ജിയോജിത്തിന് 19% 'റെക്കോർഡ്' കുതിപ്പ്; കിറ്റെക്സും അപ്പർ-സർക്യൂട്ടിൽ, മിന്നിച്ച് കേരള ഓഹരികൾ
Mail This Article
സെൻസെക്സും നിഫ്റ്റിയും ഇന്ന് പൊതുവേ ആലസ്യത്തിലായിരുന്നിട്ടും മികച്ച തിളക്കവുമായി കേരളത്തിൽ നിന്നുള്ള കമ്പനികൾ. പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ (Geojit Financial Services) ഓഹരികൾ 18.84% മുന്നേറി 161.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള വില ഇന്ന് 162.75 രൂപ എന്ന റെക്കോർഡ് ഉയരവും തൊട്ടിരുന്നു.
ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) കഴിഞ്ഞദിവസം 39 സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളുടെയും 7 കമ്മോഡിറ്റി ബ്രോക്കർമാരുടെയും രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രാജ്യത്ത് സീറോ-ബ്രേക്കറേജ് (Zero-Brokerage) രീതിക്ക് സെബി അടുത്തിടെ തടയിട്ടതിനാൽ സീറോധ (Zerodha), ഗ്രോ (Groww), അപ്സ്റ്റോക്സ് (Upstoxx) എന്നിവ ഫീസ് വർധിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്. ഈ സംഭവവികാസങ്ങൾ ജിയോജിത്ത് ഓഹരികൾക്ക് നേട്ടമായെന്ന് വിലയിരുത്തുന്നു. അവകാശ ഓഹരി വിൽപനയിലൂടെ (Rights Issue) 200 കോടി രൂപ സമാഹരിക്കാൻ അടുത്തിടെ ജിയോജിത് ഡയറക്ടർ ബോർഡ് അനുമതി നൽകിയതും ഓഹരികളിൽ ഊർജം വിതറിയിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 170% നേട്ടം (റിട്ടേൺ) സമ്മാനിച്ചിട്ടുണ്ട് ജിയോജിത് ഓഹരികൾ.
കിറ്റെക്സിന്റെ മുന്നേറ്റം
പ്രമുഖ വസ്ത്ര നിർമാതാക്കളായ കിറ്റെക്സിന്റെ (Kitex Germents) ഓഹരി വില ഇന്ന് 10% മുന്നേറി അപ്പർ-സർക്യൂട്ടിലെത്തി. വ്യാപാരാന്ത്യത്തിൽ ഓഹരി വിലയുള്ളത് 401.70 രൂപയിൽ. ഇത് കഴിഞ്ഞ 52-ആഴ്ചയിലെ ഉയരമാണ്. 2015 ജൂലൈ 3ന് കുറിച്ച 764.29 രൂപയാണ് കിറ്റെക്സ് ഓഹരികളുടെ എക്കാലത്തെയും ഉയരം.
കുട്ടികളുടെ വസ്ത്ര നിർമാണരംഗത്ത് ലോകത്തെ രണ്ടാംസ്ഥാനക്കാരായ കിറ്റെക്സിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 102% നേട്ടം നൽകിയിട്ടുണ്ട്. ബംഗ്ലാദേശ് രാഷ്ട്രീയ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലും യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതി സമീപഭാവിയിൽ ശക്തമായി തുടരുമെന്നാണ് വിലയിരുത്തലുകൾ.
ലോകത്ത് വസ്ത്ര കയറ്റുമതിയിൽ മുൻപന്തിയിലുള്ള ബംഗ്ലാദേശ് നേരിടുന്ന പ്രതിസന്ധി ഇപ്പോൾ കിറ്റെക്സ് അടക്കം ഇന്ത്യൻ കമ്പനികൾക്ക് നേട്ടമായിട്ടുണ്ട്. മാത്രമല്ല, കിറ്റെക്സിന്റെ ഫാക്ടറികളിലെ ഉൽപാദനം ഇപ്പോൾ പൂർണശേഷിയിൽ നടക്കുകയാണെന്നും 2025 ജൂൺവരെ ഇതേതലത്തിൽ തുടരാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞെന്നും കിറ്റെക്സ് വ്യക്തമാക്കിയിരുന്നു.
തളർച്ചയിൽ ഇവർ
കേന്ദ്ര പ്രതിരോധ മന്ത്രാലയം 1.2 ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കം നടത്തുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളുടെ ഓഹരികൾ ഇന്ന് മികച്ച പ്രകടനം നടത്തിയിരുന്നു. കേരളം ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) ഓഹരി ഒരുവേള 4 ശതമാനത്തിലധികം മുന്നേറിയെങ്കിലും വ്യാപാരാന്ത്യത്തിൽ നേട്ടം 1.62 ശതമാനമായി കുറഞ്ഞു.
ടിസിഎം (2.74%), വി-ഗാർഡ് (2.48%), പോപ്പീസ് (1.98%), സെല്ല സ്പേസ് (1.85%), പിടിഎൽ എന്റർപ്രൈസസ് (1.76%), കല്യാൺ ജ്വല്ലേഴ്സ് (1.72%) എന്നിവയാണ് ഇന്ന് നേട്ടത്തിൽ മുൻനിരയിലുള്ള മറ്റ് കേരള കമ്പനികൾ. കെഎസ്ഇ ലിമിറ്റഡാണ് 6% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. പ്രൈമ ഇൻഡസ്ട്രീസ് 4.88%, യൂണിറോയൽ മറീൻ 1.98%, ഇൻഡിട്രേഡ് 1.95%, സ്കൂബിഡേ 1.65% എന്നിങ്ങനെ താഴ്ന്നു.
നിഫ്റ്റി മുന്നോട്ട്
നിഫ്റ്റിയും സെൻസെക്സും ഇന്ന് കാര്യമായ നേട്ടമോ കോട്ടമോ ഇല്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് വ്യാപാരാന്ത്യത്തിൽ 4.40 പോയിന്റ് താഴ്ന്ന് 82,555.44ൽ എത്തി. നിഫ്റ്റി തുടർച്ചയായ 14-ാം നാളിലും നേട്ടത്തിലേറി. തുടർച്ചയായ ആറാംനാളിൽ പുതിയ റെക്കോർഡും തൊട്ടു. എന്നാലും, ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത് ഒരു പോയിന്റ് മാത്രം നേട്ടവുമായി 25,279ൽ. യുഎസിലെ മാനുഫാക്ചറിങ് മേഖലയുടെ വളർച്ചാക്കണക്ക് ഇന്ന് പുറത്തുവരും. പുതിയ തൊഴിൽക്കണക്കുകൾ വെള്ളിയാഴ്ചയും അറിയാം. ഇവയാകും ഈ വാരം പ്രധാനമായും ഓഹരി വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കുക.