ഉള്ളടക്കം പങ്കുവയ്ക്കാൻ ആപ്പിളും എയർടെലും
Mail This Article
ന്യൂഡൽഹി ∙ ആപ്പിളുമായി ഉള്ളടക്കം പങ്കുവയ്ക്കാൻ കരാറുണ്ടാക്കി ഭാരതി എയർടെൽ. എയർടെൽ പ്രീമിയം ഉപയോക്താക്കൾക്ക് ഇനി ആപ്പിൾ ടിവി പ്ലസ് ഓടിടി, ആപ്പിൾ മ്യൂസിക് എന്നിവ സൗജന്യമായി ലഭിക്കും. 2800 കോടി ഡോളർ മൂല്യമുള്ള ഇന്ത്യയിലെ വിനോദ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പങ്കാളിത്തം.
ആപ്പിൾ ടിവി പ്ലസിൽ ലഭ്യമാകുന്ന ടിവി ഷോകൾ, സിനിമകൾ എന്നിവയും ആപ്പിൾ മ്യൂസിക്കിൽ ലഭ്യമാകുന്ന ഇന്ത്യൻ, ഇന്റർനാഷനൽ പാട്ടുകളും എയർടെൽ ആപ്പ് വഴിയും ലഭ്യമാകും. തങ്ങളുടെ മ്യൂസിക് പ്ലാറ്റ്ഫോമായ ‘വിങ്ക് മ്യൂസിക്’ പിൻവലിക്കുന്നതായി അടുത്തിടെ എയർടെൽ പ്രഖ്യാപിച്ചിരുന്നു. ആപ്പിളുമായുള്ള പങ്കാളിത്തം മുന്നിൽ കണ്ടായിരുന്നു ഈ നടപടി. ഈ വർഷം അവസാനത്തോടെ പങ്കാളിത്ത നടപടികൾ പൂർണമായേക്കും. ആൻഡ്രോയ്ഡ് ഫോണുകളിലും എയർടെൽ എക്സ്ട്രീം ആപ് വഴി ആപ്പിൾ കണ്ടന്റുകൾ ലഭ്യമാകും.