നിക്ഷേപകരുടെ ആസ്തി 4.46 ലക്ഷം കോടി രൂപ ഉയർന്നു, ഓഹരി വിപണികളിൽ ഉണർവ്
Mail This Article
മുംബൈ∙ കഴിഞ്ഞ ദിവസത്തെ ഇടിവിനു ശേഷം രാജ്യത്തെ ഓഹരി വിപണികൾ തിരിച്ചുകയറി. സെൻസെക്സ് 819 പോയിന്റും നിഫ്റ്റി 250 പോയിന്റും ഉയർന്നു.
നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ വർധന 4.46 ലക്ഷം കോടി രൂപ. ആഗോള ഓഹരി വിപണികളിലെ ഉണർവാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. റിലയൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇന്നലെ നേട്ടമുണ്ടാക്കിയെങ്കിലും സൂചികകളെ സംബന്ധിച്ച് വലിയ ഇടിവിന്റെ ആഴ്ചയാണു കടന്നുപോകുന്നത്.
ഈ ആഴ്ചയിൽ സെൻസെക്സിനു നഷ്ടമായത് 1276 പോയിന്റാണ്. നിഫ്റ്റിക്ക് നഷ്ടം 350 പോയിന്റ്.
ഒല ഇലക്ട്രിക്കിന് നേട്ടം
ഐപിഒയ്ക്കു ശേഷം ഇന്നലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക്കിന് 20% നേട്ടം. ലാഭമോ നഷ്ടമോ ഇല്ലാതെ ഇഷ്യൂ നിരക്കിൽത്തന്നെ വിപണിയിൽ ലിസ്റ്റ് ചെയ്ത ഓഹരി, വ്യാപാരം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ 20% നേട്ടത്തിലെത്തി. 76 രൂപയ്ക്കായിരുന്നു ലിസ്റ്റിങ്. 91.20 രൂപയ്ക്ക് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.
6145 കോടി രൂപയുടെ ഐപിഒയ്ക്ക് 4.2 ഇരട്ടി അപേക്ഷകരെയാണു രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് ടൂവീലർ കമ്പനിക്കു ലഭിച്ചത്.