ഡോളറിന്റെ മേൽക്കോയ്മ, അമേരിക്ക തുമ്മിയാൽ ഇന്ത്യയ്ക്കും ജലദോഷം
Mail This Article
ആഗോള സമ്പദ്ഘടനയുടെ നാലിലൊന്നും കയ്യാളുന്നത് അമേരിക്കയാണ്. ലോക ജിഡിപിയിൽ ചൈനയുടെ പങ്ക് 18 ശതമാനമാണെങ്കിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടേത് 3.75% മാത്രം.
ഇതുകൂടാതെ കയറ്റിറക്കുമതി പോലെയുള്ള രാജ്യാന്തര ഇടപാടുകളിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന നാണയം അമേരിക്കൻ ഡോളറും. ഈ മേൽക്കോയ്മ കൊണ്ടാണ് അമേരിക്ക സാമ്പത്തിക നയങ്ങളിൽ എന്തു മാറ്റം കൊണ്ടുവരുന്നു എന്നു ലോകം ഉറ്റുനോക്കുന്നത്. അമേരിക്ക തുമ്മിയാൽ ചൈനയ്ക്കും ഇന്ത്യയ്ക്കും വരെ ജലദോഷം പിടിക്കാം എന്നതാണു തത്വം.
അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ജാക്സൻ ഹോൾ സിംപോസിയത്തിൽ ‘പലിശ നിരക്കുകൾ കുറയ്ക്കുവാൻ സമയമായി’ എന്ന് പറഞ്ഞതു ശ്രദ്ധേയമാവുന്നത്.
കോവിഡിന് ശേഷം വളർച്ച തിരിച്ചുപിടിക്കാൻ എല്ലാ കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകൾ കുറച്ചു. പണലഭ്യത കൂട്ടി. പക്ഷേ, സാമ്പത്തിക വളർച്ചയോടൊപ്പം വിലക്കയറ്റവും നേരിടേണ്ടി വന്നു. യുക്രെയ്ൻ യുദ്ധവും കൂടിയായപ്പോൾ അസംസ്‌കൃത എണ്ണയടക്കമുള്ള ചരക്കുകളുടെ വില കൂടിയത് ഇരട്ടിപ്രഹരമായി. ആഗോളതലത്തിൽ തന്നെ കേന്ദ്ര ബാങ്കുകളുടെ തീരാ തലവേദനയായി, പണപ്പെരുപ്പവും അതു വഴി വന്ന വിലക്കയറ്റവും.
മിക്കവാറും എല്ലാ രാജ്യങ്ങളും പലിശ വീണ്ടും കൂട്ടി, പണ ലഭ്യതയ്ക്കു കടിഞ്ഞാണിട്ടു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കടുപ്പിക്കുന്നതിന്റെ മുൻപന്തിയിൽ തന്നെ നിന്നു. ഡോളർ നിക്ഷേപങ്ങളുടെ പലിശ 5.5 ശതമാനത്തോളം ഉയർത്തി, കഴിഞ്ഞ 25 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ.
ഇതാകട്ടെ ജോലി സാധ്യതകളെ വരെ ബാധിക്കാൻ തുടങ്ങി. സ്വാഭാവികമായും അടുത്ത നടപടി പലിശ നിരക്കു കുറയ്ക്കുക, വളർച്ചയ്ക്കൊരു താങ്ങു കൊടുക്കുക എന്നതാണല്ലോ. അതാണ് ഫെഡ് ചെയർമാൻ ഇപ്പോൾ സൂചിപ്പിക്കുന്നത്.
ധനകാര്യലോകം പലിശ നിരക്കിന്റെ ഈ നീക്കങ്ങളെ കറങ്ങിത്തിരിയുന്ന ഒരു ചക്രമായിട്ടേ കാണുന്നുള്ളൂ. ഇന്ത്യയിലും ഇനി റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചേക്കാം. പക്ഷേ, ഉയർന്നു തന്നെ നിൽക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ വില നിലവാരമാണ് പലിശ നിരക്കു കുറയ്ക്കാനുള്ള തീരുമാനത്തിനു വെല്ലുവിളിയായി ആർബിഐ കാണുന്നത്.
പലിശ നിരക്കുയർത്തി നിർത്തിയാൽ ഉരുളക്കിഴങ്ങ്, സവാള, തക്കാളി എന്നിവയടക്കമുള്ള പച്ചക്കറികളുടെ വില കുറയുമോ എന്നുള്ള സാമാന്യബുദ്ധിയുടെ ചോദ്യത്തിന് ഇനിയും ഇന്ത്യയിലെ അധികാരികൾ തൃപ്തികരമായ ഉത്തരം നൽകിയിട്ടില്ല. മാത്രവുമല്ല സുരക്ഷിതമായ ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള പലിശ ആശ്രയിച്ചു കഴിയുന്ന മുതിർന്ന പൗരൻമാർ അടക്കമുള്ള സാധാരണക്കാരുടെ വരുമാനത്തെ അത് ബാധിക്കില്ലേ എന്ന ചോദ്യവുമുയരുന്നു. ബാങ്കിലെ നിക്ഷേപങ്ങളാവട്ടെ മുൻപത്തെ പോലെ വർധിക്കുന്നുമില്ല.ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളെ സംയോജിപ്പിക്കലാണ് നയരൂപീകരണത്തിലെ നിരന്തരമായ വെല്ലുവിളികൾ. അതുകൊണ്ടാണ്, ഭക്ഷ്യ വസ്തുക്കളെ ഒഴിവാക്കിയുള്ള ഒരു വിലക്കയറ്റ/ പണപ്പെരുപ്പ നിയന്ത്രണമാവും ഇന്ത്യയ്ക്ക് അഭികാമ്യമെന്ന് സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ പോലും പറഞ്ഞത്.അതിനെത്തുടർന്നുള്ള ചർച്ചകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഫലമെന്തായാലും വളരെ വൈകാതെ തന്നെ അമേരിക്കൻ കേന്ദ്ര ബാങ്കിനോടൊപ്പം നമ്മുടെ റിസർവ് ബാങ്കും പലിശ നിരക്കു കുറയ്ക്കും.
ഈ വർഷം കാലാവധി പൂർത്തിയാവുന്ന പണനയ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ –മലയാളിയായ ജയന്ത് വർമയും അഷിമ ഗോയലും പലിശ നിരക്കുകൾ കുറയ്ക്കാൻ കഴിഞ്ഞ യോഗങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഭൂരിപക്ഷം അവർക്കെതിരായിരുന്നു, റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസടക്കം.
പക്ഷേ, തൽക്കാലം അമേരിക്ക കാട്ടിയ വഴിയേ നീങ്ങാനല്ലാതെ സാമ്പത്തിക ലോകത്ത് ഒരു ‘ശക്തി’ക്കും സാധിക്കില്ലല്ലോ...