റെക്കോർഡ് പഴങ്കഥയാക്കി ഓഹരി വിപണി; മുന്നേറി ബജാജ് ഇരട്ടകൾ, ഗുജറാത്ത് ഗ്യാസിനും തിളക്കം
Mail This Article
ജിഡിപി വളർച്ച ഇടിഞ്ഞെങ്കിലും ലോകത്തെ മുൻനിര സമ്പദ്ശക്തികളെയെല്ലാം കടത്തിവെട്ടാൻ ഇന്ത്യക്ക് സാധിച്ചതോടെ, ഓഹരി വിപണി ഇന്ന് കുതിച്ചുകയറിയത് പുതിയ ഉയരത്തിലേക്ക്. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുന്നതിന് മുമ്പ് സെൻസെക്സുള്ളത് 285 പോയിന്റ് (+0.35%) നേട്ടവുമായി 82,651ൽ.
ഇന്നൊരുവേള സെൻസെക്സ് സർവകാല റെക്കോർഡായ 82,275 വരെ എത്തിയിരുന്നു. നിഫ്റ്റിയുള്ളത് 73 പോയിന്റ് (+0.29%) നേട്ടവുമായി 25,309ൽ. ഒരുേവള നിഫ്റ്റി 25,333 എന്ന റെക്കോർഡ് തൊട്ടിരുന്നു. ബജാജ് ഇരട്ടകളും ഐടി എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളുമാണ് വിപണിയുടെ നേട്ടത്തിന് ചുക്കാൻ പിടിക്കുന്നത്.
നിഫ്റ്റി50ൽ ബജാജ് ഫിൻസെർവ് (+4.07%), ബജാജ് ഫിനാൻസ് (+3%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ. എച്ച്സിഎൽ ടെക് (+2.29%), ഹീറോ മോട്ടോകോർപ്പ് (+2%), ഐടിസി (+1.92%) എന്നിവ തൊട്ടുപിന്നാലെയുണ്ട്. ഉപസ്ഥാപനമായ ബജാജ് ഹൗസിങ് ഫിനാൻസ് 7,000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നതാണ് ബജാജ് ഇരട്ടകളുടെ ഓഹരികളെ ആഹ്ലാദത്തിലാക്കിയത്. 4,000 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) 3,000 കോടി രൂപയുടെ ഓഫർ-ഫോർ-സെയിലും (ഒഎഫ്എസ്) ആണ് ഐപിഒയിലുണ്ടാവുക.
നിലവില ഓഹരി ഉടമകൾ നിശ്ചിത ഓഹരി ഐപിഒയിൽ വിൽക്കുന്നതാണ് ഒഎഫ്എസ്. ബജാജ് ഹൗസിങ് ഫിനാൻസിന്റെ 100% ഓഹരികളും ബജാജ് ഫിനാൻസിന്റെ കൈവശമാണ്. ബജാജ് ഫിനാൻസിലാകട്ടെ ബജാജ് ഫിൻസെർവിന് 51.34% ഓഹരി പങ്കാളിത്തവുമുണ്ട്.
ഡോ. റെഡ്ഡീസ്, ടാറ്റാ മോട്ടോഴ്സ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ എന്നിവയാണ് ഒന്നുമുതൽ 1.8% വരെ താഴ്ന്ന് നിഫ്റ്റി50ൽ നഷ്ടത്തിൽ മുന്നിൽ. ഓഗസ്റ്റിലെ വാഹന വിൽപന 8% ഇടിഞ്ഞതാണ് ടാറ്റാ മോട്ടോഴ്സിന് തിരിച്ചടിയായത്. വിൽപന 5% ഉയർന്നത് ഹീറോയ്ക്ക് ഗുണം ചെയ്തു. അതേസമയം, വിൽപന 4% ഇടിഞ്ഞെങ്കിലും മാരുതി ഓഹരികൾ ഇന്ന് തിളങ്ങി. വാഹന വില കുറച്ച് വിൽപന ഉഷാറാക്കാനുള്ള തീരുമാനം നേട്ടമായെന്ന് കരുതുന്നു.
