ആകെ ബിസിനസ് 5 ലക്ഷം കോടി രൂപയാക്കും, ബോണ്ട് വഴി ഫെഡറൽ ബാങ്ക് 6000 കോടി സമാഹരിക്കും
Mail This Article
കൊച്ചി∙ ബോണ്ട് വഴി 6000 കോടി രൂപ സമാഹരിക്കാൻ ഫെഡറൽ ബാങ്കിന് ഓഹരി ഉടമകളുടെ അനുമതി. ഓഹരി ഒന്നിന് 1.2 രൂപ ലാഭവിഹിതം നൽകാനുള്ള തീരുമാനവും വാർഷിക പൊതുയോഗം അംഗീകരിച്ചു.
കൃഷ്ണൻ വെങ്കിട സുബ്രഹ്‌മണ്യനെ എംഡിയും സിഇഒയുമായി നിയമിക്കും. 23 മുതൽ 3 വർഷത്തേക്കാണ് നിയമനം. ബാങ്ക് ഡയറക്ടറായുള്ള ശാലിനി വാരിയരുടെ പുനർനിയമനം, നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പ്രതിഫലം പ്രതിവർഷം 20 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയാക്കി ഉയർത്തൽ, ശാലിനി വാരിയർക്കും ഹർഷ് ദുഗറിനും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഇൻസെന്റീവ് നൽകൽ തുടങ്ങിയവയ്ക്കും യോഗം അംഗീകാരം നൽകി.
ബാങ്കിന്റെ ലാഭം 3800 കോടി രൂപയിലേക്കും ആകെ ബിസിനസ് 4 ലക്ഷം കോടി രൂപയിലേക്കും ഉയർത്തുന്ന വിധത്തിൽ നടത്തിയ പ്രകടനത്തെ കുറിച്ച് ചെയർമാൻ എ.പി.ഹോത്ത വിശദീകരിച്ചു.
തന്റെ കാലയളവിൽ ബാങ്ക് ഇടപാടുകാരുടെ എണ്ണം നാലിരട്ടിയും ജീവനക്കാരുടെ എണ്ണം ഇരട്ടിയുമായി വർധിച്ച് രാജ്യത്തെ മുൻനിര ബാങ്കുകളിലൊന്നായി മാറിയെന്ന് സ്ഥാനമൊഴിയുന്ന എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അറിയിച്ചു.
ആകെ ബിസിനസ് 5 ലക്ഷം കോടി രൂപയായി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഇക്കൊല്ലം നടക്കുന്നത്.