കൃഷി അടക്കമുള്ള മേഖലകളിലെ പ്രതിഫലനം; ജിഡിപി നിരക്കിൽ ഇടിവ്
Mail This Article
ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ–ജൂൺ) സാമ്പത്തിക വളർച്ചനിരക്ക് 6.7%. റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത് 7.1 ശതമാനമാണ്. കൃഷി അടക്കമുള്ള ചില മേഖലകളിലെ ഇടിവാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചിരിക്കുന്നത്.
2023 ജനുവരി–മാർച്ചിലാണ് ഇതിലും കുറവ് ജിഡിപി വളർച്ചനിരക്ക് (6.2%) രേഖപ്പെടുത്തിയത്. കഴിഞ്ഞ 4 പാദങ്ങളിലും വളർച്ചനിരക്ക് 7 ശതമാനത്തിനു മുകളിലായിരുന്നു. 5 പാദങ്ങൾക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം).
കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തികവളർച്ച നിരക്കായി കണക്കാക്കുന്നത്.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) കഴിഞ്ഞ വർഷം ഏപ്രിൽ–ജൂണിൽ 40.91 ലക്ഷം കോടി രൂപയായിരുന്നത് ഇത്തവണ 43.64 ലക്ഷം കോടി രൂപയായി വർധിച്ചു.
കാർഷികമേഖലയിലെ വളർച്ചനിരക്ക് കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 3.7 ശതമാനമായിരുന്നത് ഇക്കുറി 2 ശതമാനമായി കുറഞ്ഞു.
ഹോട്ടലുകൾ, വാണിജ്യ രംഗം, ഗതാഗതം എന്നിവയിൽ 9.7 ശതമാനമായിരുന്നത് 5.7 ശതമാനമായി കുറഞ്ഞു. ധനകാര്യ, റിയൽ എസ്റ്റേറ്റ് മേഖലകൾ 12.6 ശതമാനമായിരുന്നത് 7.1 ശതമാനമായും കുറഞ്ഞു.
അതേസമയം, ഉൽപാദരംഗവും ക്വാറിയിങ്–ഖനന മേഖലകളും മെച്ചപ്പെട്ടു.
ഉൽപാദനരംഗത്തെ വളർച്ച നിരക്ക് 5 ശതമാനമായിരുന്നത് 7 ശതമാനമായി കൂടി.
ജിഡിപി വളർച്ച
2023-24
ഏപ്രിൽ–ജൂൺ: 8.2%
ജൂലൈ–സെപ്റ്റംബർ: 8.1%
ഒക്ടോബർ–ഡിസംബർ: 8.6%
ജനുവരി–മാർച്ച്: 7.8%
2024-25
ഏപ്രിൽ–ജൂൺ: 6.7%