കയറ്റുമതി വരുമാനം: ഇൻഫോപാർക്കിന് വൻ കുതിപ്പ്
Mail This Article
കൊച്ചി ∙ ടെക് ഹബ്ബായി ഉയരുന്ന ഇൻഫോപാർക്കിനു കയറ്റുമതി വരുമാനത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇൻഫോപാർക്കിലെ കമ്പനികൾ കയറ്റുമതിയിൽ നിന്നു നേടിയത് 11,417 കോടി രൂപ; 24.28 ശതമാനം വർധന. കോവിഡ് വേട്ടയാടിയ 2020-21ൽ 6,310 കോടി രൂപ കയറ്റുമതി വരുമാനം നേടിയ ഇൻഫോപാർക്ക്, 2021-22 ൽ 8,500 കോടി രൂപയും 2022-23 ൽ 9,186 കോടി രൂപയും നേടി.
8 വർഷം, ഇരട്ടി തൊഴിൽ
2016-17 ൽ 3000 കോടി രൂപയായിരുന്നു ഐടി ഉൽപന്ന കയറ്റുമതിയുടെ മൂല്യം. അന്നു 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ചതുരശ്ര അടി ഐടി ഇടവുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ, 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി ഇടവും. എട്ടു വർഷം കൊണ്ടു സൃഷ്ടിക്കപ്പെട്ടത് ഇരട്ടിയിലധികം തൊഴിലവസരങ്ങൾ.
കാക്കനാട്ടെ പ്രധാന ക്യാംപസിലെ ഫെയ്സ് ഒന്ന്, ഫെയ്സ് രണ്ട് എന്നിവ കൂടാതെ തൃശൂർ ജില്ലയിലെ കൊരട്ടിയിലും ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും സാറ്റലൈറ്റ് ക്യാംപസുകളുണ്ട്. 87.46 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇൻഫോപാർക്ക് ഫെയ്സ് ഒന്നിലും രണ്ടിലും കൂടിയുള്ളത്. ഏകദേശം 67,000 ഐടി ജീവനക്കാരാണ് ഇവിടെയുള്ളത്. ഫെയ്സ് ഒന്നിലും രണ്ടിലുമായി 503 കമ്പനികളുണ്ട്. കൊരട്ടി ക്യാംപസിൽ 58 കമ്പനികളും 2000 ലേറെ ജീവനക്കാരുമുണ്ട്. 21 കമ്പനികളും മുന്നൂറിലേറെ ജീവനക്കാരുമുണ്ട് ചേർത്തല ക്യാംപസിൽ.
വഴിയൊരുക്കിയത് ഡിജിറ്റൈസേഷൻ
കോവിഡ് പ്രതിസന്ധി കാലത്ത് ആഗോള തലത്തിലുണ്ടായ ഡിജിറ്റൈസേഷനാണ് ഇൻഫോപാർക്കിന്റെ കയറ്റുമതി മികവിനു വഴിയൊരുക്കിയത്. കിട്ടിയ അവസരങ്ങൾ പാർക്ക് പരമാവധി മുതലാക്കി. ‘‘അവസരങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ ഇൻഫോപാർക്കിലെ കമ്പനികൾക്കായി.
കൂടുതൽ തൊഴിൽ അവസരങ്ങളും അതു മൂലമുണ്ടായി. പുതിയ ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ കമ്പനികൾ പരമാവധി പരിശ്രമിച്ചു.
ഐടി സേവനങ്ങൾക്ക് ആവശ്യവും കൂടുതലായിരുന്നു. മാറുന്ന സാങ്കേതികവിദ്യകൾക്ക് അനുസരിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധിച്ചതും നേട്ടമായി’’ – സിഇഒ സുശാന്ത് കുറുന്തിലിന്റെ വാക്കുകൾ.