സിംഗപ്പൂരുമായി സഹകരണത്തിന് ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റൽ ഉൾപ്പെടെയുള്ള മേഖലകളിൽ സിംഗപ്പൂരുമായി കൈകോർക്കാനുള്ള ചർച്ചകൾ ഇന്ത്യ സജീവമാക്കി. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ്. ജയശങ്കർ, പീയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സിംഗപ്പൂരിൽ രണ്ടാം ഘട്ട ഉഭയകക്ഷി ചർച്ചകളിൽ ഭാഗമായത്.
ഭാവി സാധ്യതയുള്ള വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ സജീവ ചർച്ചകൾ നടന്നുവെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. 2022 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ആദ്യ ഉഭയകക്ഷി ചർച്ചയുടെ തുടർച്ചയായിട്ടായിരുന്നു ഇന്നലത്തെ ചർച്ച. അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂർ സന്ദർശിക്കുമെന്നാണു വിവരം. ഈ സമയത്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
ഡിജിറ്റൈസേഷൻ, നൈപുണ്യ വികസനം, സുസ്ഥിരത, ആരോഗ്യം, മരുന്ന്, നൂതന നിർമാണം എന്നീ 6 രംഗങ്ങളിൽ കൂടുതൽ ഇടപെടലുകൾ ഇരു രാജ്യങ്ങളും തമ്മിലുണ്ടാകുമെന്നാണു വിവരം. സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ, ആഭ്യന്തര–നിയമ മന്ത്രി കെ. ഷൺമുഖം തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുക്കും.