41 മുറികൾ, കോൺഫറൻസ് ഹാളുകൾ, ജിം, ലൈബ്രറി, സ്പാ: കൊച്ചി വിമാനത്താവളത്തിൽ പുതിയ എയ്റോ ലൗഞ്ച്
Mail This Article
നെടുമ്പാശേരി ∙ ‘ആഡംബര വിമാനത്താവള അനുഭവം എല്ലാവരിലേക്കും’ എന്ന ആശയം മുൻനിർത്തി യാത്രക്കാർക്കും സന്ദർശകർക്കും രാജ്യാന്തര നിലവാരത്തിലുള്ള ലൗഞ്ച് അനുഭവം ഒരുക്കി സിയാൽ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ 0484 എയ്റോ ലൗഞ്ച് ഞായറാഴ്ച വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവള ലൗഞ്ച് ആണിത്.
കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യങ്ങൾ എന്ന ആശയമാണ് ലൗഞ്ച് സമ്മാനിക്കുന്നത്. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് അനുഭവമാണ് ഇവിടെ ലഭിക്കുക. വിമാനത്താവളത്തിന്റെ സെക്യൂരിറ്റി ഹോൾഡിങ് ഏരിയയ്ക്കു പുറത്ത് രാജ്യാന്തര ആഭ്യന്തര ടെർമിനലുകൾക്ക് സമീപത്തായാണ് ലൗഞ്ച്. യാത്രക്കാർക്കും അല്ലാത്തവർക്കും ഒരു പോലെ സൗകര്യങ്ങൾ ഉപയോഗിക്കാം.
എറണാകുളത്തിന്റെ ടെലികോം എസ്ടിഡി കോഡിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ലൗഞ്ചിന്റെ നാമകരണം. കായലും വള്ളവും സസ്യജാലങ്ങളുമെല്ലാം ഉൾക്കൊളളുന്നതാണ് ലൗഞ്ചിന്റെ രൂപകൽപന. അര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 37 മുറികൾ, 4 സ്യൂട്ട് മുറികൾ, 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ–വർക്കിങ് സ്ഥലങ്ങൾ, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, കഫേ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബറിൽ ആരംഭിച്ച 7 മെഗാ പദ്ധതികളിൽ മൂന്നെണ്ണം പ്രവർത്തനം തുടങ്ങിയെന്നും 0484 എയ്റോ ലൗഞ്ച് നാലാമത്തേതാണെന്നും സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.