അരി മറ്റു ധാന്യങ്ങൾ, പയറുവർഗം : ജിഎസ്ടി വ്യാപിപ്പിക്കാൻ കേന്ദ്ര നീക്കം; വില കൂടും
Mail This Article
തിരുവനന്തപുരം∙ പാക്കറ്റുകളിലാക്കി വിൽക്കുന്ന അരിക്കും മറ്റു ധാന്യ– പയറുവർഗങ്ങൾക്കുമുള്ള 5% ജിഎസ്ടി 25 കിലോഗ്രാമിലേറെ ഉള്ള പാക്കറ്റുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. നിലവിൽ 25 കിലോഗ്രാം വരെയുള്ള പാക്കറ്റുകൾക്കാണ് ജിഎസ്ടി.
അരി ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിന് ഈ നടപടി കാരണമായേക്കുമെന്ന ആശങ്ക വ്യാപാരിസമൂഹം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ ലാഭം നോക്കി 30 മുതൽ 50 കിലോഗ്രാം വരെ ചാക്കുകളിലുള്ള സാധനങ്ങൾ വാങ്ങുന്നവർ ഗ്രാമീണ മേഖലകളിലുണ്ട്. ഇത്തരം ഉൽപന്നങ്ങൾക്കു ജിഎസ്ടി ചുമത്തുന്നതോടെ മൊത്ത വ്യാപാരികളിൽ നിന്നു വാങ്ങുന്ന ചില്ലറ വ്യാപാരികളും വില കൂട്ടാൻ നിർബന്ധിതരാകും.
നേരിട്ടു നികുതി ചുമത്തുന്നതിനു പകരം, പാക്കിങ്ങും ലേബലിങ്ങും സംബന്ധിച്ച അളവുതൂക്ക നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി നികുതിപരിധിയുടെ വലയിലാക്കാനാണു ശ്രമമെന്നു വ്യാപാരികൾ പറയുന്നു. ലേബലിങ് നിർബന്ധമാക്കുന്നതോടെ ഇവയ്ക്കു ജിഎസ്ടി ചുമത്താൻ കേന്ദ്രത്തിനു കഴിയുമെന്നതാണ് മൊത്ത വ്യാപാരികളുടെ ആശങ്ക.
പാക്കേജ്ഡ് ഉൽപന്നങ്ങളെ സംബന്ധിച്ച അളവുതൂക്ക ചട്ടങ്ങൾ പ്രകാരം 25 കിലോഗ്രാമോ അതിൽ താഴെയോ അളവിൽ പാക്ക് ചെയ്ത് ലേബൽ പതിച്ചു വിൽക്കുന്ന ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നിലവിൽ 5% ജിഎസ്ടി. ചട്ടഭേദഗതിയിലൂടെ 25 കിലോയിൽ ഏറെ വരുന്നവയെയും ഇതിൽ ഉൾപ്പെടുത്തുന്നതോടെ അവയ്ക്കും ലേബലിങ് ആവശ്യമാകും. ഉൽപാദന തീയതി, പരമാവധി വില, കാലാവധി, ഉൽപന്നത്തിൽ അടങ്ങിയിട്ടുള്ള സാധനങ്ങൾ, ബാർകോഡ് തുടങ്ങിയവ ലേബലിങ്ങിന്റെ ഭാഗമാകും. ഇതോടെ നികുതി ചുമത്താവുന്ന ഉൽപന്നമായി ഇതു മാറും.
ചട്ടഭേദഗതി സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ലീഗൽ മെട്രോളജി ഡിവിഷൻ പൊതുജനങ്ങളുടെ അഭിപ്രായം ജൂലൈയിൽ തേടിയിരുന്നു. ഈ മാസം അവസാനം വരെയാണ് അഭിപ്രായം അറിയിക്കാനുള്ള അവസരം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വ്യാപാരിസംഘടനകൾ എതിർപ്പും ആശങ്കയും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.