ഓഹരി വിഭജനത്തിന് വരുൺ; ലയിക്കാൻ ഗുജറാത്ത് ഗ്യാസ്
സെൻസെക്സിലും ബജാജ് ഫിൻസെർവ്, എച്ച്സിഎൽടെക്, ബജാജ് ഫിനാൻസ്, ഐടിസി, ടെക് മഹീന്ദ്ര എന്നിവയാണ് 1.4 മുതൽ 4% വരെ നേട്ടവുമായി മുന്നിൽ. ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് 1.3-1.6% വരെ താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. മഹീന്ദ്രയുടെ വിൽപന കഴിഞ്ഞമാസം 9% ഉയർന്നെങ്കിലും ഓഹരിവില താഴേക്കാണ്.
ഇന്ത്യയിൽ പെപ്സികോയുടെ ഏറ്റവും വലിയ ബോട്ട്ലിങ് പങ്കാളികളായ വരുൺ ബവ്റിജസിന്റെ ഓഹരി ഇന്ന് രണ്ട് ശതമാനത്തോളം ഉയർന്നു. നിലവിൽ 5 രൂപ മുഖവിലയുള്ള ഓഹരിയെ രണ്ടു രൂപ മുഖവിലയുള്ള ഓഹരികളാക്കി വിഭജിക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് നേട്ടമായത്. നിലവിലെ ഓഹരികളുടെ എണ്ണം ഇരട്ടിയിലേറെയാക്കാനും വില ഏവർക്കും പ്രാപ്യമായ വിധം കുറച്ചുനിർത്താനും വിഭജനം സഹായിക്കും.
അദാനി വിൽമർ ഓഹരി ഇന്ന് 3.30% നേട്ടത്തിലേറി. മൂന്ന് എഫ്എംസിജി കമ്പനികളെ ഏറ്റെടുക്കാനുള്ള നീക്കമാണ് പശ്ചാത്തലം. സുഗന്ധവ്യഞ്ജനം, റെഡി-ടു-കുക്ക്, ഭക്ഷ്യെ എണ്ണ ബ്രാൻഡുകളെയാണ് ഏറ്റെടുത്തേക്കുക. 100 കോടി ഡോളറിന്റെ നിക്ഷേപവും അദാനി വിൽമർ നടത്തിയേക്കും.
ഗുജറാത്ത് ഗ്യാസ് ഓഹരികൾ ഇന്ന് 10% മുന്നേറ്റം നടത്തി. ഗുജറാത്ത് സർക്കാരിന് കീഴിലെ മറ്റ് ഗ്യാസ് കമ്പനികളായ ജിഎസ്പിസി, ജിഎസ്പിഎൽ, ജിഎസ്പിസി എനർജി എനർജി എന്നിവയെ ഗുജറാത്ത് ഗ്യാസിൽ ലയിപ്പിക്കാനുള്ള തീരുമാനമാണ് നേട്ടത്തിന് പിന്നിൽ.
3% ഇടിഞ്ഞ് കൊച്ചി കപ്പൽശാലാ ഓഹരി
കേരള കമ്പനികൾ ഇന്ന് സമ്മിശ്ര പ്രകടനമാണ് പൊതുവേ കാഴ്ചവയ്ക്കുന്നത്. കല്യാൺ ജ്വല്ലേഴ്സ് തുടക്കത്തിൽ 4 ശതമാനത്തോളം മുന്നേറിയെങ്കിലും പിന്നില് നേട്ടം രണ്ട് ശതമാനത്തിന് തഴെയാക്കി. സഫ സിസ്റ്റംസ്, കൊച്ചിൻ മിനറൽസ് എന്നിവയാണ് നിലവിൽ മൂന്ന് ശതമാനത്തോളം നേട്ടവുമായി മുന്നിൽ. ജിയോജിത്, പ്രൈമ ഇൻഡസ്ട്രീസ്, പ്രൈമ അഗ്രോ, ഫാക്ട് എന്നിവയും നേട്ടത്തിലാണുള്ളത്.
അതേസമയം അഡ്ടെക് സിസ്റ്റംസ്, കൊച്ചിൻ ഷിപ്പ്‍യാർഡ്, സെല്ല സ്പേസ്, കിങ്സ് ഇൻഫ്ര, ബിപിഎൽ, മണപ്പുറം ഫിനാൻസ്, കിറ്റെക്സ്, പോപ്പുലർ വെഹിക്കിൾസ്, ഈസ്റ്റേൺ, ആസ്റ്റർ, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, വണ്ടർല, ഫെഡറൽ ബാങ്ക്, ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ 5% വരെ ചുവന്നു. മൂന്ന് ശതമാനത്തോളം ഇടിവിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. ആഡ്ടെക് 5% വീണു.