ഓണച്ചന്തകൾ 5 മുതൽ; ഓണക്കിറ്റ് 9ന്
Mail This Article
തിരുവനന്തപുരം ∙ സപ്ലൈകോയുടെ ഓണച്ചന്തകൾ 5നും റേഷൻ കടകൾ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് ഓണച്ചന്തകൾ. 13 സബ്സിഡി സാധനങ്ങൾക്ക് പുറമേ ശബരി ഉൽപന്നങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ 200 ൽ പരം നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യ– ഭക്ഷ്യ ഇതര ഉൽപന്നങ്ങൾ എന്നിവ 10 മുതൽ 50% വരെ വിലക്കുറവിൽ ലഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഓണത്തിനായി 300 കോടി രൂപയുടെ അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചേസ് ഓർഡർ നൽകി. പഞ്ചസാരയും എല്ലാ വിൽപനശാലകളിലും എത്തിക്കും. 255 രൂപയുടെ 6 ശബരി ഉൽപന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ്, ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ഉച്ചയ്ക്ക് 2 മുതൽ 4 വരെ 10% അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം, കോംബോ– ബൈ വൺ ഗെറ്റ് വൺ ഓഫറുകൾ എന്നിവയും ലഭിക്കും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 5നു വൈകിട്ട് 5 മണിക്ക് കിഴക്കേക്കോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മഞ്ഞ (എഎവൈ), ബ്രൗൺ (എൻപിഐ) റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ്. വയനാട് ഉരുൾപൊട്ടൽ മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് നൽകും. അതേസമയം, സപ്ലൈകോയുടെ ഓണച്ചന്തകൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം ഇനിയും ലഭിച്ചിട്ടില്ല.