന് നിലകളിലെ വിസ്മയമാണ് കോഴിക്കോട് ഒരുക്കുന്നതെന്ന് ലുലുമാൾസ് ഇന്ത്യ വ്യക്തമാക്കി. ഇതിൽ 1.5 ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കും. 16 വേറിട്ട ബ്രാൻഡുകളും പാൻ ഏഷ്യൻ റസ്റ്ററന്റുമായി 400 സീറ്റുകളുള്ള ഫുഡ്കോർട്ടും ആകർഷണമായിരിക്കും. കുട്ടികൾക്കായി ആകർഷക വിനോദ കേന്ദ്രവുമുണ്ടാകും.

കോഴിക്കോട് ലുലു മാൾ മലബാറിന്റെ ഷോപ്പിങ് അനുഭവം മാറ്റിമറിക്കുന്നതിന് പുറമേ ടൂറിസം മേഖലയ്ക്കും കരുത്താകുമെന്നാണ് പ്രതീക്ഷകൾ. 

എം.എ. യൂസഫലി. Image Credit: X/ @Yusuffali_MA
എം.എ. യൂസഫലി. Image Credit: X/ @Yusuffali_MA

കേരളത്തിന് പുറമേ ബെംഗളൂരു, ലക്നൗ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഇന്ത്യയിൽ ലുലുമാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ 4,000 കോടിയോളം രൂപ നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മാൾ നിർമിക്കാനുള്ള ഒരുക്കത്തിലുമാണ് ലുലു.

English Summary:

Lulu Group to open Kozhikode Mall soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com